കണ്ണൂർ: ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീശാക്തികരണ പ്രസ്ഥാനമായ കുടുംബശ്രീയിൽ ജനാധിപത്യ രീതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി ഉമ്മൻചാണ്ടി സർക്കാർ നടത്തുന്ന ഹീനശ്രമം   തിരുത്തണമെന്ന് സിപിഐ (എം) ജില്ല സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടു. മൂന്ന് തവണ ഇതിനകം തെരഞ്ഞെടുപ്പ് തീയതി നീട്ടി. നവംബർ 30നകം തെരഞ്ഞെടുപ്പ് നടത്തി ഡിസംബർ ഒന്നിന് ഭാരവാഹികൾ ചുമതലയേൽക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് ജനുവരി 20നകം തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയായപ്പോൾ വീണ്ടും തെരഞ്ഞെടുപ്പ് മാറ്റിവെച്ചുകൊണ്ട് പുതിയ ഉത്തരവ് എത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാൽ നടപടി ക്രമം പൂർത്തിയാക്കുന്നതിന് മുമ്പ് സർക്കാർ ഇടപെടുന്നത് അസാധാരണമായ നടപടിയാണ്. കമ്യൂണിറ്റി ഡവലപ്‌മെന്റ് സൊസൈറ്റി(സിഡിഎസ് ) തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രാഷ്ട്രിയം നടപ്പാവില്ല എന്ന് വ്യക്തമായതോടെയാണ് സർക്കാർ നേരെത്തെ ഇറക്കിയ ഉത്തരവിൽ അടിക്കടി മാറ്റം വരുത്തി തെരഞ്ഞെടുപ്പ് നീട്ടികൊണ്ടുപോകുന്നത.്

സാക്ഷരതാപ്രേരക്മാരെയും ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്ന ആശാവർക്കർമാരെയും ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി(എഡിസി) സെക്രട്ടറിമാരാക്കാമെന്നായിരുന്നു മാനദണ്ഡം. എന്നാൽ ഇപ്പോൾ പറയുന്നത് അത്പാടില്ല എന്നാണ്. പലസ്ഥലത്തും എഡിസി തെരഞ്ഞെടുപ്പ് പൂർത്തിയായി. സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ രാജിവെക്കേണ്ട സ്ഥിതിയാണിപ്പോൾ. ജനാധിപത്യ സംബ്രദായത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചാൽ കോടതി പോലും ഇടപെടാറില്ല. കോൺഗ്രസിന്റെ സങ്കുചിത രാഷ്ട്രിയം നടപ്പാക്കാൻ എന്തും ചെയ്യുമെന്നതിന്റെ തെളിവാണ് കുടുംബശ്രീ തെരഞ്ഞെടുപ്പ്. കുടുംബശ്രീയെ തകർക്കുന്നതിനായി  ജനശ്രീ ഉണ്ടാക്കിയ  പാർടിയാണ് കോൺഗ്രസ്.

 

 സ്ത്രീകൾ നല്ലനിലയിൽ പ്രതികരിച്ചതിന്റെ ഫലമായാണ് എഡിസി തെരഞ്ഞെടുപ്പ് നടന്നത്. അത് അട്ടിമറിക്കുന്നത് പ്രതിഷേധാർഹമാണ്. അനാവശ്യ സർക്കാർ ഇടപെടൽ അവസാനിപ്പിച്ചു നേരത്തെ നിശ്ചയിച്ചതുപോലെ തെരഞ്ഞെടുപ്പ് നടപടി പൂർത്തികരിക്കാൻ ബഹുജനങ്ങളുടെ ശക്തമായ ഇടപെടൽ ഉണ്ടാവണമെന്ന് പി ജയരാജൻ പ്രസ്താവനയിൽ അഭ്യർഥിച്ചു.