കണ്ണൂർ: കണ്ണൂർ- യശ്വന്തപൂർ ട്രെയിൻ സർവീസ് പിൻവലിക്കരുതെന്നും നിലവിലുള്ള സ്ഥിതി തുടരണമെന്നും സിപിഐ എം ജില്ല  സെക്രട്ടറിയറ്റ്  പ്രസ്താവനയിൽ  ആവശ്യപ്പെട്ടു. ബംഗളൂരുവിൽ വിവിധ ആവശ്യങ്ങൾക്ക് പോയിവരുന്നവർക്ക് ആശ്വാസമായിരുന്ന വണ്ടി കർണാടകയിലെ കാർവാറിലേക്ക് നീട്ടുന്നതിനായാണ് കണ്ണൂരിലേക്കുള്ള സർവീസ് ജൂലൈ 2 മുതൽ നിർത്തുന്നത്. മറ്റൊരു സ്ഥലത്തേക്ക് നീട്ടുന്നതിനായി നിലവിലുളള സർവീസ് അവസാനിപ്പിക്കുന്നത് അംഗീകരിക്കാനാവുന്നതല്ല. കോടതി വിധിയുടെ മറവിൽ കേരളത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമായ വണ്ടി നിർത്തുന്നതിന് പകരം  കാർവാറിലേക്ക് പുതിയ വണ്ടി ഓടിക്കുകയാണ് റെയിൽവെ ചെയ്യേണ്ടത്. യാത്രായിനത്തിൽ കൂടുതൽ വരുമാനം നൽകുന്ന സംസ്ഥാനമായ കേരളത്തോട്  റെയിൽവെ കാണിക്കുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണ് യശ്വന്തപൂർ ട്രയിൻ നിർത്തൽ.        

 

ബംഗളുരുവിലെ മലയാളികളിൽ പകുതിയിലധികം പേർ വടക്കെ മലബാറിലുളളവരാണ്. ദിനംപ്രതി പതിനായിരക്കണക്കിനാളുകളാണ് ബംഗ്‌ളൂരുവിലേക്ക് പോകുന്നത്. അവരുടെ യാത്രാ ദുരിതത്തിന് പരിഹാരമെന്ന നിലയിലാണ് നിരന്തരമായ ആവശ്യത്തെ തുടർന്നു കണ്ണൂരിൽ നിന്ന് മംഗളൂരുവഴി 2009 ഡിസംബറിൽ  യശ്വന്തപൂർ ട്രെയിൻ സർവീസ്  ആരംഭിച്ചത്. മലബാർ വഴി രണ്ട് ട്രെയിൻ മാത്രമാണ് ഈ ഭാഗത്തേക്ക് സർവീസ് നടത്തുന്നത്. അതിലൊന്ന് നിർത്തുന്നതോടെ യാത്രാ ദുരിതം വിവരണാതീതമാവും. അതിനാൽ നിലവിലുളള സ്ഥതി തുടരണമെന്നും  പ്രസ്താവനയിൽ ആവശ്യപ്പെട്ടു.