കണ്ണൂർ : കലക്‌ട്രേറ്റിലേക്ക് സമാധാനപരമായി മാർച്ച് നടത്തിയ വിദ്യാർഥികളെ പൊലീസ് അതിക്രൂരമായ കടന്നാക്രമിച്ചതിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറിയറ്റ് ശക്തമായ പ്രതിഷേധവും രോഷവും രേഖപ്പെടുത്തി. ഉമ്മൻചാണ്ടി ഗവർമെണ്ടിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരായ വികാരമാണ് കേരളമെങ്ങും വിദ്യാർഥി സമൂഹം പ്രകടിപ്പിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ ഗവർമെണ്ടിന്റെ തെറ്റായ നടപടികളിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഈ അടിസ്ഥാന തത്വം കാറ്റിൽപറത്തി സമരങ്ങളെ ചോരയിൽ മുക്കി അവസാനിപ്പിക്കാനാണ് ഉമ്മൻചാണ്ടി സർക്കാർ ശ്രമിക്കുന്നത്. ഇത് കേരളത്തിൽ വിലപ്പോവില്ല.

കഴിഞ്ഞ ദിവസം തലസ്ഥാനത്തും മറ്റിടങ്ങളിലും നടന്ന കിരാതമായ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിക്കാനാണ് എസ്എഫ്‌ഐ വ്യാഴാഴ്ച കണ്ണൂർ കലക്ട്രറ്റിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന മാർച്ച് തികച്ചും സമാധാനപരമായിരുന്നു. എന്നാൽ കണ്ണൂരിൽ പുതുതായി ചാർജ് എടുത്ത ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ മുൻവിധിയോടെയാണ് മാർച്ചിനെ നേരിട്ടത്. എസ് എഫ് ഐ ജില്ലാസെക്രട്ടറി വി കെ സനോജ് ഉൾപടെ 15 വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാർഥികളെ തലക്കടിച്ചു വീഴ്ത്തുകയായിരന്നു. ജല പീരങ്കി ഉപയോഗിച്ചും വിദ്യാർഥികളെ അവശരാക്കി.

രാവിലെ മുതൽ തന്നെ കലക്‌ട്രേറ്റ് പരിസരത്ത് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആയുധമേന്തിയ നൂറുകണക്കിന് പൊലീസുകാരെ അണിനിരത്തി. ജല പീരങ്കിയും ബാരിക്കേഡും ഗ്രനേഡും മറ്റ് മർദ്ദന സംവിധാനങ്ങളുമായാണ് വിദ്യാർഥികളെ നേരിടാൻ പൊലീസ് ഒരുങ്ങിയത്. സ്‌കൂൾ വിദ്യാർഥകളടക്കമുള്ളവർ പങ്കെടുത്ത മാർച്ച് സ്‌റ്റേഡിയം കോർണറിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ വിദ്യാർഥികളെ വളഞ്ഞുവെച്ച് ആക്രമിക്കുന്നതിന് വ്യത്യസ്ത കേന്ദ്രങ്ങളിൽ പൊലീസ് നിലയുറപ്പിച്ചിരുന്നു. വിദ്യാർഥികളെ ആക്രമിക്കുന്നതിന് നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

 

വിദ്യാർഥി സമരത്തെ മർദ്ദിച്ചൊതുക്കാനുള്ള സർക്കാറിന്റെയും പൊലീസിന്റെയും നീക്കം ആപൽക്കരമാണ്. ഭാവിയുടെ വാഗ്ദാനങ്ങളായ വിദ്യാർഥികൾ സാമൂഹ്യ നീതിക്കായുള്ള മുദ്രാവാക്യവുമായി പ്രക്ഷോഭ രംഗത്തിറങ്ങുമ്പോൾ ആക്രമിച്ചു കീഴ്‌പെടുത്തുന്നത് കാടത്തമാണ്. .ഇതിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം സംഘടിപ്പിക്കും. പൊലീസ് തേർവാഴ്ചക്കെതിരെ മൂഴൂവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.