തളിപ്പറമ്പ് മേഖലയിലെ അക്രമത്തിന്റെ ഉത്തരവാദി പൊലീസ്: സിപിഐ എം

കണ്ണൂർ:തളിപ്പറമ്പ് മേഖലയിൽ മുസ്ലീംലീഗ് ക്രിമിനലുകളുടെ അക്രമത്തിനും കൊള്ളയ്ക്കും കൊള്ളിവെപ്പിനും പൂർണ ഉത്തരവാദി ഉമ്മൻചാണ്ടിയുടെ പൊലീസാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.  ലീഗ് ക്രിമിനലുകൾക്ക് അക്രമത്തിന് ആവശ്യമായ ഒത്താശചെയ്തു കൊടുത്തത് പൊലീസാണ്. പൊലീസിന്റെ നിഷ്‌ക്രീയത്വമാണ് പട്ടുവത്തും തളിപ്പറമ്പിലും ഭീകരാവസ്ഥ സൃഷ്ടിച്ചത്.

കഴിഞ്ഞ ദിവസം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് രക്തം വാർന്ന് മരിച്ച നിർഭാഗ്യകരമായ സംഭവമുണ്ടായി. ഇതിനെ തുടർന്നാണ് ലീഗ് ക്രിമിനലുകൾ തളിപ്പറമ്പിലും പരിസരത്തും അഴിഞ്ഞാടിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജില്ലാപൊലീസ് വ്യക്തമാക്കിയതാണ്. അതിന് ശേഷമാണ്  നിരപരാധികളുടെ വീടുകളും സാംസ്‌കാരിക-സഹകരണ സ്ഥാപനങ്ങളും കടകളും സൊസൈറ്റിയുടെ കള്ളുഷാപ്പുകളും പാർടി ഓഫീസുകളും അക്രമിക്കപ്പെടുന്നത്. ലീഗ് ജില്ലാനേതൃത്വത്തിന്റെ അറിവോടെയാണ് അക്രമങ്ങൾ നടന്നതെന്ന് വ്യക്തം. മാന്ധംകുണ്ടിൽ കോൺഗ്രസുകാരനായ പുതുശേരിയിൽ ജനാർദ്ദന്റെ കട അക്രമിക്കുകയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്.

എംഎൽഎമാരായ ജെയിംസ് മാത്യുവും ടി വി രാജേഷും തളിപ്പറമ്പ്, പട്ടുവം മേഖലയിൽ അക്രമം നടക്കാൻ ഇടയുണ്ടെന്നും സിപിഐ എം പ്രവർത്തകരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകണമെന്നും ജില്ലാപൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. നൂറോളം പൊലീസുകാർ  ഈ പ്രദേശങ്ങളിൽ ആയുധ സജ്ജമായി എത്തിയെങ്കിലും സംരക്ഷണം നൽകാൻ തയ്യാറായില്ല. അക്രമം നടക്കുമ്പോൾ പൊലീസ് നോക്കുകുത്തിയായിരുന്നു. മിക്കയിടത്തും അക്രമികൾക്ക് കാവൽ നിന്നത് പൊലീസായിരുന്നു. പൊലീസ് സാന്നിധ്യമുണ്ടായ സ്ഥലങ്ങളിലാണ് കൂടുതൽ അക്രമം നടന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പരാതിപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ല.  ഇവിടെയുണ്ടായ അക്രമത്തിലെ ഒന്നാംപ്രതി പൊലീസാണ്. അതിനാൽ ഇതുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കണം.

അക്രമം മാത്രമല്ല, വൻ കവർച്ചയും കൊള്ളയും നടന്നിട്ടുണ്ട്. തളിപ്പറമ്പ് പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് വർഷമായി ലീഗ് അക്രമത്തിന് പ്രധാനമായും ഇരയാവുന്നത് സാംസ്‌കാരിക സ്ഥാപനങ്ങളാണ്. ഇക്കുറി പുസ്തകം നശിപ്പിക്കുക മാ്രതമല്ല, ചുട്ടെരിക്കുകയും ചെയ്തിട്ടുണ്ട്. ലീഗുകാരുടെ അക്ഷരവിരോധം ഇതിൽ നിന്ന് വ്യക്തമാണ്. സാം്‌സ്‌കാരിക സ്ഥാപനങ്ങൾ തകർക്കുന്നതുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വത്തിന് എന്താണ് പറായാനുള്ളതെന്ന് വ്യക്തമാക്കണം.  കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിൽ 9 സാംസ്‌കാരിക സ്ഥാപനങ്ങളാണ് തകർക്കപ്പെട്ടത്. ഇതിൽ മിക്കതും ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട ഗ്രന്ഥശാലകളാണ്. ആയിരക്കണക്കിന് പുസ്തകങ്ങളാണ് അക്രമത്തിന്റെ ഭാഗമായി നശിപ്പിക്കപ്പെട്ടത്.

 തളിപ്പറമ്പ്, പട്ടുവം, മുറിയാത്തോട്, കാവുങ്കൽ, പറപ്പൂൽ, മാന്ധംകുണ്ട്,പുളിമ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ഒമ്പത്  സാംസ്‌കാരിക സ്ഥാപനങ്ങൾ, ഏഴ് കടകൾ, മൂന്ന് വീടുകൾ, രണ്ട് കള്ള്ഷാപ്പുകൾ, ബാങ്ക് ഉൾപ്പെടെ അഞ്ച് സഹകരണ സ്ഥാപനങ്ങൾ, മൂന്ന് സിപിഐ എം ഓഫീസുകൾ എന്നിവയാണ് തകർക്കപ്പെട്ടത്.

 

കേളരത്തിലെ പൊലീസിനെ ഭരിക്കുന്നത് ഉമ്മൻചാണ്ടിയല്ല, കുഞ്ഞാലിക്കുട്ടിയാണെന്ന് ഈ സംഭവത്തിലൂടെ തെളിഞ്ഞു. ഈ ഭരണത്തിൽ എന്തും നടത്താമെന്ന ധിക്കാരമാണ് ലീഗിനെ നയിക്കുന്നത്. ഇതിനെതിരെ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.