കണ്ണൂർ : യു ഡി എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് കണ്ണൂർ ജില്ലയെ പൂർണ്ണമായും അവഗണിച്ചതിൽ സി പി ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. മലബാർ മേഖലയുടെ വികസന പിന്നോക്കാവസ്ഥ ശരിയായി കണ്ട് മലബാർ വികസന പാക്കേജ് പ്രഖ്യാപിച്ച എൽ ഡി എഫ് സർക്കാരിന്റെ സമീപനം ഈ സർക്കാർ പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. മലബാർ വികസന പാക്കേജിന്റെ തുടർ പ്രവർത്തനങ്ങൾക്ക് യാതൊരു തുകയും അനുവദിച്ചിട്ടില്ല. സമഗ്ര റോഡ് വികനത്തിന് 40,000 കോടി രൂപ എൽ ഡി എഫ് സർക്കാർ നീക്കിവച്ച സ്ഥാനത്ത് 1,000 കോടി രൂപയുടെ പദ്ധതിയായി വെട്ടിച്ചുരുക്കുകയും ഈ വർഷം കേവലം 200 കോടി രൂപ മാത്രം നീക്കിവെക്കുകയുമാണ് ചയ്തത്.

ജനിക്കുന്ന ഓരോ കുഞ്ഞിനും എൽ ഡി എഫ് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ നിക്ഷേപിക്കുന്ന പദ്ധതി പോലും ഉപേക്ഷിച്ചിരിക്കുകയാണ്. കണ്ണൂർ വിമാനത്താവിളത്തിനും മൊയ്തു പാലത്തിന് സമാന്തര പാലവും നേരത്തെ എൽ ഡി എഫ് ബജറ്റിൽ പ്രഖ്യാപിച്ച കാര്യങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ സ്വാഭാവിക തുടർച്ചയായാണ് യു ഡി എഫ് പ്രഖ്യാരിച്ചിട്ടുള്ളത്. ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനോ കെ എസ് ടി പി അടക്കമുള്ള റോഡ് വികസന പദ്ധതി തുടരുന്നതിനോ ഉള്ള പരാമർശമോ പോലും ബജറ്റിലില്ല.

വടക്കേ മലബാറിന്റെ വികസനത്തിന് വൻ പ്രധാന്യം നൽകികൊണ്ട് എൽ ഡി എഫ് സർക്കാർ അഴീക്കൽ തുറമുഖ വികസനത്തിന് എല്ലാ വർഷവും ഫണ്ട് വകയിരുത്തിയിരുന്നു. ഇതുമായി ബൂന്ധപ്പെട്ട് ഒരു പരാമർശം പോലും ബജറ്റിലില്ല.

ദേശീയ ഗയിംസിന്റെ ഭാഗമായി വികസിപ്പിക്കുമെന്ന് എൽ ഡി എഫ് സർക്കാർ പ്രഖ്യാപിച്ച മുണ്ടയാട് സ്‌പോർട്‌സ് കോംപ്ലക്‌സിന് ഒരു പൈസ പോലും വകയിരുത്തിയില്ല. ജില്ലയിലെ പരമ്പരാഗത വ്യവസായങ്ങൾക്ക് എല്ലാ വർഷവും എൽ ഡി എഫ് സർക്കാർ പ്രത്യേക പരിഗണന നൽകിയിരുന്നെങ്കിലും യു ഡി എഫ് ബജറ്റിൽ ബീഡി, കൈത്തറി മേഖല സംബന്ധിച്ച് ഒരു വാക്ക് പോലും രേഖപ്പെടുത്തിയിട്ടില്ല.

 

മലബാർ മേഖലയിൽ പൊതുവിലും കണ്ണൂർ ജില്ലയിൽ പ്രത്യേകിച്ചും നടന്നുകൊണ്ടിരിക്കുന്ന നാനാമേഖലയിലെ വികസന പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുന്നതും പുതിയ യാതൊരു പദ്ധതികളും പ്രഖ്യാപിക്കാത്തതുമായ ബജറ്റ് തികച്ചും നിരാശാജനകമാണ്. ജില്ലയോട് കാണിച്ച ഈ അവഗണനയിൽ സെക്രട്ടറിയേറ്റ് കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തുന്നു.