കണ്ണൂർ : ശ്രീകണ്ഠപുരം എസ് ഇ എസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ് എഫ് ഐ പ്രവർത്തകരെ ആഹ്ലാദ പ്രകടനം നടത്തവെ അറസ്റ്റ ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും മൗലിക അവകാശങ്ങൾക്ക് നേരെയുള്ള കടന്ന് കയറ്റമാണെന്ന് സി പി ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തുന്നത് തടഞ്ഞ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് ജനാധിപത്യ സമൂഹത്തിൽ കേട്ട്‌കേൾവിപോലും ഇല്ലാത്തതാണ്. പ്രകടനം നടത്താനുള്ള അവകാശം ഭരണഘടനാദത്തമായ മൗലിക അവകാശമാണ്. ജില്ലയിൽ ക്രമസമാധാന പ്രശ്‌നങ്ങളോ നിരോധനാജ്ഞയോ നിലവിലില്ല. അത്തരമൊരു സാഹചര്യത്തിൽ ആഹ്‌ളാദ പ്രകടനം പോലും നടത്തരുതെന്ന പോലീസ് മേധാവിയുടെ ഉത്തരവ് ജനാധിപത്യക്രമത്തോടുള്ള വെല്ലുവിളിയാണ്.

 

ജില്ലാ പോലീസ് മേധാവി തുടർച്ചയായി ഇത്തരത്തിലുള്ള അപക്വമായ ഉത്തരവുകൾ പുറപ്പെവിച്ചുകൊണ്ടിരിക്കുകയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ ജനവിരുദ്ധമായ പോലീസ് നയമാണ് ഇതിലൂടെ വെളിച്ചത്ത് വരുന്നത്. സംസ്ഥാന സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ-വിദ്യാഭ്യാസ നയങ്ങൾക്കെതിരായ വിദ്യാർത്ഥി സമൂഹത്തിന്റെ ശക്തമായ പ്രതിഷേധമാണ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. വിദ്യാഭ്യാസ കച്ചവടത്തിനെതിരായി എസ് എഫ് ഐ നടത്തിയ സമരത്തിനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിധി. ഈ വിജയത്തിൽ അസഹിഷ്ണുതയുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ആഗ്രഹമാണ് ജില്ലാ പോലീസ് മേധാവി ഇതിലൂടെ നടപ്പിലാക്കി.യത് ആഹ്ലാദ പ്രകടനം നടത്തിയ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത നടപടിയിൽ ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിക്കുന്നു. ജനാധിപത്യ അവകാശങ്ങൾക്ക് നേരെയുള്ള ഇത്തരം കടന്നാക്രമണങ്ങളെ പ്രതിരോധിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.