കണ്ണൂർ : സംസ്ഥാന മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർക്ക് രാഷ്ട്രീയമായ ഊരുവിലക്ക് പ്രഖ്യാപിക്കുന്ന ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ ശ്രമം നിന്ദ്യവും പ്രതിഷേധാർഹവുമാണെന്ന് സി പി ഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

കണ്ണൂർ ജില്ല സഹകരണ ബേങ്കിന്റെ കോർ ബാങ്കിങ്ങ് സംവിധാനം ഉൽഘാടനം ചെയ്യുന്നതിന് സഹകരണ വകുപ്പ് മന്ത്രി ശ്രീ സി എൻ ബാലകൃഷ്ണൻ പരിപാടി നൽകിയിരുന്നതാണ്. എന്നാൽ ജില്ലയിലെ കോൺഗ്രസ് നേതൃത്വം മന്ത്രിക്ക് ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്നാണ് മന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ എത്താതിരുന്നത്.

സഹകരണ ഹോസ്പിറ്റൽ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തതിനെതിരായി കോൺഗ്രസ് നേതാക്കൾ ആക്ഷേപം ഉന്നയിച്ചതായാണ് മനസിലാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാർ കോൺഗ്രസിന്റെ സ്വകാര്യ സ്വത്തല്ലെന്ന് കോൺഗ്രസ് നേതാക്കൾ മനസിലാക്കണം. അതിനൊത്ത നിലപാട് സ്വീകരിക്കുന്ന മന്ത്രി സത്യപ്രതിജ്ഞ ലംഘനവുമാണ് നടത്തുന്നത്.

സഹകരണ മേഖലയിൽ സി പി ഐ (എം) പ്രവർത്തകർ നയിക്കുന്ന ഭരണ സമിതികളും ഉണ്ട്. ഈ സഹകരണ സ്ഥാപനങ്ങളുടെ പരിപാടികളിൽ മന്ത്രി പങ്കെടുക്കുന്നതിന് വിലക്കുണ്ടോ എന്ന കാര്യം മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി വ്യക്തമാക്കണം.

 

സങ്കുചിതവും ജനാധിപത്യ വിരുദ്ധവുമായി രാഷ്ട്രീയ താൽപര്യങ്ങൾ പ്രകടിപ്പിക്കുന്ന കോൺഗ്രസ് നേതാക്കളുടെ ഈ സമീപനത്തിനെതിരായി ശക്തമായ ജനവികാരം ഉയർന്നു വരണമെന്നും പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.