കണ്ണൂർ: ജനാധിപത്യം കശാപ്പ് ചെയ്ത് ജില്ലാ സഹകരണ ബേങ്ക് പിടിച്ചെടുക്കാനുള്ള നീക്കത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും സഹകാരികളും പ്രതിഷേധിക്കണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

          തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഭരണസമിതിയെ പിരിച്ച് വിട്ട് അഡ്മിനിസ്‌ട്രേറ്ററെ ജില്ലാ ബേങ്കിന്റെ തലപ്പത്ത് കൊണ്ടു വന്നത് യുഡിഎഫ് സർക്കാർ കൊണ്ടു വന്ന ഓർഡിനൻസിലൂടെയാണ.് ക്രഡിറ്റ് സംഘങ്ങളുടെ അപ്പക്‌സ് സംഘമായ ജില്ലാ ബേങ്കിൽ സ്വാഭാവികമായും ക്രഡിറ്റ് സംഘങ്ങൾക്ക് മാത്രമാണ് വോട്ടവകാശം. ഇത് സഹകരണ കോൺഗ്രസ് അംഗീകരിച്ച പൊതു തത്വമാണ്. എന്നാൽ ലിക്വിഡേറ്റ് ചെയ്തതും പ്രവർത്തന രഹിതവുമായ സംഘങ്ങൾക്കടക്കം വോട്ടവകാശം നൽകുന്നതാണ് യുഡിഎഫ് സർക്കാർ കൊണ്ടു വന്ന ഓർഡിനൻസ്. അഡ്മിനിസ്‌ട്രേറ്റർ ഭരണം ഒരു വർഷമായിട്ടും തെരഞ്ഞെടുപ്പ നടത്താതെ നീട്ടി കൊണ്ടു പോകുകയാണ് യുഡിഎഫ് സർക്കാർ. തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ ജില്ലാ ബേങ്ക് ബൈലോവിലും നിയമത്തിനനുസൃതമായ ഭേദഗതി കൊണ്ടു വരണം. അതിനാണ് ജില്ലാ ബേങ്ക് വിശേഷാൽ ജനറൽ ബോഡി യോഗം വിളിച്ച് ചേർത്തത്. ജനറൽ ബോഡിയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷം കടലാസ് സംഘങ്ങൾക്ക് വോട്ടവകാശം നൽകുന്നതിനോട് യോജിക്കില്ല. അപ്പോൾ നിയമന അഴിമതി കേസിൽ കോടതി ശിക്ഷിച്ച കോൺഗ്രസ് നേതാവ് എം നാരായണൻകുട്ടിയുടെ നേതൃത്വത്തിൽ ന്യൂനപക്ഷം വരുന്ന പ്രതിനിധികൾ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഭൂരിപക്ഷ ഹിതത്തിന് വിരുദ്ധമായി കൃത്രിമ രേഖകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. പങ്കെടുത്ത പ്രതിനിധികളിൽ ഭൂരിപക്ഷം പേരും അധ്യക്ഷനായി തെരഞ്ഞെടുത്തത് മുൻ ജില്ലാ ബേങ്ക് പ്രസിഡന്റും പന്ന്യന്നൂർ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റുമായ പി ഹരീന്ദ്രനെയാണ്. പി. ഹരീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗ തീരുമാനമാണ് എല്ലാ ബേങ്ക് അഡ്മിനിസ്‌ട്രേറ്ററും ഉദ്യോഗസ്ഥരും കോടതിയെ അറിയിക്കേണ്ടത്. സഹകരണ സംഘം രജിസ്ട്രാരുടെ മാർഗ്ഗരേഖ അനുസരിച്ചുള്ള നടപടി ക്രമം പാലിച്ച് നടത്തിയ ജനറൽ ബോഡി യോഗത്തിലെ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാതെ ജനാധിപത്യം കശാപ്പ് ചെയ്യാൻ ഒരുമ്പെട്ടാൽ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

 

          എൽഡിഎഫ് ഭരണസമിതി അംഗത്വം നൽകിയ 31 സംഘങ്ങൾക്ക് വോട്ടവകാശം നിഷേധിച്ച നടപടി തികച്ചും അപലപനീയമാണ്. ഇത്തരം ജനാധിപത്യ കശാപ്പിനെതിരെ സഹകാരികളും ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.