എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ എം. ഷാജറിന്റെ വീട് റെയ്ഡ് ചെയ്യുകയും ഭീകരത സൃഷ്ടിക്കുകയും ചെയ്ത പോലീസ് നടപടിയിൽ സി.പി.ഐ (എം) ജില്ല സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. കണ്ണൂർ സർവ്വകലാശാല മുൻ ചെയർമാനും എസ്.എഫ്.ഐ നേതാവുമായ ഷാജറിനെതിരെ വധശ്രമമുൾപ്പെടെ കള്ളക്കേസുകളാണ് പോലീസ് ചുമത്തിയത്.

നിസാര സംഭവങ്ങളുടെ പേരിൽ വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് എസ്.എഫ്.ഐ പ്രവർത്തകരുടെ പേരിൽ തുടർച്ചയായി കള്ളക്കേസുകൾ ചുമത്തുകയാണ്. നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ട് അമ്പതോളം എസ്.എഫ്.ഐ പ്രവർത്തകർ ഇതിനകം ജയിലിലടക്കപ്പെട്ടിട്ടുണ്ട്. വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ദിവസങ്ങളോളം അന്യായമായി ജയിലിലടക്കുന്ന സമീപനമാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ സ്വീകരിക്കുന്നത്. എസ്.എഫ്.ഐ ജില്ലാസെക്രട്ടറിയായ ഷാജറിനെതിരെ ഈയിടെയാണ് കള്ളക്കേസ് ചുമത്തി 33 ദിവസം ജയിലിലടച്ചത്.

അതേസമയം ഗുരുതരമായ കുറ്റം ചെയ്താലും കെ.എസ്.യു പ്രവർത്തകർക്ക് നേരെ കേസെടുക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും പോലീസ് തയ്യാറായിട്ടുമില്ല. പോലീസിനെ കെ.എസ്.യു കാർ വളഞ്ഞിട്ട് തല്ലുന്ന സംഭവം ഈയിടെയാണുണ്ടായത്. കെ.എസ്.യുക്കാർ നടത്തിയ എസ്.പി. ഓഫീസ് മാർച്ചിനിടെ ഒരു പോലീസുകാരന്റെ കൈ തല്ലിയൊടിക്കുന്ന സംഭവവുമുണ്ടായി. ഇത്തരം സംഭവങ്ങളിലെല്ലാം നിസാരവകുപ്പുകൾ ചുമത്തി പേരിന് കേസെടുക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത്. എസ്.എൻ കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായ അറാഫത്തിന്റെ തലയടിച്ച് പൊളിച്ച കെ.എസ്.യുക്കാർക്കെതിരെ നിസാര വകുപ്പ് ചാർത്തി കേസെടുത്ത പോലീസ് അക്രമിക്കപ്പെട്ട് തലപൊട്ടി ദിവസങ്ങളോളം ആശുപത്രിയിലായ അറാഫത്തിനെതിരെ വധശ്രമത്തിന് കേസെടുത്ത് ജയിലിലടക്കുകയാണ് ചെയ്തത്.

ജില്ലയിൽ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട കേസുകൾ കെ സുധാകരന്റെ പേരിൽ വെളിപ്പെടുത്തൽ ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത പോലീസാണ് പുലർച്ചെ 3 മണിക്ക് ഭീകരരെ നേരിടുന്നതുപോലെ ഷാജറിനെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പോലീസിന്റെ രണ്ട് നീതിയും രണ്ട് നിയമവും എന്ന കാര്യം ഒരിക്കൽ കൂടി ഇതിലൂടെ വെളിപ്പെടുകയാണ്.

 

എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കള്ളക്കേസ് ചുമത്തി ജയിലിലടച്ചും വിദ്യാർത്ഥി നേതാക്കളുടെ വീട് റെയ്ഡ് ചെയ്ത് ഭീകരത സൃഷ്ടിച്ചും കോൺഗ്രസിന് ഒളിസേവ ചെയ്യുകയാണ് ജില്ലയിലെ പോലീസ് ചെയ്യുന്നത്. ഇതിനെതിരായി ശക്തമായ പ്രതിഷേധമുയർന്നുവരണമെന്ന് ജില്ല സെക്രട്ടറിയേറ്റ്  അഭ്യർത്ഥിച്ചു.