കണ്ണൂർ : വ്യാഴാഴ്ച കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുക്കണമെന്ന് സി പി ഐ (എം) ജില്ല സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടു.

 

കൈകൊണ്ട് അക്രമിച്ചു എന്ന നിസാര വകുപ്പ് ചുമത്തിയാണ് പ്രതികൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്. പോലീസുകാരനെ അക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും കൊടിയുടെ നിറം നോക്കിയാണ് കേസിന്റെ വകുപ്പ് നിശ്ചയിക്കുന്നത് എന്നത് രണ്ട് നിയമവും രണ്ട് നീതിയും എന്ന നില ഉമ്മൻ ചാണ്ടി ഭരണത്തിൽ വീണ്ടും ആവർത്തിക്കുന്നു എന്നതിനുള്ള ഒടുവിലെത്തെ ഉദാഹരണമാണ് കാണിക്കുന്നത്. ദൃശ്യങ്ങളിൽ കാണുന്നത് പോലെ മാരകമായി പരിക്കേൽക്കുന്ന നിലയിൽ വടിയും മറ്റും ഉപയോഗിച്ചാണ് പോലീസുകാരനെ അക്രമിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ ക്രിമിനലുകളാണ് ഈ അക്രമങ്ങൾ നടത്തിയതെന്ന് വ്യക്തമാണ്. ബസ് ചാർജ് വർദ്ധനവിനെതിരെ പ്രതിഷേധ സമരം നടത്തിയ എസ് എഫ് ഐ പ്രവർത്തകരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചതും യൂത്ത് കോൺഗ്രസ് റാലി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ മദ്യ ലഹരിയിൽ മൃഗീയമായി അക്രമിച്ച് പരിക്കേൽപ്പിച്ചതും ഇതേ ക്രിമിനൽ സംഘം തന്നെയാണ്. ആയതിനാൽ ഈ ക്രിമിനൽ സംഘത്തിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ഇതിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്നും ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.