കണ്ണൂർ : കണ്ണാടിപ്പറമ്പിൽ നടത്തുന്ന അതിരുദ്രയജ്ഞം ആർ എസ് എസിന്റെ പ്രചരണ വേദിയാക്കിയതിൽ സി പി ഐ (എം) ജില്ല സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിക്കുന്നു.

 

സർവ്വ ചരാചരങ്ങളുടെയും അഭിവൃദ്ധി ലാക്കാക്കിയാണ് ഈ യജ്ഞമെന്നാണ് സംഘാടകർ അവകാശപ്പെട്ടത്. എന്നാൽ ഹിന്ദുക്കൾ ഒഴികെയുള്ളവർ ഇരുകാലി  മൃഗങ്ങളാണെന്ന് കരുതുകയും മത ന്യൂനപക്ഷങ്ങളെയും കമ്മ്യൂണിസ്റ്റ്കാരെയും  വേട്ടയാടുകയും ചെയ്യുന്ന ആർ എസ് എസ് സംഘപരിവാരത്തിന്റെ ആശയ പ്രചരണങ്ങളാണ് യജ്ഞത്തിന്റെ മറവിൽ നടന്നുവരുന്നതെന്ന് വ്യക്തമായിരിക്കുന്നു. സംഘപരിവാർ നേതാക്കളായ കുമ്മനം രാജശേഖർ മുതൽ മത ഭ്രാന്ത് പ്രചരിപ്പിക്കുന്ന ശശികല വരെ ഇവിടെ നടത്തിയ പ്രസംഗങ്ങൾ അന്യ മത വിരോധവും വർഗ്ഗീയതയും പ്രചരിപ്പിക്കുന്ന തരത്തിലുള്ളതാണ് സർക്കാർ ഇക്കാര്യം ഗൗരവത്തിലെടുത്ത് മത ഭ്രാന്ത് പ്രചരിപ്പിക്കുന്നവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ കൈകൊള്ളണം. മാത്രമല്ല ഈ വർഗ്ഗീയ ഫാസിസ്റ്റ് നേതാക്കളുടെ പ്രസംഗത്തിൽ നാം നേടിയ ദേശീയ സ്വാതന്ത്ര്യത്തെ തന്നെ അപഹസിക്കുന്ന ഭാഗം ഉള്ളതായാണ് മനസിലാക്കുന്നത്. ആർ എസ് എസിന്റെ സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടാണ് ഇവരെല്ലാം പ്രചരിപ്പിക്കുന്നത്. സോണിയ ഗാന്ധിയുടെ മത പശ്ചാത്തലം പറഞ്ഞ് ന്യൂനപക്ഷ വിരോധം ആളികത്തിക്കാനുള്ള വാദങ്ങളും ഈ പ്രസംഗങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. യജ്ഞത്തിന്റെ ആചാര്യന്മാരായി പ്രഖ്യാപിക്കപ്പെട്ടവരിൽ നിന്നും അതിന്റെ നേതൃത്വം തന്നെ സംഘപരിവാരത്തിന്റെ കൈകളിലേക്ക് എത്തിയതെങ്ങിനെയെന്ന് സംഘാടകർ വ്യക്തമാക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.