കണ്ണൂർ :വളപട്ടണം പോലീസ് സ്റ്റേഷനിൽ നിന്നും മണൽ മാഫിയാ സംഘക്കാരെ ബലം പ്രയോഗിച്ച് മോചിപ്പിക്കാനെത്തിയ സുധാകരനും സംഘത്തിനുമെതിരെ നിസ്സാര വകുപ്പുകൾ ചുമത്തി കേസ് എടുത്തുകൊണ്ട് സംഭവത്തെ ലഘൂകരിക്കാനുള്ള നീക്കത്തിനെതിരെ നവംബർ 9 ന് രാവിലെ 10 മണിക്ക് കലക്‌ട്രേറ്റിനു മുമ്പിൽ എംഎൽഎ മാരും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉൾപ്പെടെ പങ്കെടുത്ത് സത്യാഗ്രഹസമരം സംഘടിപ്പിക്കുവാൻ സിപിഐ(എം) ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

മണൽ മാഫിയാ സംഘക്കാരെ ബലം പ്രയോഗിച്ച് ഇറക്കി കൊണ്ടുപോകുന്നതിന്റെയും പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രോശിച്ച് അസഭ്യവർഷം ചൊരിയുന്നതിന്റെയും ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. എന്നാൽ ഗൗരവമുള്ള കുറ്റം ചെയ്‌തെന്ന് വ്യക്തമായിട്ടും പോലീസ് സ്റ്റേഷനിൽ നിന്ന് തന്നെ ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത്.

 

കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശാനുസരണമാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന ഗുരുതരമായ ഈ കുറ്റകൃത്യത്തെ ലഘൂകരിക്കാനുള്ള നീക്കം നടത്തിയത് എന്ന് മാത്രമല്ല മണൽ മാഫിയാ സംഘം വാഹനമിടിച്ച്  അപായപ്പെടുത്താൻ ശ്രമിച്ചിട്ടും, അവരെ കസ്റ്റഡിയിലെടുത്ത് കേസെടുത്ത പോലീസുകാരെ പ്രതിക്കൂട്ടിലാക്കാനാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. പത്രസമ്മേളനം നടത്തിയതിന്റെയും പ്രകടനത്തിൽ പങ്കെടുത്തിയതിന്റെയും പേരിൽ വധശ്രമത്തിനുൾപ്പെടെ കേസെടുക്കുന്ന പോലീസ് അങ്ങേയറ്റം പക്ഷപാതപരമായാണ് പെരുമാറുന്നത്. യുഡിഎഫ് ഭരണത്തിൽ കോൺഗ്രസ്-ലീഗ് നേതൃത്വമാണ്  പോലീസ് സ്റ്റേഷനുകളെപോലും ഭരിക്കുന്നത്. ഇതിനെതിരായി മുഴുവൻ ജനാധിപത്യവിശ്വാസികളും പ്രതികരിക്കണമെന്ന് സിപിഐ(എം) ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.