കണ്ണൂർ :അഴീക്കോട് എം എൽ എ ഷാജി നടത്തുന്ന സ്വകാര്യ പെൻഷൻ പദ്ധതിക്ക് എത് സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനാണ് അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്ന് സി പി ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

പാതി രാഷ്ട്രീയവും പാതി ബിസിനസുമായി നടക്കുന്ന ഷാജിക്ക് സഹജീവികളെ സഹായിക്കുന്നു എന്ന നാട്യം സ്വന്തം കീശ വീർപ്പിക്കാനുള്ള ഒരു അടവ് മാത്രമാണെന്ന് ജനങ്ങൾക്കറിയാം. കർഷകതൊഴിലാളികൾക്കും മറ്റ് അവശതയനുഭവിക്കുന്നവർക്കും പെൻഷൻ പദ്ധതികളും മറ്റും പ്രഖ്യാപിച്ച് നടപ്പിലാക്കിയത് സി പി ഐ (എം) നേതൃത്വം കൊടുക്കുന്ന മുന്നണി അധികാരത്തിൽ ഉള്ളപ്പോൾ മാത്രമാണെന്നും ജനങ്ങൾ മനസിലാക്കിയ കാര്യങ്ങളാണ്. കോൺഗ്രസും ബി ജെ പിയും ഭരിക്കുന്ന മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നും ഇത്തരം ക്ഷേമ പദ്ധതികൾ ഒന്നും തന്നെ ഇല്ല.

'ആർദ്രം' എന്ന പേരിൽ രൂപീകരിച്ച സ്വന്തം പെൻഷൻ പദ്ധതിക്ക് എവിടെ നിന്നാണ് പണം ലഭിച്ചത് എന്ന് ഷാജി ജനങ്ങളോട് വെളിപ്പെടുത്തണം. മണൽ മാഫിയകളുടെ മാസപ്പടി ഉപയോഗിക്കുന്നതിനും കള്ളപണം വെളുപ്പിക്കുന്നതിനുമുള്ള ഒരു അടവ് മാത്രമാണിതെന്ന് ജനങ്ങൾ സംശയിക്കുന്നു.

സാമുഹ്യക്ഷേമ പദ്ധതികൾ നടപ്പിലാക്കേണ്ടത് സർക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളുമാണ്. അതിനു പകരം തട്ടിപ്പ് പദ്ധതി വ്യക്തിപരമായി നടപ്പിലാക്കാനാണ് എം എൽ എ ശ്രമിക്കുന്നത്. കേരളത്തിൽ ഇപ്പോൾ വ്യാപകമായ നിലയിൽ ട്രസ്റ്റുകൾ രൂപീകരിച്ച് സർക്കാരിന്റെ നികുതി പണം ലീഗുകാർ കൊള്ളയിടക്കുന്നത് വർദ്ധിച്ചു വരികയാണ്. ഈ പദ്ധതിയുടെ മറവിലും അതിനുള്ള ശ്രമമാണ് നടക്കുന്നത്.

ജില്ലയുടെയും പ്രത്യേകിച്ച് അഴീക്കോട് മണ്ഡലത്തിന്റെയും വികസനത്തിന് മുൻകൈയെടുക്കേണ്ട എം എൽ എ കള്ളപണക്കാരുടെയും മണൽ മാഫിയകളുടെയും തണലിൽ ജനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തി പണം സമ്പാദിക്കാനാണ് ശ്രമിക്കുന്നത്. ഇത് എം എൽ എ പ്രവർത്തനമല്ല. മാഫിയ രാഷ്ട്രീയ പ്രവർത്തനമാണ്.

മുൻ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ എം എൽ എ മുൻകൈയെടുത്ത് ആവിഷ്‌കരിച്ചതും ആരംഭിച്ചതുമായ വികസന പ്രവർത്തനങ്ങൾക്കപ്പുറം മറ്റെന്ത് കാര്യമാണ് ഇപ്പോഴത്തെ എം എൽ എ നടപ്പാക്കിയെന്ന് വ്യക്തമാക്കാതെ ഇദ്ദേഹം നടത്തുന്ന മേനി പറച്ചിൽ പരിഹാസ്യമാണ്. അപവാദ വ്യവസായവും തീവ്രവാദ സ്‌പോൺസർഷിപ്പും തൊഴിലാക്കിയ ഇദ്ദേഹം നടത്തുന്ന ജൽപ്പനങ്ങളെ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്നതിൽ യാതൊരു തർക്കവുമില്ല. 

 

സി പി ഐ (എം)ന്റെയും അതിന്റെ നേതാക്കളുടെയും പ്രവർത്തനം തികച്ചും സുതാര്യമാണ് അതിന് ഷാജിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. അതിനു പകരം വ്യക്തിഹത്യ നടത്തുന്ന വൃത്തികെട്ട ജൽപ്പനങ്ങളുമായി രംഗത്തിറങ്ങിയ എം എൽ എയുടെ പ്രസ്താവന ജനങ്ങൾ അവജ്ഞയോടെ പുച്ഛിച്ച് തള്ളുമെന്നതിൽ സംശയമില്ല.