പെരളശ്ശേരി യതീംഖാനയിൽ പെൺകുട്ടികളടക്കമുള്ള അന്തേവാസികളെ സ്ഥാപനത്തിന്റെ സെക്രട്ടറി തന്നെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തുന്നു. നിരവധി പെൺകുട്ടികളെയടക്കം ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ഈ സംഭവത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണം.

 

ശരിയായ നിയമവ്യവസ്ഥകൾ പാലിക്കാതെയാണ് സ്ഥാപനം നടത്തി വരുത്തതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അനാഥാലയങ്ങളുടെ മറവിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥിതിപോലും നിലവിലുണ്ട്. കഴിഞ്ഞ എൽ ഡി എഫ് ഗവൺമെന്റിന്റെ കാലത്ത് മുഖ്യമന്ത്രി ചെയർമാനായ കേരള സംസ്ഥാന ജൂവൈനൽ ജസ്റ്റിസ് അഡൈ്വസറി ബോർഡ് തീരുമാനമനുസരിച്ച് കേരളത്തിലെ ശിശുക്ഷേമ സ്ഥാപനങ്ങളെകുറിച്ച് പഠിക്കാൻ എം പ്രകാശൻ മാസ്റ്റർ ചെയർമാനായി ഒരു കമ്മിറ്റിയെ നിശ്ചയിക്കുകയും ഈ കമ്മിറ്റി നൽകിയ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. അനാഥാലയങ്ങളിൽ നിന്ന് ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്ന സാഹചര്യത്തിൽ പ്രസ്തുത റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പിലാക്കണം. അനാഥാലയങ്ങൾക്ക് മേൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടം പ്രസ്തുത റിപ്പോർട്ടിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. ഈ നിർദ്ദേശം അടിയന്തിരമായും നടപ്പിലാക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.