കണ്ണൂർ : അഴീക്കോട് എം എൽ എ നടപ്പിലാക്കുന്ന സ്വകാര്യ പെൻഷൻ പദ്ധതിക്ക് വേണ്ടി ചെലവിടുന്ന പണത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന് സി പിഐ (എം) ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.

മണ്ഡലത്തിൽ കുടുംബശ്രീ സംവിധാനത്തെ ഉപയോഗപ്പെടുത്തിയാണ് ഈ പെൻഷൻ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. അർഹരായ മുഴുവനാളുകൾക്കും പെൻഷൻ കിട്ടുന്നതിന് വേണ്ട പദ്ധതി സർക്കാരാണ് തയ്യാറാക്കേണ്ടത്. സ്വകാര്യ പെൻഷൻ പദ്ധതിയിലൂടെ കുടുംബശ്രീയെ വരുതിയിലാക്കാനുള്ള നീക്കമാണ് എം എൽ എ നടത്തുന്നത്. സാധാരണ നിലയിൽ പദ്ധതി നടപ്പിലാക്കേണ്ടത് സർക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളുമാണ്. ഒരു ഭരണകക്ഷി എം എൽ എ വ്യക്തിപരമായ നിലയിൽ നൽകുന്ന സംഭാവനയുടെ സാമ്പത്തിക ഉറവിടം സംബന്ധിച്ച് ജനങ്ങൾക്ക് സംശയമുണ്ട്. കള്ളപണമാണ് ഇതെന്ന് അവർ സംശയിക്കുന്നു. വർഗീയ-തീവ്രവാദ പ്രവർത്തനങ്ങൾക്ക് വലിയ തോതിൽ കള്ളപണം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് ജനങ്ങൾക്കിടയിൽ മതപരമായ ശത്രുത വളർത്താൻ ഇടയാക്കുന്നുണ്ട്. ആരാധനാലയങ്ങളെ പോലും രാഷ്ട്രീയ പ്രവർത്തനത്തിനായി  ദുരുപയോഗം ചെയ്യുന്ന ലീഗിന്റെ എം എൽ എ നടത്തുന്ന ഈ പദ്ധതിയുടെ സാമ്പത്തിക ഉറവിടം ഏതെന്ന് അദ്ദേഹം വെളിപ്പെടുത്തണം. സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീയിലെ സ്ത്രീകളെ എം എൽ എ-യുടെ സ്വകാര്യപെൻഷൻ പദ്ധതിയുടെ നടത്തിപ്പുകാരായി മാറ്റുന്നതും അഭികാമ്യമല്ല.

 

വളപട്ടണം പോലീസ് സ്റ്റേഷനിൽ മണൽ മാഫിയ സംഘത്തെ പിടികൂടിയപ്പോൾ ഈ എം എൽ എ-യും സുധാകരനുമാണ് പ്രതികളെ മോചിപ്പിക്കാൻ സ്റ്റേഷനിൽ എത്തിയത്. മണൽ മാഫിയ സംഘത്തിൽ നിന്ന് യു ഡി എഫ് നേതാക്കൾക്ക് മാസപ്പടി കിട്ടുന്നുണ്ട്. ഇതിൽ നിന്നാണോ പെൻഷൻ പദ്ധതിക്ക് പണം കണ്ടെത്തുന്നതെന്ന് ജനങ്ങൾ സംശയിക്കുന്നു. അതിനാലാണ് എം പി-യും എം എൽ എ-യും മാഫിയ സംഘത്തെ കസ്റ്റഡിയിൽ എടുത്ത എസ് ഐ-യെ കൈയ്യേറ്റം ചെയ്യാനും ജില്ല പോലീസ് മേധാവിയെ അടക്കം ഭീഷണിപ്പെടുത്താനും തയ്യാറായത്. ഇതിന്റെ പേരിൽ എം പി-ക്കും എം എൽ എ-ക്കും എതിരായി നടപടികൾ കൈകൊള്ളണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.