കണ്ണൂർ : വളപട്ടണം പോലീസ് സ്റ്റേഷനിൽ സുധാകരൻ എം പി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും ലീഗ് എം എൽ എ ഷാജിയും മണൽ മാഫിയ സംഘവും പോലീസിനെ അക്രമിച്ച സംഭവം കേരളത്തിൽ നിയമവാഴ്ച തകർന്നതിന്റെ തെളിവാണെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

 

പത്ര സമ്മേളനം നടത്തിയതിനെതിരെ സി പി ഐ (എം) നേതാക്കൾക്കെതിരെ കേസെടുത്ത പോലീസ്, സ്റ്റഷനിൽ കയറി എസ് ഐ-യെയും പോലീസിനെയും കൈയേറ്റം ചെയ്യുകയും തെറി വിളിക്കുകയും ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തുകയും ചെയ്ത് പ്രതിയെ ബലമായി മോചിപ്പിക്കുകയും  ചെയ്ത നേതാക്കൾക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് വ്യക്തമാക്കണം. ദൃശ്യമാധ്യമങ്ങളിൽ വന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ സുധാകരനെതിരെ കേസെടുക്കണം. അല്ലാത്തപക്ഷം കോടതിയെ സമീപിക്കും. കേരളത്തിൽ രണ്ട് തരം നീതിയും നിയമവുമാണ് യു ഡി എഫ് ഭരണത്തിൽ നടപ്പിലാക്കുന്നത് എന്നതിനുള്ള എറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

കാലത്ത് 8 മണിയോടെയാണ് നിയമവിരുദ്ധമായി കടത്തുകയായിരുന്ന മണൽ ലോറി വളപട്ടണം പോലീസുകാർ തടയാൻ ശ്രമിച്ചത്. എന്നാൽ തടഞ്ഞ പോലീസുകാരെ വാഹനമിടിച്ച് രക്ഷപ്പെടാനാണ് അവർ ശ്രമിച്ചത്. രക്ഷപ്പെട്ടവരെ പിന്നീട് പോലീസ് പിന്തുടർന്ന് പിടിക്കുകയായിരുന്നു. ഇങ്ങനെ കസ്റ്റഡിയിലെടുത്ത ഹമീദ്, സമദ് എന്നിവരെ കേസിൽ നിന്ന് ഒഴിവാക്കാനാണ് രാഗേഷ് എന്ന യൂത്ത് കോൺഗ്രസ് നേതാവ് സ്റ്റേഷനിൽ എത്തിയത്. രാഗേഷിന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്ന സബ്ബ് ഇൻസ്‌പെക്ടറുടെ യൂണിഫോമിൽ കയറി പിടിച്ച് എസ് ഐ-യെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നാണ് ഈ കോൺഗ്രസ് നേതാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിനു ശേഷമാണ് സുധാകരനും ലീഗ് എം എൽ എ-യും സ്റ്റേഷനിൽ എത്തിയത്. സുധാകരൻ എസ് ഐ-യെ തെറിയഭിഷേകം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ ജില്ലാ പോലീസ് മേധാവിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ സുധാകരൻ ബലമായി സ്റ്റേഷനിൽ നിന്നും മോചിപ്പിച്ച് കൊണ്ടുപോകുന്നത് പോലീസ് നോക്കി നിൽക്കുകയാണ് ചെയ്തത്. ഭരണകക്ഷി നേതാക്കളുടെ ഭീഷണിക്ക് വഴങ്ങി പോലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുമില്ല.

 

ഉമ്മൻ ചാണ്ടി ഭരണത്തിൽ പോലീസ് സ്റ്റേഷനുകൾ മണൽ മാഫിയകൾക്ക് വേണ്ടിയുള്ളതാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ് ഈ സംഭവം. വളപട്ടണം പോലീസ് സ്റ്റേഷനിൽ പോലീസിന് നേരെ മാഫിയ സംഘങ്ങളെ ഉപയോഗിച്ച് നടത്തിയ കൈയേറ്റത്തിൽ നിരവധി മണൽ ലോറികളാണ് കടത്തികൊണ്ടുപോയത്. മണൽ മാഫിയകളിൽ നിന്ന് കോൺഗ്രസ്-ലീഗ് നേതാക്കൾക്ക് കമ്മീഷൻ ലഭിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇന്നത്തെ വളപട്ടണം സംഭവം. അതിന്റെ ഭാഗമായാണ് പോലീസിനെ അക്രമിച്ചും മണൽ കടത്തുമെന്ന മാഫിയകളുടെ പ്രഖ്യാപനം. യു ഡി എഫ് നേതാക്കന്മാർ മാഫിയ ഏജന്റുമാരായതിന്റെ ഫലമാണ് ഈ സംഭവങ്ങളെന്നും ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.