കണ്ണൂർ: സി പി ഐ (എം) സ്വാധീന കേന്ദ്രങ്ങളിൽ ആരാധനാലയങ്ങൾക്ക് നേരെ അക്രമം നടക്കുന്നുവെന്ന ലീഗിന്റെ പ്രസ്താവന വാസ്തവ വിരുദ്ധവും വർഗ്ഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ നീക്കവുമാണെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

വംശഹത്യ നടന്ന ഗുജറാത്തിൽ നിന്നും ബാബറി മസ്ജിദ് തകർത്ത യു പി-യിൽ നിന്നും വ്യത്യസ്തമായി സി പി ഐ (എം) നു സ്വാധീനമുള്ള കേരളത്തിൽ ആരാധനാലയങ്ങൾ സുരക്ഷിതമാണെന്നു ലീഗ് നിഷേധിച്ചാലും വിശ്വാസികൾ മറക്കില്ല. മതവും വിശ്വാസവും ആരാധനാലയങ്ങളും വിശ്വാസികൾക്ക് വേണ്ടിയാണ്. അല്ലാതെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കോ വർഗ്ഗീയ തീവ്രവാദ പ്രവർത്തനങ്ങൾക്കോ വേണ്ടി ദുരുപയോഗം ചെയ്തുകൂട. ആയുധം നിർമ്മിക്കാനും സൂക്ഷിക്കാനും പരിശീലിക്കാനും വേണ്ടി ആരാധനാലയങ്ങളെ ആർ എസ് എസും എൻ ഡി എഫും ദുരുപയോഗം ചെയ്തതിന്റെ ദുരന്ത ഫലമാണ് മാറാട് ഉൾപ്പെടെയുള്ള വർഗ്ഗീയ കലാപങ്ങൾക്ക് കാരണമെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയതാണ്.

കണ്ണൂർ ജില്ലയിലെ എടക്കാട് പള്ളിയിൽ നിന്നും ആയുധം കണ്ടെത്തിയത് ഈയിടെയാണ്. ലീഗാവട്ടെ ഫണ്ട് പിരിക്കാനും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണം നടത്തിയും രാഷ്ട്രീയ പ്രചരണ കേന്ദ്രമാക്കി ആരാധനാലയങ്ങളെ ദുരുപയോഗിക്കുകയാണ്. ആരാധനാലയങ്ങളെ ദുരുപയോഗം ചെയ്യുന്ന കാര്യത്തിൽ ലീഗും ആർ എസ് എസും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ആരാധനാലയങ്ങൾ വിശ്വാസികളുടെ കേന്ദ്രമാണ്. അല്ലാതെ രാഷ്ട്രീയ പ്രവർത്തന കേന്ദ്രമല്ല. പള്ളികളിൽ നിന്നും നിയമവിരുദ്ധമായി ശേഖരിക്കുന്ന ഫണ്ട് തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ലീഗ് ചെലവഴിക്കുന്നതെന്നും എല്ലാവർക്കും അറിയാം. ഇത്തരത്തിൽ ആരാധനാലയങ്ങൾ ദുരുപയോഗപ്പെടുത്തി ലീഗ് നടത്തുന്ന വർഗ്ഗീയ പ്രവർത്തനത്തെയാണ് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി തലശ്ശേരി പ്രസംഗത്തിൽ തുറന്ന് കാട്ടിയത്. നാടിന്റെ പാരമ്പര്യം മതനിരപേക്ഷതയും മത സൗഹാർദ്ദവുമാണ്. വർഗ്ഗീയതയും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന ലീഗും യു ഡി എഫും അത് തകർക്കാനും വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്.

 

വ്യത്യസ്ത മതത്തിൽ വിശ്വസിക്കുന്ന ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ലീഗിനും ആർ എസ് എസിനും എൻ ഡി എഫിനും എതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്നും സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.