കണ്ണൂർ : യശ്വന്ത്പൂർ എക്‌സ്പ്രസിന്റെ റിസർവേഷൻ നിർത്തലാക്കിയ റെയിൽവെ നടപടി പ്രതിഷേധാർഹമാണെന്നും അടിയന്തരമായും പുന:സ്ഥാപിക്കണമെന്നും സിപിഐ(എം) ജില്ലാസെക്രട്ടറിയേറ്റ് റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. കണ്ണൂരിൽ നിന്നും മംഗലാപുരം വഴി യശ്വന്തപൂരിലേക്കുള്ള തീവണ്ടിയുടെ പകുതി കോച്ചുകൾ കാർവാറിലേക്ക് നീട്ടിയായിരുന്നു ആദ്യത്തെ റെയിൽവേയുടെ യാത്രക്കാരോടുള്ള ക്രൂരത. ഇപ്പോൾ റിസർവേഷനും നിർത്തലാക്കി. രണ്ട് വർഷം മുമ്പ് ആരംഭിച്ച പ്രതിദിന തീവണ്ടിയിൽ സ്ഥിരയാത്രക്കാരായ കണ്ണൂർ , കാസർക്കോട് ജില്ലകളിലെ യാത്രക്കാർ ദുരിതത്തിലായി. 900 ഓളം റിസർവേഷൻ സീറ്റുകളാണുള്ളത്. സതേൺ റെയിൽവേയിൽ നാഥനില്ലാത്ത സ്ഥിതിയാണ്. ജനറൽ മാനേജർ തസ്തിക കുറെയായി ഒഴിഞ്ഞു കിടക്കുകയാണ്. ഉത്തരകേരളത്തോട്  റെയിൽവേ കാണിക്കുന്ന അവഗണന അവസാനിപ്പിക്കാനും കാർവാറിലേക്ക് പകുതി കോച്ചുകൾ നീട്ടിയത് ഒഴിവാക്കിയും റിസർവേഷൻ സൗകര്യം പുന:സ്ഥാപിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രറെയിൽവേ മന്ത്രിയോട് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.