ജില്ലാ പോലീസ് ചീഫ്
കണ്ണൂർ
ബഹു.ജില്ലാ പോലീസ് ചീഫ്,
സിപിഐ(എം) പ്രവർത്തകനും കലാകാരനുമായ തലശ്ശേരി വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടിൽ കെ.കെശ്രീജിത്തിനെ ലോക്കപ്പിൽ ഭീകരമായ മൂന്നാംമുറക്ക് വിധേയനാക്കിയിരിക്കുകയാണ്.
ഞായറാഴ്ച്ച അർദ്ധരാത്രി പിടിച്ചുകൊണ്ടുപോയ ശ്രീജിത്തിനെ പാനൂർ, കൊളവല്ലൂർ സ്റ്റേഷനുകളിൽ വെച്ചും വാഹനത്തിൽ വെച്ചും പാനൂർ സി.ഐ ജയൻ ഡൊമനിക്കിന്റെ നേതൃത്വത്തിലാണ് മൂന്നാംമുറക്ക് വിധേയനാക്കിയത്. ബോധം മറയും വരെ മർദ്ദിച്ചവശനാക്കിയ ശ്രീജിത്തിന് ലോക്കപ്പിൽ വെള്ളം പോലും നൽകിയില്ല. ഭീകരമായി മർദ്ദനമേറ്റ ശ്രീജിത്തിന് വൈദ്യസഹായം പോലും നിഷേധിക്കുകയായിരുന്നു.
മന്ത്രിമാരും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും മൂന്നാംമുറ അംഗീകരിക്കില്ലെന്ന് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലും സിപിഐ(എം) പ്രവർത്തകർക്കുനേരെ മൂന്നാംമുറ പ്രയോഗിക്കുകയാണ്. പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന പ്രവർത്തകരോട് സിപിഐ(എം) നേതാക്കളെ കേട്ടാലറക്കുന്ന ഭാഷയിൽ ചീത്ത വിളിക്കുന്ന പോലീസ് ഉദ്യോഗസ്ഥരും ചില സ്റ്റേഷനുകളിൽ ഉണ്ട്.
മൂന്നാംമുറ അംഗീകരിക്കില്ലെന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ പറയുമ്പോഴും തുടരെ മൂന്നാംമുറ നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കു നേരെ യാതൊരു നടപടിയും സ്വീകരിക്കാത്തത് അവർക്ക് തുടർന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നതിന് പ്രോത്സാഹനമാവുകയാണ്.
ഇത്തരം നടപടികൾ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. നിയവിരുദ്ധമാക്കപ്പെട്ട മൂന്നാംമുറ നടത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരം തന്നെ നേരത്തെ താങ്കൾക്ക് സമർപ്പിച്ചിട്ടുള്ളതാണ്. അതിലുൾപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടർ ജയൻ ഡൊമനിക്കാണ് ശ്രീജിത്തിനെ ഭീകരമായി മർദ്ദിച്ചത്. ഈ നിയമലംഘനത്തിനെതിരെ കർശനമായ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
-------------------------------------------------------------------------------------------------------------------------------
ജില്ലാ പോലീസ് ചീഫിനെ ജില്ലാ സെക്രട്ടറി പി ജയരാജനും എം വി ജയരാജനും നേരിൽ കണ്ട് പരാതി നൽകി. ഇത് സംബന്ധിച്ച് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി അന്വേഷിക്കുമെന്ന് പോലീസ് ചീഫ് നേതാക്കളെ അറിയിച്ചു.