കണ്ണൂർ : ദേശാഭിമാനി സ്റ്റാഫ് ലേഖകൻ പി ദിനേശന് എതിരെ സമര കേന്ദ്രത്തിൽ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ച് കള്ള കേസ് എടുത്തതിൽ സി പി ഐ (എം) ജില്ല സെക്രട്ടറി പി ജയരാജൻ ശക്തമായി പ്രതിഷേധിക്കുകയും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നു.

ആഗസ്ത് 1-നു തലശ്ശേരി ഡി വൈ എസ് പി ഓഫീസിലേക്ക് സി പി ഐ (എം) നടത്തിയ മാർച്ച് റിപ്പോർട്ട് ചെയ്യാൻ പോയതായിരുന്നു ദിനേശൻ. കൂടെ മറ്റ് മാധ്യമ പ്രവർത്തകരുമുണ്ടായിരുന്നു. നിയമവിരുദ്ധമായി സംഘംചേരൽ, ആയുധം ഉപയോഗിച്ച് ലഹള ഉണ്ടാക്കൽ, പോലീസിനെ ശാരീരികമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ ഗൗരവകരമായ കുറ്റങ്ങളാരോപിച്ചാണ് ദിനേശനെതിരെ കള്ള കേസ് എടുത്തിട്ടുള്ളത്.

 

മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി   ഡോ: മൻമോഹൻ സിങ്ങ് അടക്കം പറഞ്ഞുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് അതിന് കടക വിരുദ്ധമായ നടപടി ഉമ്മൻചാണ്ടിയുടെ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ജനാധിപത്യവ്യവസ്ഥയുടെ സ്തംഭങ്ങളിലൊന്നായ മാധ്യമങ്ങളെ സർക്കാരിനെതിരായ വിമർശനത്തിൽ നിന്നും തടയുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹൻദാസിനെതിരെ പോലീസ് ഉദ്യോഗസ്ഥന്റെ ഫോൺ ചോർത്തി എന്നാരോപിച്ച് കള്ള കേസ് എടുത്തതും ഈ അടുത്ത ദിവസമാണ്. ഭരണത്തിലിരിക്കുന്നവർക്കെതിരെ പ്രതികരിക്കുന്ന മാധ്യമങ്ങളുടെ വായ മൂടി കെട്ടിയ അടിയന്തിരാവസ്ഥയുടെ കാലത്തെ ഓർമ്മിപ്പിക്കുന്നതാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ ഈ നിയമവിരുദ്ധ നടപടകൾ. കള്ള കേസെടുത്ത ഈ കിരാത നടപടിയിൽ പ്രതിഷേധിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.