കണ്ണൂർ: കേരളമുൾപ്പെടെയുള്ള 5 സംസ്ഥാനങ്ങളിൽ മതതീവ്രവാദം ശക്തിപ്പെട്ടുവെന്ന പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ കേരളം ഭരിക്കുന്ന ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫി നെതിരായ കുറ്റപത്രമാണ്. അത്തരമൊരു സാഹചര്യത്തിൽ സിപിഐ(എം) സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നുവെന്ന് ലീഗ് നേതൃത്വം കുറ്റപ്പെടുത്തുന്നതിന് യാതൊരു അർത്ഥവുമില്ല. ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫ് എപ്പോഴെല്ലാം കേരളത്തിൽ അധികാരത്തിൽ വന്നുവോ അപ്പോഴെല്ലാം വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. രാജ്യം തന്നെ ഞെട്ടിപ്പോയ കൂട്ടകൊലയാണ് മാറാട് കലാപത്തിൽ ഉണ്ടായത്. ഇതേകുറിച്ച് അന്വേഷിച്ച ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷൻ കൂട്ടക്കൊലക്ക് ഉത്തരവാദികളായവരിൽ ലീഗ് സംസ്ഥാനസെക്രട്ടറി മായിൻഹാജിയുടെ പേര് എടുത്ത് പറഞ്ഞിട്ടുണ്ട്. എൻ.ഡി.എഫിന് മാത്രമല്ല ലീഗ് പ്രവർത്തകർക്കും, നേതാക്കൾക്കും കൂട്ടകൊലയിലും ഗൂഡാലോചനയിലും പങ്കുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വരച്ചവരയിൽ നിർത്തികൊണ്ട് അനർഹമായി ലീഗ് ഉണ്ടാക്കിയ നേട്ടങ്ങൾ സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തിയെന്ന് എല്ലാവർക്കുമറിവുള്ളതാണ്. ലീഗ് നടത്തുന്ന സാമുദായിക ധ്രുവീകരണത്തിന് പരസ്പരപൂരകമെന്നോണം ഹിന്ദു ലീഗ് വേണമെന്ന ആവശ്യം ഉയർന്നതും യാഥാർത്ഥ്യമാണ്. ഇത്തരമൊരു സാഹചര്യത്തിൽ എല്ലാ വർഗീയ തീവ്രവാദശക്തികളെയും എതിർക്കുക എന്നത് സിപിഎംന്റെ ഉത്തരവാദിത്വമാണ്. ലീഗ് നടത്തുന്ന തെറ്റായ പ്രവർത്തനങ്ങളെ സിപിഎം എതിർക്കുമ്പോൾ അത് മുസ്ലീം വിരുദ്ധമെന്ന് ആക്ഷേപിച്ച് സമുദായ വികാരമുണ്ടാക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. ആർ.എസ്.എസ് വർഗീയ ഫാസിസ്റ്റുകളെ സിപിഐഎം ശക്തമായി എതിർത്തിട്ടുണ്ട്. അപ്പോൾ സിപിഎം ഹിന്ദു വിരുദ്ധാരാണെന്ന പഴി ഞങ്ങൾക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. സിപിഐഎം ഏതെങ്കിലും മതവിശ്വാസികൾക്ക് എതിരല്ല. വർഗീയതയെ എതിർത്ത് തോൽപ്പിക്കാൻ എല്ലാ മതവിശ്വാസികളെയും അണിനിരത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്.  കണ്ണൂർ ജില്ലയിൽ അടുത്ത കാലത്ത് ഉണ്ടായ രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് തളിപ്പറമ്പ് പട്ടണത്തിൽ  ഇരുസമുദായത്തിലും പെട്ട വ്യാപാരികളുടെ കടകൾ അഗ്നിക്ക് ഇരയാക്കി വർഗീയ സംഘർഷമുണ്ടാക്കാൻ പരിശ്രമിച്ചതും ലീഗ് പ്രവർത്തകരാണ്.

 

സമീപകാലത്ത് സംസ്ഥാനത്ത് നടന്ന സദാചാരഗുണ്ടാ അക്രമങ്ങളിൽ ലീഗ് പ്രവർത്തകരാണ് പ്രതികൾ. ജില്ലയിൽ വ്യത്യസ്ഥ മതങ്ങളിൽപ്പെട്ട യുവതീയുവാക്കൾ പൊതു സ്ഥലത്ത് വെച്ച് സംസാരിച്ചതിന്റെ പേരിൽ അക്രമസംഭവങ്ങളുണ്ടായി. ഇത് തെറ്റാണെന്ന് പറയാൻ ഇന്നേവരെ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. കോൺഗ്രസ് നേതൃത്വവും മൗനത്തിലായിരുന്നു. സിപിഎം പയ്യന്നൂർ ഏറിയകമ്മിറ്റി ഓഫീസും പ്രചരണസാമഗ്രികളും തകർത്തത് ലീഗ് പ്രവർത്തകർ തന്നെയാണ്. കർണ്ണാടകത്തിലും മറ്റും സംഘപരിവാരം ശ്രീരാമസേനയുടെ ബാനർ ഉപയോഗിച്ച് നടത്തുന്നതും ഇതിന് സമാനമായ അക്രമങ്ങളാണ്. എല്ലാ വർഗീയ തീവ്രവാദത്തെയും എതിർത്താൽ മാത്രമെ മതനിരപേക്ഷത നിലനിർത്താനാവൂ. ക്ഷേത്രങ്ങൾ ആർ.എസ്എസുകാരുടെ ശാഖാപരിശീലനത്തിനായി ഉപയോഗപ്പെടുത്താൻ നോക്കിയപ്പോൾ സിപിഐഎം അതിനെയും ശക്തമായി എതിർത്തിട്ടുണ്ട്. ലീഗ് ആവട്ടെ പള്ളികൾ ഉപയോഗിച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുന്നുണ്ട്. ഇതിനെ സിപിഎം ശക്തമമായി എതിർക്കുമ്പോൾ അത് മതനിരപേക്ഷതയുടെ നിലപാടാണെന്ന് തിരിച്ചറിയുന്നതിന് പകരം പാർട്ടി മുസ്ലിംങ്ങൾക്കെതിരാണെന്ന പ്രചരണമാണ് ലീഗ് നേതാക്കൾ നടത്തുന്നത് ഇതാണ് സാമുദായിക ധ്രുവീകരണത്തിന് ഇടയാക്കുന്നത്. മട്ടന്നൂർ നഗരസഭാതെരഞ്ഞെടുപ്പിൽ ഇത്തരം പ്രചരണം നടത്തിയാണ് യുഡിഎഫ് വോട്ടർമാരെ വശീകരിച്ചത്. ഇത്തരം പ്രചരണങ്ങളുടെ ആപത്ത് പൊതുസമൂഹം തിരിച്ചറിയണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.