കണ്ണൂർ :സി പി ഐ (എം) ന് എതിരായി ലീഗ് നേതൃത്വം നടത്തുന്ന പ്രചരണം വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കാനാണെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവിച്ചു.

ഗുജറാത്തിലെ നരേന്ദ്രമോഡിയുടെ അനുയായികളുമായി തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുണ്ടാക്കിയതാണ് ലീഗിന്റെ പാരമ്പര്യം. ആർഎസ്എസ്-സംഘപരിവാർ ശക്തികൾ മുൻ കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹറാവുവിന്റെ സഹായത്തോടെ ബാബറി മസ്ജിദ് തകർത്തപ്പോൾ അധികാരത്തിന്റെ പങ്ക് പറ്റി കോൺഗ്രസിന്റെ കൂടെ അള്ളിപിടിച്ച് നിന്നവരാണ് ലീഗുകാർ. മുസ്ലീം ന്യൂനപക്ഷ താൽപര്യം സംരക്ഷിക്കാൻ ലീഗ് നേതൃത്വം താൽപര്യം കാണിച്ചില്ല. തലശ്ശേരിയിൽ ആർഎസ്എസ് -സംഘപരിവാർ ശക്തികൾ ന്യൂനപക്ഷങ്ങളെ വേട്ടയാടിയപ്പോൾ കോഴിക്കൂട്ടിൽ ഒളിച്ചവരാണ് ലീഗ് നേതാക്കൾ. സംഘപരിവാർ ശക്തികൾ കേരളീയ സമൂഹത്തിൽ നുഴഞ്ഞു കയറുന്നതിനെതിരെ പോരാടിയ സിപിഐ(എം)ന് കേരളത്തിൽ 200 പ്രവർത്തകരുടെ ജീവത്യാഗമാണ് ഉണ്ടായത്. അത്തരം ഒരു പാർട്ടിയെ കുറിച്ച് നരേന്ദ്രമോഡിയുടെ അനുയായികളാണെന്ന് പ്രചരിപ്പിച്ചാൽ അത് വിലപ്പോവില്ല.

എല്ലാ വർഗീയ ശക്തികൾക്കുമെതിരെ പൊരുതുന്ന ശക്തിയാണ് സിപിഐ(എം). എൻഡിഎഫിന്റെ കൊലക്കത്തിയും സിപിഎം ന് എതിരെ ഉയർന്നിട്ടുണ്ട്. പലപ്പോഴും പോപ്പുലർ ഫ്രണ്ടിന്റെ സംരക്ഷകരായാണ് ലീഗ് നേതൃത്വം പ്രത്യക്ഷപ്പെടുന്നത്. മുൻ യുഡിഎഫിന്റെ കാലത്ത് എൻഡിഎഫുകാർ പ്രതികളായ കേസുകൾ ലീഗ് നേതാക്കളുടെ ശുപാർശ പ്രകാരമാണ് പിൻവലിച്ചത്. നിയമസഭയിൽ രേഖാമൂലം മറുപടി ലഭിച്ച വസ്തുതയാണിത്.

 

പയ്യന്നൂരിലെ ഏരിയാകമ്മിറ്റി ഓഫീസ് അക്രമിച്ചത് ലീഗ് പ്രവർത്തകർ തന്നെയാണ്. കണ്ണൂർ ജില്ലയിലെ സദാചാരഗുണ്ടാ അക്രമണ കേസിലെ പ്രതികളെല്ലാം ലീഗ് പ്രവർത്തകരാണ്. ഈ സത്യം സിപിഐ(എം) വിളിച്ച് പറയുമ്പോൾ വിറളിപിടിച്ചതു കൊണ്ട് കാര്യമില്ല.വ്യത്യസ്ത മത വിഭാഗങ്ങളിൽ പെട്ട യുവതിയുവാക്കൾ പൊതുസ്ഥലത്ത് സംസാരിക്കുന്നത് പോലും അക്രമം കൊണ്ട് തടയുന്ന തീവ്രവാദ സമീപനത്തെ ലീഗ് നേതൃത്വം ഇത് വരെ തള്ളി പറഞ്ഞിട്ടില്ല.അവർ തങ്ങളുടെ തെറ്റുകൾ തിരുത്തുകയാണ് വേണ്ടത്. സിപിഐ(എം) ഒരു വർഗീയ തീവ്രവാദ ശക്തികളോടും സന്ധി ചെയ്യുന്ന പ്രശ്‌നമില്ല.