കണ്ണൂർ : ഇന്ത്യയിൽ ആർഎസ്എസ്-സംഘപരിവാറിന്റെ ഫാസിസ്റ്റ് നയങ്ങളെ വിട്ടുവീഴ്ച്ച കൂടാതെ എതിർക്കുകയും മതനിരപേക്ഷതയ്ക്ക് വേണ്ടി പോരാടുകയും ചെയ്ത പാർട്ടിയാണ് സി പി ഐ (എം). ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ ഏറ്റവും കടുത്ത ഭീഷണിയാണ് സംഘപരിവാർ. ആർഎസ്എസുമായി വോട്ടു കച്ചവടം നടത്തിയ പാർട്ടിയാണ് ലീഗ്. ലീഗിന്റെ നേതാവ് സിപിഐ(എം)നെ ആർഎസ്എസ് നേക്കാളും അപകടകാരിയായി കുറ്റപ്പെടുത്തുന്നത് ലീഗണികൾ പോലും അംഗീകരിക്കില്ല. എന്നാൽ സംഘപരിവാറിന് വളമാകുന്ന നിലയിൽ മുസ്ലീം സമുദായത്തിൽ അടുത്ത കാലത്ത് വർഗീയ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നിരോധിക്കപ്പെട്ട മുൻ സിമി നേതാക്കൾ രൂപം കൊടുത്ത എൻഡിഎഫും അതിന്റെ ഇപ്പോഴത്തെ രൂപമായ പോപ്പുലർ ഫ്രണ്ടും ഒരു മതതീവ്രവാദ സംഘടനയാണ്. മുൻ യുഡിഎഫ് ഗവൺമെന്റാണ് ലീഗ് എംഎൽഎ മാരുടെ ശുപാർശ പ്രകാരം എൻഡിഎഫുകാർ പ്രതികളായിട്ടുള്ള കേസുകൾ പിൻവലിച്ചത്. ഇപ്പോഴത്തെ യുഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വന്നതിന് ശേഷം മുസ്ലീം മതഭ്രാന്തൻമാർ, സദാചാര പോലീസ് ചമഞ്ഞ് നടത്തുന്ന അക്രമണങ്ങളിൽ ലീഗ് പ്രവർത്തകരാണ് പലയിടത്തും ഏർപ്പെട്ടിട്ടുള്ളത്. ജില്ലയിൽ പലയിടത്തും നടന്നിട്ടുള്ള അത്തരം അക്രമണ കേസിലെ പ്രതികളെല്ലാം ലീഗ് പ്രവർത്തകാരണ്. പയ്യന്നൂരിലെ സിപിഐ(എം) ഓഫീസ് തകർത്തതും ലീഗുകാരാണ്. ലീഗിന്റെ ഇത്തരം തെറ്റായ ചെയ്തികൾ ചൂണ്ടിക്കാട്ടുമ്പോൾ ലീഗ് നേതൃത്വത്തിന് വിറളി പിടിച്ചിട്ട് കാര്യമില്ല. എല്ലാ മതതീവ്രവാദത്തെയും സിപിഐ(എം) എതിർക്കും. സംഘപരിവാറിന്റെ ആപത്ത് തിരിച്ചറിഞ്ഞതിന്റെ പേരിലാണ് ജനങ്ങളിൽ വേരോട്ടം ഉണ്ടാക്കാനുള്ള അതിന്റെ പരിശ്രമത്തെ എതിർത്തത്. അതിന്റെ ഭാഗമായാണ് സിപിഐ(എം) ന്റെ 200 സഖാക്കളുടെ ജീവത്യാഗം ഉണ്ടായത്. സമീപകാലത്ത് മുസ്ലീം തീവ്രവാദികളുടെ കൊലക്കത്തിയും സിപിഐ(എം) നെതിരെ ഉയർന്നിട്ടുണ്ട്. കാസർക്കോട് ജില്ലയിൽ ലീഗ് വർഗീയ അക്രമണങ്ങൾ നടത്തുന്നു എന്ന് ആക്ഷേപിക്കുന്നത് യൂത്ത് കോൺഗ്രസാണ്. പ്രധാനമന്ത്രി മൻമോഹൻസിങ്ങ് അടക്കം കേരളത്തിൽ മതതീവ്രവാദം നടക്കുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് ലീഗ് അടക്കമുള്ള യുഡിഎഫിന് എതിരായ കുറ്റപത്രമാണ്. യുഡിഎഫ് ഭരണത്തിൽ ലീഗ് അക്രമവും തീവ്രവാദവും കൂടുതൽ ശക്തിപ്പെടുകയാണ് ചെയ്യുന്നത്. യുഡിഎഫ് ഭരണകാലത്താണ് മാറാട് പൂന്തുറ കലാപങ്ങൾ ഉണ്ടായത്. മാറാട് കലാപത്തെകുറിച്ചന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ തന്നെ കൂട്ടക്കൊലയിൽ ലീഗിന്റെ പങ്കാളിത്തം എടുത്തു പറഞ്ഞിട്ടുണ്ട്. ഇതിനെ കുറിച്ചെല്ലാം ലീഗ് നേതൃത്വത്തിന് എന്താണ് പറയാനുള്ളതെന്ന് അറിയാൻ താൽപര്യം ഉണ്ടെന്നും ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.