കണ്ണൂർ :മട്ടന്നൂർ നഗരസഭാ ഭരണം നാലാം തവണയും എൽഡിഎഫ് നെ ഏൽപിച്ച മട്ടന്നൂരിലെ വോട്ടർമാരെ സി പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്യുന്നു.

തികച്ചും പ്രതികൂലമായ രാഷ്ട്രീയ സാഹചര്യത്തിലാണ് എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വലതുപക്ഷ മാധ്യമങ്ങളും, യുഡിഎഫും കഴിഞ്ഞ കുറെ മാസങ്ങളായി സി പി ഐ (എം) വിരുദ്ധജ്വരം പകർത്താനാണ് ശ്രമിച്ചു കൊണ്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ വർഗീയ ശക്തികളും സി പി ഐ (എം) നും, എൽഡിഎഫിനും എതിരെ അണിനിരന്നു.

 

വാർഡ് വിഭജനത്തിന്റെ ഘട്ടത്തിൽ തന്നെ സംസ്ഥാന ഗവൺമെന്റ് തെറ്റായ നിലയിൽ ഇടപെടുകയുണ്ടായി. സി പി ഐ (എം) നെ അടിച്ചമർത്താനുള്ള യുഡിഎഫ് നടപടിയുടെ ഭാഗമായി നഗരസഭാ പരിധിയിലെ നിരവധി പ്രവർത്തകൻമാരെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു. തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റിനെ പോലും അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. ഓപ്പൺ വോട്ട് ചെയ്യുന്നതിനുള്ള ഐഡന്റിന്റി കാർഡ് പിടിച്ചെടുക്കുന്ന സംഭവവും ഉണ്ടായി. നൂറുകണക്കിന് പോലീസുകാരെ വിന്നസിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇതിനെയെല്ലാം അതിജീവിച്ചാണ് 34 സീറ്റുകളിൽ 20 സീറ്റുകളും നേടി എൽഡിഎഫ് വിജയിച്ചത്. ഇത്തരം ഒരു വിജയം കൈവരിക്കാൻ എൽഡിഎഫിന് വോട്ട് ചെയ്ത മുഴുവൻ ജനാധിപത്യ വിശ്വാസികളേയും സി പി ഐ (എം) ഹാർദ്ദമായി അഭിവാദ്യം ചെയ്യുന്നു. ചില സീറ്റുകളിൽ എൽഡിഎഫ് പരാജയപ്പെടാൻ ഇടയായ സാഹചര്യം വിശദമായി പരിശോധിക്കുന്നതാണ്.