കണ്ണൂർ : ചാല ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമാണെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

മരിച്ചവരുടെ ആശ്രിതർക്കും ദുരന്തത്തിനിരയായവർക്കും സംസ്ഥാന സർക്കാർ തന്നെ തൊഴിൽ നൽകണം.  ജോലി നൽകണമെന്ന് ഐ.ഒ.സി യോട് ശുപാർശ ചെയ്യാമെന്ന സംസ്ഥാന മന്ത്രിസഭാ തീരുമാനം പരിഹാസ്യമാണ്. 19 പേരുടെ മരണത്തിനും, അമ്പതോളം പേർക്ക് പരിക്കേൽക്കാനും ഇടയായ ദുരിന്തത്തിന് ഉത്തരവാദികൾ ചാല സ്വദേശികളായ ജനങ്ങളല്ല. സംസ്ഥാന സർക്കാറിനും, ഇന്ത്യൻ ഓയിൽ കോർപ്പറേഷനും, പൊതുമരാമത്ത് വകുപ്പിനും, ടാങ്കർ ലോറി ഡ്രൈവർക്കും, നിരവധി പേരുടെ ജീവനും ജീവിതോപാധികളും ഇല്ലാതാക്കിയ മഹാദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ല. ഒന്നരവർഷം മുമ്പ് ടാങ്കർ ലോറി അപകടം തടയാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് സ്‌പെഷ്യൽ ബ്രാഞ്ച് സംസ്ഥാന സർക്കാറിന് സമർപ്പിച്ചിരുന്നു. പ്രസ്തുത റിപ്പോർട്ടിന് യാതൊരു വിലയും കൽപ്പിച്ചില്ല. മലബാറിലെ ദേശീയ പാതയിലെ മിക്കയിടത്തുമുള്ള ഡിവൈഡറുകൾ അപകടം പതിയിരിക്കുന്ന കുന്നുകളാണ്. ഡിവൈഡറുകൾ പൊളിച്ചത് തെളിവുകൾ നശിപ്പിക്കാനാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്താലാണ് ഡിവൈഡർ പൊളിച്ചത്. സർക്കാരും ഓയിൽ കമ്പനികളുമായി 2010 ലെ ദുരന്തത്തെ തുടർന്ന് ചർച്ച നടത്തി എടുത്ത തീരുമാനങ്ങൾ ഓയിൽ കമ്പനികൾ നടപ്പാക്കിയില്ല. ദുരന്തമുണ്ടായ സ്ഥലത്ത് ഓയിൽ കമ്പനി പ്രതിനിധികൾ ഒരു ദിവസം വന്നു പോയതല്ലാതെ യാതൊരു നടപടികളും സ്വീകരിച്ചില്ല. നിയമം ലംഘിച്ച് കോടികൾ കൊള്ളയടിക്കുന്ന ഐ.ഒ.സി ജനതാൽപര്യം ഒരിക്കലും നോക്കാറില്ല. മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാൻ പോലും സന്നദ്ധമാകാത ഐ.ഒ.സി അധികൃതരോട് ആശ്രിതർക്ക് ജോലി നൽകണമെന്ന സംസ്ഥാന മന്ത്രി സഭയുടെ ശുപാർശ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇപ്പോൾ പ്രഖ്യാപിച്ച  നഷ്ടപരിഹാര തുക വളരെ തുഛമാണ്. ഓരോ വീട്ടിലും കടകൾക്കും ഉണ്ടായ നഷ്ടമെത്രയെന്ന് തിട്ടപ്പെടുത്തിയത് റവന്യു അധികൃതർ ഏകപക്ഷീയമാണ്. നഷ്ടം സംഭവിച്ചവർ നൽകിയ ഹരജി പരിഗണിച്ചു പോലുമില്ല. എൽഡിഎഫ് സർക്കാറിന്റെ കാലത്ത് കരുനാഗപ്പള്ളിയിൽ ദുരന്തമുണ്ടായപ്പോൾ സംസ്ഥാന സർക്കാർ തന്നെയാണ് ആശ്രിതർക്ക് ജോലി നൽകിയത്. ഓരോ കുടുംബത്തിലും ഒന്നിലേറെ പേരാണ് മരണപ്പെട്ടത്. ഈ മഹാദുരന്തത്തെ സർക്കാർ ശരിയായ നിലയിലല്ല നേരിട്ടത്. പരിക്കേറ്റവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക തന്നെ വേണം. ഒരു ദേശീയ ദുരന്തമെന്ന പരിഗണന നൽകിയായിരിക്കണം നഷ്ടപരിഹാരം നൽകേണ്ടത്. എല്ലാം നഷ്ടപ്പെട്ട കുടുംബത്തോട് സർക്കാർ നീതി കാട്ടണം.

 

മഹാദുരന്തത്തിൽ ജീവനും ജീവിതോപാധികളും നഷ്ടപ്പെട്ട ചാല നിവാസികളോട് സംസ്ഥാന സർക്കാർ കുറെകൂടി അനുകമ്പ കാട്ടുമെന്നു പ്രതീക്ഷിച്ചവരെയെല്ലാം ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട  പാക്കേജ് നിരാശപ്പെടുത്തിയിരിക്കയാണ്. ഈ കൊടും ചതിക്കെതിരെ എല്ലാ മനുഷ്യസ്‌നേഹികളും പ്രതിഷേധിക്കണമെന്നും സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്നും സി പി ഐ (എം) അഭ്യർത്ഥിക്കുന്നു.