കണ്ണൂർ: പോലീസ് സേനയിലുള്ളവർ മുഴുവൻ 'ഹിറ്റ് ലിസ്റ്റി'ൽ പെടുന്നവരാണെങ്കിൽ പോലീസ് മേധാവി ക്രിമിനലുകളും അഴിമതിക്കാരും കേസുകളിൽ പ്രതികളുമായ 602 പോലീസുകാരുടെ ലിസ്റ്റ് ഹൈക്കോടതിയിൽ സമർപ്പിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ എന്ന് സി.പി.ഐ (എം) ആക്ടിംഗ് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ചോദിച്ചു.

പോലീസ് സേനയിൽ 51000-ലധികം പേരുണ്ട്. അതിൽ 4450 പേർ ക്രമസമാധാന ചുമതലയുള്ള ഓഫീസർമാരാണ്. ചെറിയ വിഭാഗം മാത്രമാണ് ക്രിമിനലുകളും അഴിമതിക്കാരുമായ പോലീസുകാർ. ഇത്തരം ക്രിമിനൽ പോലീസുകാരുടെ പേരിൽ കർശന നടപടി സ്വീകരിച്ചാൽ പോലീസ് സേനയുടെ അന്തസുയരുകയാണ് ചെയ്യുക. പൗരന്മാർക്ക് ക്രിമിനലുകളായ പോലീസുകാരുടെ പേരിൽ സർക്കാർ നടപടിയെടുക്കാത്തത് മൂലമാണ് സ്വകാര്യ അന്യായവും മറ്റ് നിയമനടപടികളും സ്വീകരിക്കേണ്ടി വരുന്നത്. നീതിന്യായ കോടതികളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവരുടെ പേരുകളാണ് ഇപ്പോൾ പുറത്ത് വന്നത്. പോലീസ് അസോസിയേഷൻ എന്തിനാണ് ക്രിമിനലുകളായ പോലീസുകാരുടെ പേരിൽ മുതലകണ്ണീർ ഒഴുക്കുന്നത്.  മഹാഭൂരിപക്ഷം വരുന്ന സേനയിലെ അംഗങ്ങൾക്കും കേരള പോലീസ് നിയമത്തിനും ദോഷകരമായ വിധത്തിൽ പ്രവർത്തിക്കുന്ന നാമമാത്രമായ ക്രിമിനൽ പോലീസുകാരുടെ പേരിൽ കർശന നടപടി സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. എന്നാൽ അഴിമതിക്കാരും മർദ്ദകവീരന്മാരുമായ പോലീസുകാരെ യു.ഡി.എഫ് സർക്കാർ സംരക്ഷിക്കുന്നു. മാധ്യമപ്രവർത്തകരെ വധിക്കാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിൽ ഉയർന്ന പോലീസ് മേധാവി പോലുമുണ്ടായി. യു.ഡി.എഫ് ഭരണത്തിൽ കസ്റ്റഡി-ലോക്കപ്പ് കൊലപാതകങ്ങളും പോലീസ് മർദ്ദനവും വർദ്ധിച്ചു വരുന്നു. കേരള പോലീസ് നിയമം ഭേദഗതി ചെയ്തത് കസ്റ്റഡിയിലെടുത്തുള്ള മൂന്നാംമുറ തടയാനാണ്. പ്രതികളോട് സഭ്യമായ രീതിയിൽ മാത്രമേ പോലീസ് പെരുമാറാൻ പാടുള്ളൂ എന്ന വ്യവസ്ഥ കൊണ്ടു വന്നു. നിയമത്തിനനുസരിച്ചല്ല നിയമവിരുദ്ധമായാണ് പോലീസിൽ ഒരു വിഭാഗം പ്രവർത്തിച്ചു വരുന്നത്. ലാത്തിചാർജ്ജും കണ്ണീർവാതകവും ഗ്രനേഡും ഇലക്ട്രിക് ബാറ്റണും എല്ലാം വഴി നൂറ് കണക്കിന് സി.പി.ഐ (എം) പ്രവർത്തകരെ നേരിട്ട പോലീസ് 70 പേരെ ലോക്കപ്പുകളിൽ കൊണ്ട് പോയാണ് മർദ്ദിച്ചത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത 14 പോലീസ് ഉദ്യോഗസ്ഥന്മാരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് ആഗസ്റ്റ് 7 ന് ആഭ്യന്ത്രമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. സർക്കാർ യാതൊന്നും ചെയ്തില്ല. അത് കമ്പി പ്രയോഗവിദഗ്ധരടക്കമുള്ള മർദ്ദക വീരന്മാരായ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് ലോക്കപ്പ് മർദ്ദനം വീണ്ടും നടത്താൻ ഉത്തേജകമായി. പോലീസ് അസോസിയേഷൻ കൂടി ക്രിമിനൽ പോലീസിനെ സംരക്ഷിക്കാൻ രംഗത്ത് വന്നതോടെ പോലീസിന് ആരെയും പിടിച്ചു കൊണ്ട് പോയി മർദ്ദിക്കാമെന്ന അവസ്ഥ കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്നു. 

 

പോലീസ് അസോസിയേഷൻ മുമ്പ് പ്രസിദ്ധീകരിച്ച 'മനുഷ്യാവകാശങ്ങളും പോലീസ് നിയമങ്ങളും' എന്ന പുസ്തകം വായിച്ച് നോക്കിയിരുന്നുവെങ്കിൽ മൂന്നാംമുറക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ന്യായീകരിക്കാനുള്ള പ്രമേയം പാസാക്കുമായിരുന്നില്ല. കൊലക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മർദ്ദകവീരന്മാരായ മുൻപോലീസ് ഉദ്യോഗസ്ഥരെ കുറിച്ച് അസോസിയേഷന് എന്ത് പറയാനുണ്ട്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ചില ഉദ്യോഗസ്ഥന്മാർ സ്വീകരിക്കുന്ന നടപടികൾ പോലീസ് സേനക്ക് അപമാനമുണ്ടാക്കുന്നുവെന്ന് തുറന്ന് പറയുകയുണ്ടായി. പഠിപ്പിൽ മിടുക്കനായ ബീഹാറിയും ആറംഗ കുടുംബത്തിന്റെ അത്താണിയായ മലയാളിയും  കസ്റ്റഡിയിലിരിക്കെ കൊല ചെയ്യപ്പെട്ടതിന് ശേഷവും മർദ്ദകരായ പോലീസ് ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്നത് നിസ്സാരമായി കണ്ടുകൂട. യു.ഡി.എഫ് സർക്കാരിന്റെ പോലീസ് നയം ക്രിമിനലുകളും അഴിമതിക്കാരുമായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതും ജനകീയ പ്രസ്ഥാനങ്ങളെ മർദ്ദിച്ചൊതുക്കാൻ ലക്ഷ്യമിട്ടതുമാണ്. ലോക്കപ്പ് മർദ്ദനം വെച്ചുപൊറുപ്പിക്കെന്ന് മന്ത്രി പ്രഖ്യാപിച്ചശേഷവും 14 പേരെ ക്രൂരമായി പോലീസ് ലോക്കപ്പുകളിൽ വെച്ച് മർദ്ദിക്കുകയുണ്ടായി. ഇത്തരം ക്രൂരതകളെ ന്യായീകരിക്കുന്ന പോലീസ് അസോസിയേഷൻ ഭരണവിലാസം സംഘടനയായി അധഃപതിച്ചത് ദൗർഭാഗ്യകരമാണ്.