കണ്ണൂർ: ഷൂക്കൂർ വധ കേസുമായി ബന്ധുപ്പെട്ട് പാർട്ടി കോടതിയും എം.എം.എസ് സന്ദേശവും എന്ന വ്യാജ പ്രചരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവർ മാപ്പുപറയണമെന്ന് സിപിഐ(എം) ജില്ലാ ആക്ടിംഗ് സെക്രട്ടറി എം.വി.ജയരാജൻ ആവശ്യപ്പെട്ടു.

നുണയന്മാരുടെ സിപിഐ(എം) വിരുദ്ധ അപവാദ പ്രചണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു. പിറവം ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസും യുഡിഎഫിന്റെ മുഖപത്രമായി പ്രവർത്തിച്ചിരുന്ന ചില മാധ്യമങ്ങളും നടത്തിയ ഗൂഡാലോചനയെത്തുടർന്ന് പാർട്ടി കോടതി വിധിപ്രകാരം നടപ്പാക്കിയ കൊലപാതകമെന്ന് ഒന്നാം പേജിൽ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. പോലീസ് അന്വേഷണസംഘത്തിൽനിന്ന് ലഭിച്ച വിവരമെന്നാണ് മാധ്യമ വാർത്തയിൽ വന്നിരുന്നത്. പിറവത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് സമ്പാദിക്കുകയുമായിരുന്നു വ്യാജവാർത്ത തയ്യാറാക്കിയ യുഡിഎഫിനുവേണ്ടി ക്വട്ടേഷൻ എടുത്തവരുടെ അന്നത്തെ ലക്ഷ്യം. കൊലയാളികളുടെ പാർട്ടിയാണ് സിപിഐ(എം) എന്ന് ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചവർക്ക് ഇത്തരം കല്പിതകഥകൾ ആവശ്യമാണ്.

മാർച്ച് 15-ന്റെ മാതൃഭൂമി വാർത്തയിൽ അന്വേഷണ സംഘത്തിന് ലഭിച്ച വിവരം ഇങ്ങനെ എന്നു തുടങ്ങുന്ന പേരഗ്രാഫിൽ പറയുന്നത് പൂർണ്ണമായും കള്ളമാണെന്ന് ആഗസ്റ്റ് 24-ന്റെ അതേ പത്രത്തിൽ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മാർച്ച് 15-ലെ മാതൃഭൂമി വാർത്ത ഇപ്രകാരമണ്. 'ഫോട്ടോ മൊബൈലിൽ പകർത്തി ഇത് മൾട്ടിമീഡിയ മെസേജ് വഴി ചില ഫോണുകളിലേക്ക് കൈമാറി. കുറച്ചു സമയത്തിനകം എംഎംഎസ് കൈമാറ്റം ചെയ്തവരിൽ നിന്നുള്ള മെസേജുകൾ അക്രമിക്കാനെത്തിയവർക്ക് ലഭിക്കുന്നു. അതോടെ വയലിൽ തള്ളിയിട്ട് ഷുക്കൂറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു'. മാർച്ച് 15-ന് മനോരമയിൽ  തലക്കെട്ടുപോലും 'കണ്ണൂരിലെ കൊല പാർട്ടി കോടതി വിധി പ്രകാരമെന്നായിരുന്നു'.

എഫ്.ഐ.ആർ തെയ്യാറാക്കിയത് ലീഗ് പ്രവർത്തകന്റെ മൊഴി പ്രകാരമാണ്. അതിലൊന്നും പറയാത്ത കാര്യം ലീഗുകാരോ സംഭവ സമയത്തെ സാക്ഷികളോ അല്ലാത്ത ചില മാധ്യമ പ്രവർത്തകർക്ക് മാത്രം കിട്ടണമെങ്കിൽ ഭരണ-രാഷ്ട്രീയ നേതൃത്വവും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കൈമാറാതെ സാധിക്കില്ല. മാത്രമല്ല ഒരു മാസത്തിനുശേഷമാണ് വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ചതും. അത് ആരെന്ന് അന്വേഷിച്ച് കണ്ടെത്തണം. വാർത്ത വന്ന ഉടനെ മുഖ്യമന്ത്രികെ.പി.സി.സി പ്രസിഡണ്ട്, വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി എന്നിവർ കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കും പോലെ സിപിഐ(എം) വിരുദ്ധ പ്രസ്താവനകളുമായി രംഗത്തെത്തി. സിപിഐ(എം) താലിബാനിസമാണെന്ന് നടപ്പിലാക്കുന്നതെന്നും പാർട്ടി കോടതിയുടെ വിധിയനുസരിച്ച് വധശിക്ഷ നടപ്പാക്കിയ സിപിഐ(എം) ജനങ്ങളോട് മറുപടി പറയണമെന്നുമായിരുന്നു മുഖ്യമന്ത്രിയടക്കമുളള യുഡിഎഫ് നേതാക്കളുടെ അക്കാലത്തെ പ്രസ്താവനകൾ. പിറവത്ത് മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണവിഷയമായി ഇത് മാറ്റുകയും ചെയ്തു. ലീഗുകാർ പട്ടുവത്തുവെച്ച് വധിക്കാൻ ശ്രമിച്ച പി.ജയരാജന്റെയും ടി.വി. രാജേഷിന്റെയും പേരിൽ 118 പ്രകാരം കേസെടുത്തവർക്ക് സിപിഐ(എം) വിരുദ്ധ ഗൂഡാലോചന നടത്തി വ്യാജ വാർത്തകൾ സൃഷ്ടിച്ചവരെക്കുറിച്ച് എന്ത് പറയാനുണ്ട്. കുറ്റപത്രം സമർപ്പിച്ച ശേഷം മാതൃഭൂമി ആഗസ്റ്റ് 24നു നൽകിയ വാർത്തയിൽ  വിഷം ചീറ്റൽ തുടരുന്നു എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. 'ഷുക്കൂറിനെ കൊന്ന രീതി കാരണം പാർട്ടി കോടതി താലിബാൻ മോഡൽ എന്നീ പരാമർശങ്ങൾ സിപിഐ(എം)ന്റെ പേരിൽ ചാർത്തപ്പെട്ടു. പിറവം തെരഞ്ഞെടുപ്പ് വേളയിൽ ഷുക്കൂർ വധം പ്രചരണത്തിലെ പൊള്ളുന്ന വിഷയങ്ങളിലൊന്നായി മാറി'. മാർച്ച് 15-നു പോലീസ് അന്വേഷണ സംഘത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്ത മാതൃഭൂമി ഇപ്പോൾ കുറ്റപത്രത്തിൽ യാതൊന്നുമില്ലെന്ന് വന്നപ്പോൾ സ്വന്തം റിപ്പോർട്ടിലൂടെ സിപിഐ(എം)നെതിരായ വേട്ട തുടരുകയാണ്. എന്നാൽ എംഎംഎസ് വഴി ചിത്രം കൈമാറിയല്ല ഷുക്കൂറിനെ തിരിച്ചറിഞ്ഞതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത് എന്ന്  സമ്മതിക്കുന്നതിലൂടെ  മാർച്ച് 15-നു തങ്ങൾ നൽകിയ വാർത്ത വ്യാജമായിരുന്നുവെന്ന് മാതൃഭൂമി തുറന്നു സമ്മതിക്കുന്നു.

മാർച്ച് 15-നു 'പാർട്ടി കോടതി നടപ്പാക്കിയ വധ ശിക്ഷ'യെന്ന തലക്കെട്ട് കൊടുത്ത മറ്റൊരു പത്രം മനോരമയാവട്ടെ. കുറ്റപത്രം സമർപ്പിച്ച ശേഷം ആഗസ്റ്റ് 24-നു നൽകിയ വാർത്തയുടെ തലക്കെട്ട് 'കൊല്ലും മുമ്പ് ഗൂഡാലോചന' എന്നായി മാറി. അഞ്ച് മാസത്തിനകം നടന്ന ഇത്തരം മറിമായങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.എംഎംഎസ് സന്ദേശം പി.ജയരാജന് അയച്ചുകൊടുക്കുകയും പാർട്ടി നേതാക്കളുടെ നിർദ്ദേശമനുസരിച്ചാണ് കൊല നടത്തിയതെന്നുള്ള വ്യാജ വാർത്ത നിർമ്മിതിക്കാരുടെ തെളിവുകൾ പി.ജയരാജന്റെയും ടി.വി.രാജേഷ് എം.എൽഎയുടെയും പേരിൽ കള്ളക്കേസ് എടുത്തു കോടതിയിൽ ആഗസ്റ്റ് 1-നു സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിലോ ഇപ്പോൾ കുറ്റപത്രത്തിലോ കാണുന്നില്ല.

 

ലീഗ് തീവ്രവാദികൾക്ക് കീഴടങ്ങിയാണ് സർക്കാരും പോലീസും ഈ കേസിൽ പ്രവർത്തിച്ചത്. അതിന് ചില മാധ്യമങ്ങളുടെ പിന്തുണയുമുണ്ടായി. കമ്പി പ്രയോഗവും മൂന്നാം മുറയുമെല്ലാം ലീഗ്കാർക്ക് വേണ്ടിയായിരുന്നു. ഇരട്ട ക്കൊലക്കേസിലെ പ്രതിയായ ലീഗ് എംഎൽഎയെ സംരക്ഷിക്കുകയും സിപിഐ(എം) നേതാക്കളെ വേട്ടയാടുകയും ചെയ്യുന്നു. ലീഗുകാർ പ്രതികളായ വധശ്രമക്കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചില്ല. 14 പ്രതികളിൽ 4 പേരെ മാത്രമെ അറസ്റ്റു ചെയ്തുള്ളു. 307പ്രകാരം ജയിലിൽ കഴിയുന്ന ലീഗുകാരുടെ ജാമ്യാപേക്ഷ എതിർക്കാതിരുന്ന സർക്കാർ വക്കീൽ 118-ാം വകുപ്പു പ്രകാരം കേസെടുത്ത പി.ജയരാജന് ജാമ്യം നൽകരുതെന്ന് വാദിക്കുന്നു. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ പ്രത്യേകമായി ചുമതപ്പെടുത്തുകയും ചെയ്തു. കാസർഗോഡ് ഉദുമയിലെ മനോജിന്റെയും ഇടുക്കിയിലെ അനീഷ് രാജന്റെയും കൊലയാളികളെ പിടികൂടുന്നില്ല. മാറാട് കേസിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷണമില്ല. ലീഗ് എംഎൽഎയാണെങ്കിൽ ആരെ വേണമെങ്കിലും കൊലപ്പെടുത്താൻ ആഹ്വാനം നൽകാനും ഗൂഡാലോചന നടത്തുവാനും സൗകര്യം ലഭിക്കും. ലീഗുകാർ പ്രതികളായ 25 കേസുകൾ പിൻവലിച്ചു. നിയമമല്ല രാഷ്ട്രീയം നോക്കിയാണ് കേസുകൾ കൈകാര്യം ചെയ്യുന്നത്. നിയമം നിയമത്തിന്റെ വഴിക്കല്ല  ലീഗിന്റെ വഴിക്കാണ് ആഭ്യന്തരമന്ത്രാലയം ലീഗിന്റെ മന്ത്രാലയമായി അധഃപതിച്ചു.