കണ്ണൂർ :'ഹിറ്റ്‌ലിസ്റ്റ'ല്ല പോലീസിലെ ക്രിമിനലുകളുടെ ലിസ്റ്റാണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സമർപ്പിച്ചതെന്ന് എം വി ജയരാജൻ വ്യക്തമാക്കി. കണ്ണൂർ ജില്ലയിൽ സി പി ഐ (എം) പ്രവർത്തകരെ മർദ്ദിക്കാൻ നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ ആഭ്യന്തരമന്ത്രിക്ക് ആഗസ്ത് 7-നു തന്നെ നൽകിയ നിവേദനത്തിൽ വ്യക്തമാക്കിയിരുന്നു. അക്കാര്യം സമാധാന യോഗത്തിൽ വിശദീകരിക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ പറയേണ്ടതില്ല എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയപ്പോൾ മർദ്ദനത്തിന് നേതൃത്വം കൊടുത്തവരുടെ ഔദ്യോഗിക പേരാണ് പറഞ്ഞത്. മർദ്ദനമേറ്റവരുടെ പേരുകളും വ്യക്തമാക്കിയിരുന്നു. ചിത്രങ്ങൾ സഹിതമാണ് മർദ്ദിക്കുന്ന ഉദ്യോഗസ്ഥന്മാരെയും മർദ്ദനമേറ്റവരെയും കുറിച്ച് വിവരിച്ചത്. ഇത്തരത്തിൽ നിവേദനം കൃത്യതയുള്ളതായിരുന്നു. ഇങ്ങനെ കൃത്യതയില്ലാതെ പോലീസ് മർദ്ദനത്തെ കുറിച്ച് പരാതി ഉന്നയിച്ചാൽ ആരുടെ പേരിലാണ് നടപടി എടുക്കുക. പോലീസ് വാഹനത്തിലും, സ്റ്റേഷനിലും, ലോക്കപ്പിലും വെച്ച് ആരൊക്കെയാണ് തങ്ങളെ ക്രൂരമായി മർദ്ദിച്ചതെന്ന കാര്യം കോടതിയുടെ മുമ്പാകെ മർദ്ദനമേറ്റവർ മൊഴി നൽകിയിട്ടുണ്ട്. ചിലരാവട്ടെ സ്വകാര്യ അന്യായം ഫയൽ ചെയ്തിട്ടുണ്ട്. ഗുണ്ടകളെ പോലെ വീട് കയറി അതിക്രമങ്ങൾ കാട്ടിയവരെ കുറിച്ച് പേര് പറഞ്ഞ് കൊണ്ടാണ് പരാതികൾ മനുഷ്യാവകാശ കമ്മീഷനും ഉയർന്ന പോലീസുദ്യോഗസ്ഥർക്കും പോലീസ് കംപ്ലേന്റ് അതോറിറ്റിക്കും നൽകിയത്. എൻ ചന്ദ്രനെ സി പി ഐ (എം) ജില്ലാകമ്മിറ്റി ഓഫീസിന് മുമ്പിലിട്ട് ക്രൂരമായി മർദ്ദിക്കുന്ന പോലീസുദ്യോഗസ്ഥന്മാരുടെ ഫോട്ടോ മാധ്യമങ്ങളിൽ വന്നതാണ്. ഇത് പോലെ മറ്റ് സി പി ഐ (എം) പ്രവർത്തകരെ മർദ്ദിച്ച പോലീസുദ്യോഗസ്ഥരെ കുറിച്ചും വ്യക്തമായ തെളിവുകളുണ്ട്. ക്രമസമാധാന ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥർ ജില്ലയിലുണ്ട്. അവരിൽ 14 പേർ മാത്രമാണ് മർദ്ദനത്തിന് നേതൃത്വം കൊടുത്തവർ. അതായത് കേവലം 10 ശതമാനം പോലീസുദ്യോഗസ്ഥർ ക്രിമിനലുകളാണ്. അവരെ ഒറ്റപ്പെടുത്തേണ്ടതും നടപടികൾ സ്വീകരിക്കേണ്ടതും ജനാധിപത്യത്തിൽ സർക്കാറിന്റെ ചമുതലയാണ്. എന്നാൽ മുഖ്യമന്ത്രിയും-കേന്ദ്രസംസ്ഥാന മന്ത്രിമാരും ക്രിമിനലുകളായ പോലീസുകാരെ സംരക്ഷിക്കുകയാണ്. പൗരൻമാരെ വളഞ്ഞിട്ട് തല്ലിയാണോ പോലീസ് സേനയുടെ മനോവീര്യം സംരക്ഷിക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കണം. ലോക്കപ്പ് മർദ്ദനം സർക്കാറിന്റെ നയമല്ലെന്നും അത് വെച്ചു പൊറിപ്പിക്കില്ലെന്നും പറയുന്ന മന്ത്രിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മർദ്ദകരായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കുകയാണ് വേണ്ടത്. അല്ലാതെ മർദ്ദക വീരന്മാരെ സംരക്ഷിക്കുകയല്ല. മർദ്ദകവീരന്മാരെ സംരക്ഷിക്കുന്നത് മൂലമാണ് സത്‌നംസിങ്ങും അജികുമാറും കസ്‌ററഡിയിൽ വെച്ച് മരിക്കാൻ ഇടയായത്.
സുപ്രീംകോടതി 2004 ലും, 2005 ലും വിവിധ കേസുകളിൽ പോലീസ് മർദ്ദനം ഔദ്യോഗിക കൃത്യനിർവ്വഹണമല്ലെന്നാണ് പറഞ്ഞത് അതുകൊണ്ട് തന്നെ മർദ്ദകവീരന്മാരും മൂന്നാംമുറക്കാരുമായ പോലീസുദ്യോഗസ്ഥൻമാർക്ക് 197-ാം വകുപ്പിന്റെ സംരക്ഷണത്തിന് അർഹതയില്ലെന്ന് 2011-ൽ കേരളഹൈക്കോടതിയും വിധിച്ചു. ഓട്ടോ മൊബൈൽ കമ്പനിയിലെ ഒരു തൊഴിലാളിയെ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ച നടപടിയെ ചോദ്യം ചെയ്ത കേസിലാണ് പോലീസുദ്യോഗസ്ഥനെ സ്വകാര്യ അന്യായത്തിലൂടെ പ്രോസിക്യൂട്ട് ചെയ്യാമെന്ന് വിധിച്ചത്. പോലീസ് മർദ്ദിച്ചാൽ നടപടിയെടുക്കാനാണല്ലോ റിട്ടയർ ചെയ്ത ഹൈക്കോടതി ജഡ്ജി ചെയർമാനായ പോലീസ് കംപ്ലേന്റ് അതോറിറ്റി രൂപീകരിച്ചത്. മർദ്ദിച്ച പോലീസുകാർക്ക് സംരക്ഷണം നൽകുന്നതാണ് സർക്കാർ നയമെങ്കിൽ പിന്നെ പൗരന്മാർക്ക് എവിടെ നിന്ന് നീതി കിട്ടും. അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ടുന്ന മാർഗ്ഗ രേഖ പുറപ്പെടുവിച്ചത് കോടതിയാണ്. അതിൽ ലോക്കപ്പ് മർദ്ദനമോ, ഓടിച്ച് പിടിക്കലോ, പിടിച്ച ഉടനെ അടിയോ പറയുന്നില്ലെന്ന് മാത്രമല്ല അതെല്ലാം മൂന്നാംമുറയാണ് താനും. മർദ്ദകവീരന്മാർക്കെതിരെ പരിക്ക് കണ്ട് ബോധ്യപ്പെട്ട കോടതി സ്വമേധയാ കേസെടുക്കാൻ തുടങ്ങിയതോടെ അത്തരം കേസുകൾ സർക്കാർ നടത്തുമെന്ന മന്ത്രിമാരുടെ പ്രഖ്യാപനം കോടതിയലക്ഷ്യമാണ്. കോടതി വിധിയുടെ അന്തസത്തക്ക് നിരക്കുന്നതുമല്ല. പോലീസ് മർദ്ദനം ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമല്ലെന്നും കോടതി വിധിച്ചാൽ അതിന്റെ അർത്ഥം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സ്വകാര്യ നിർവ്വഹണമാണ് പോലീസ് മർദ്ദനമെന്നാണ്. പ്രതിയോഗികളെ മർദ്ദിച്ചൊതുക്കുകയെന്ന രാഷ്ട്രീയ ദൗത്യം കൂടിയാണ് പോലീസുദ്യോഗസ്ഥരെ ഏൽപ്പിക്കുന്നതെന്നാണ് മർദ്ദക വീരന്മാരെ സംരക്ഷിക്കുന്ന ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ തെളിയിക്കുന്നത്. ഇത്തരം നിയമവിരുദ്ധവും നീചവുമായ സർക്കാർ നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണമെന്ന് എം വി ജയരാജൻ അഭ്യർത്ഥിച്ചു.