കണ്ണൂർ: പോലീസിന്റെ കിരാത മർദ്ദന മുറകൾ തുടരുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. ആഗസ്ത് 16, 17 തീയ്യതികളിൽ തലശ്ശേരി പാനൂർ പോലീസ് സ്റ്റേഷനുകളിൽ സി പി ഐ (എം) പ്രവർത്തകരെ  പോലീസ് ക്രൂരമായി മർദ്ദിക്കുകയുണ്ടായി. ചൊക്ലി സ്വദേശികളായ സനീഷ് വാതിക്കൽ പറമ്പത്ത്, ശ്രീജിൻ, വിജിൽ പുഷ്പഗിരി, ശരത് കോയ്യാട്ട്, ശ്രിബിൻ ഐശ്വര്യ, എന്നിവരെ പാനൂർ സ്റ്റേഷനിൽ കൊണ്ടുപോയി  സി ഐ യുടെ നേതൃത്വത്തിലാണ് മർദ്ദിച്ചത്. ശ്രീജിനും, ശ്രിബിനും വിദ്യാർത്ഥികളും 19 വയസ്സ് മാത്രം പ്രായമുള്ളവരുമാണ്. കുനിച്ച് നിർത്തി മുതുകത്ത് മർദ്ദിക്കുകയാണ് ചെയ്തത്. വടക്കുമ്പാട് സ്വദേശിയായ കെ.എൻ ശ്രീലേഷിനെ തലശ്ശേരി സ്റ്റേഷനിൽ വെച്ചാണ് എസ്.ഐ യുടെ നേതൃത്വത്തിൽ മർദ്ദിച്ചത്. ഭീകര മർദ്ദനത്തെ തുടർന്ന് ശ്രീലേഷ് മുടന്തിയാണ് കോടതിയിൽ എത്തിയത്. ശ്രീലേഷ് ഡിവൈഎഫ്‌ഐ വില്ലേജ് കമ്മിറ്റി അംഗവും നിർമ്മാണ തൊഴിലാളിയുമാണ്.

തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ പോലീസ് മർദ്ദിച്ച കാര്യം മജിസ്‌ട്രേറ്റിനോട് പറയുകയുണ്ടായി. ആവശ്യമായ ചികിത്സ നൽകാൻ ജയിലധികൃതർക്ക് നിർദ്ദേശം നൽകി കൊണ്ടാണ് കോടതി റിമാന്റ് ചെയ്തത്. ആശുപത്രിയിൽ കാണിച്ച ശേഷം മൊഴി രേഖപ്പെടുത്താൻ കോടതയിൽ ഹാജരാക്കാൻ പോലീസിന് നിർദ്ദേശം നൽകി. എന്നാൽ പോലീസ് ഹാജരാക്കിയത് കോടതിയുടെ സിറ്റിംഗ് സമയം കഴിഞ്ഞാണ്. ചേമ്പറിൽ ഹാജരാക്കിയപ്പോൾ മജിസ്‌ട്രേറ്റ് തൊട്ടടുത്ത ദിവസം സിറ്റിംഗ് സമയം തന്നെ ഹാജരാക്കാൻ പോലീസിനോട് നിർദ്ദേശിച്ചു. ബോധപൂർവ്വം മൊഴിയെടുക്കാൻ പോലും പോലീസ് താമസിച്ചിരിക്കുന്നു. അറസ്റ്റ് ചെയ്തതിന് ശേഷം ആശുപത്രിയിൽ ഡോക്ടറുടെ പരിശോധന നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങിയതിന് ശേഷമാണ് പോലീസ് മർദ്ദനം നടത്തുന്നത്. പോലീസ് സ്റ്റേഷനിൽ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യുന്നു. സി പി ഐ (എം) പ്രവർത്തകരോട് തീവ്രവാദികളെയും, ഭീകരന്മാരെയും പോലെയാണ് പോലീസ് പെരുമാറുന്നത്. യാതൊരു നീതിയും ലഭിക്കുന്നില്ല. പ്രതികളല്ലാത്തവരുടെ ഫോട്ടോ പോലും എടുത്ത് കൃത്രിമ തെളിവുണ്ടാക്കുന്നു. തങ്ങളുടെ കയ്യ്‌വശമുള്ള വീഡിയോ-ഫോട്ടാഗ്രാഫിയിൽ ഉണ്ടെന്ന് വരുത്തി തീർത്ത് അറസ്റ്റിന് ന്യായീകരണം കണ്ടെത്തുകയാണ്. കോൺഗ്രസ് ലീഗ് ഓഫീസുകളിൽ നിന്നും നൽകുന്ന ലിസ്റ്റ് പ്രകാരം പ്രതികളെ ചേർക്കുന്ന രാഷ്ട്രീയ കളിയാണ് ഇപ്പോൾ നടക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി ആഭ്യന്തരമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. ലോക്കപ്പ് മർദ്ദനം സർക്കാർ നയമല്ലെന്നും അത് വെച്ചു പൊറുപ്പിക്കില്ലെന്നുമുള്ള ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം കേവലം ജലരേഖയായി മാറി. സമാധാനയോഗത്തിന് മുമ്പ്  56ഉം അതിനുശേഷം 13ഉം പേരെ ലോക്കപ്പിലും സ്റ്റേഷനിലും വെച്ച് പോലീസ് മർദ്ദിക്കുകയുണ്ടായി. മർദ്ദിച്ചവരുടെ പേര് സഹിതം സി പി ഐ (എം) ജില്ലാ കമ്മിറ്റി മന്ത്രിക്കും ഉദ്യോഗസ്ഥർക്കും പരാതിയായി നൽകി. മർദ്ദനമേറ്റവർ കോടതിയിൽ മൊഴിയും നൽകി.

കമ്പി പ്രയോഗവിദഗ്ദ്ധന്മാരും മർദ്ദകവീരന്മാരുമായ ഡിവൈഎസ്പി അടക്കമുള്ള 13 പോലീസുദ്യോഗസ്ഥന്മാർ ജില്ലയിലുണ്ട്. അവരെ സംരക്ഷിക്കുന്നത് ആഭ്യന്തരമന്ത്രിയാണ്. ഉയർന്ന ഉദ്യോഗസ്ഥന്മാർ പറഞ്ഞാലും മർദ്ദനം അവസാനിപ്പിക്കാത്ത ഈ മർദ്ദക വീരന്മാരുടെ പേരിൽ

നടപടിയെടുക്കുന്നില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവരും. 600ലധികം പേരെ ജയിലിലടച്ചിട്ടും കലിതീരാത്ത കണ്ണൂർ ജില്ലയിലെ ചില പോലീസുദ്യോഗസ്ഥന്മാർ സി പി ഐ (എം) വേട്ടക്ക് സർക്കാരിൽ നിന്നും അവാർഡ് കിട്ടുമോ എന്ന് പരീക്ഷിക്കുകയാണ്.

ഇലക്ഷൻ നടക്കുന്ന മട്ടന്നൂരിൽ സ്വതന്ത്രമായ പ്രവർത്തനം അനുവദിക്കുന്നില്ല. സ്ഥാനാർത്ഥികളെയും, വാർഡ് സെക്രട്ടറിമാരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. യുഡിഎഫിനെ വിജയിപ്പിക്കാനുള്ള ക്വട്ടേഷനും പോലീസ് ഏറ്റെടുത്തിരിക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം. സ്ഥാനാർത്ഥികൾക്കും, എൽഡിഎഫ് പ്രവർത്തകർക്കും സ്വതന്ത്രമായി വീട് കയറി വോട്ടർമാരെ കാണാൻ സൗകര്യം ലഭിക്കണം. അത് സർക്കാരിന്റെയോ, പോലീസിന്റെയോ ഔദാര്യമല്ല ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ലഭിക്കേണ്ടുന്ന ജനാധിപത്യവകാശമാണ്. മട്ടന്നൂർ മുൻസിപ്പാലിറ്റി പരിധിയിൽ ഇനിയൊരു അറസ്റ്റും റെയ്ഡും പോലീസ് നടത്താൻ പാടില്ല. കോൺഗ്രസും ലീഗും തമ്മിൽ സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും രൂക്ഷമായ തർക്കമാണ്. ജനങ്ങളിൽ നിന്നും ഒറ്റപ്പെടുന്ന യുഡിഎഫിന്  പോലീസ് ഭീകരത മാത്രമാണ് ഉത്തേജനം. സദാചാര ഗുണ്ടകളായ ലീഗുകാരുടെ പേരിൽ  നടപടിയില്ല. കോൺഗ്രസുകാരും, ലീഗുകാരും പ്രതികളായ 25 കേസുകൾ ഇതിനകം സർക്കാർ പിൻവലിച്ചു. ദേശീയപതാകയെ അപമാനിച്ച ലീഗുകാരുടെ പേരിൽ കേസില്ല. സി പി ഐ (എം) പ്രവർത്തകരുടെ പേരിൽ കള്ളക്കേസെടുത്തു.

ഇത്തരം പോലീസ് ഭീകരതക്കെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കണമെന്ന്  സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

 

ലോക്കപ്പ് മർദ്ദനം ഇനിയും തുടർന്നാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുമുന്നിൽ അനിശ്ചിതകാല സമരം ജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കും. മർദ്ദക വീരന്മാരുടെ പേരുകൾ ഉൾപ്പെടുത്തി പരസ്യ ബോർഡുകൾ സ്ഥാപിക്കും.  ഇതിനകം സ്ഥാപിച്ച ബോർഡുകൾ പോലീസുകാർ അഴിച്ചു കൊണ്ടുപോയി. 100 ലേറെ പോലീസ് ഓഫീസർമാരിൽ കേവലം 13 പേർ മാത്രമാണ് മർദ്ദകവീരന്മാർ. അവരെ ഒറ്റപ്പെടുത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. മനുഷ്യാവകാശ കമ്മീഷൻ പ്രശ്‌നത്തിൽ ഇടപെടണം.