കണ്ണൂർ : സമാധാന യോഗത്തിന് ശേഷവും ജില്ലയിൽ പോലീസ് ഭീകരത തുടരുന്നത് ആപൽക്കരമാണെന്ന് സി പി ഐ (എം) ജില്ല സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

പിണറായി-എരുവട്ടിയിൽ കുന്നുമ്മൽ വീട്ടിൽ ഒതേനന്റെ മകൻ സജിത്തിനെ പുലർച്ചെ 2.30 മണിക്ക് വാതിൽ ചവിട്ടിപൊളിച്ച് വീട്ടിൽ കയറി അറസ്റ്റ് ചെയ്തത നടപടി നീതീകരിക്കാനാവില്ല. വീട് മുഴുവൻ വളഞ്ഞാണ് പോലീസ് ഈ ഭീകരത സൃഷ്ടിച്ചത്. അടുക്കള വാതിലും മറ്റ് ജനലുകൾക്കും നേരെ ചവിട്ടിയും ലാത്തികൊണ്ട് കുത്തുകയും ചെയ്തു. വീടിന്റെ മുൻ വാതിലാണ് ചവിട്ടി പൊളിച്ചത്. 70 വയസ് പ്രായമുള്ള ഒതേനനും വൃദ്ധരായ 2 സ്ത്രീകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കോൺഗ്രസ് അനുഭാവിയായ ഒതേനൻ പുറത്തെ മുറിയിലാണ് ഉറങ്ങാൻ കിടന്നിരുന്നത്. ഇതിന് വാതിലുമില്ല. സംഭവം കേട്ട് ഉണർന്ന ഒതേനൻ എന്തിനാണ് വന്നതെന്ന് പോലീസിനോട് തിരക്കി. മകനെ അറസ്റ്റ് ചെയ്യണമെന്ന് പോലീസ് പറഞ്ഞു. അവൻ നിരപരാധിയാണെന്നും എന്റെ മകൻ കൂലി പണിക്ക് പോയാണ് എന്റെ കുടുംബം നോക്കുന്നതെന്നും പറഞ്ഞിട്ടും പോലീസ് പിന്തിരിഞ്ഞില്ല. അകത്തുള്ള പ്രായമുള്ള സ്ത്രീകൾ പോലീസിനോട് കരഞ്ഞ് പറഞ്ഞിട്ടും പോലീസ് അടങ്ങിയില്ല. അവർ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടക്കുകയും പോലീസ് ഭീകരത സൃഷ്ടിക്കുകയും ചെയ്തു.

ഒരു മണിക്കൂർ പോലീസുകാർ കലിതുള്ളിയ കണക്കെയായിരുന്നു അവിടെ പെരുമാറിയത്. ആഗസ്ത് 1-നു ശേഷം ജില്ലയിൽ പോലീസുകാർ കാട്ടികൂട്ടുന്ന ഭീകരത ഇപ്പോഴും അവസാനിച്ചിട്ടില്ല. വീടിന്റെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കയറുന്ന സംഭവം ആഗസ്ത് 1-നു ശേഷം ജില്ലയിൽ ആദ്യത്തേതാണ്. ഗുണ്ടകളെ പോലെ പെരുമാറിയ പോലീസ് നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും ജനാധിപത്യവിരുദ്ധമായ ഇത്തരം നീക്കത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്നും സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

 

പോലീസ് അതിക്രമത്തിനിരയായ ഒതേനന്റെ വീട് എം വി ജയരാജൻ, ടി കൃഷ്ണൻ, പി ബാലൻ, കെ മനോഹരൻ, കെ ശശി, ആലക്കണ്ടി രാജൻ എന്നീ സഖാക്കൾ സന്ദർശിച്ചു.