കണ്ണൂർ ജില്ലയിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവവികാസങ്ങൾക്ക് എന്താണ് കാരണമെന്നും ആരാണ് കാരണക്കാരെന്നും ആഗസ്ത് 7 ന് നടന്ന സമാധാനയോഗത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രതികരണങ്ങൾ സി പി ഐ (എം) ജനങ്ങളെ ബോധ്യപ്പെടുത്തുന്നു.

കേരള കോൺഗ്രസ് (മാണി) പ്രതിനിധിയടക്കമുള്ള ഭരണകക്ഷികൾ പോലും പോലീസ് നടപടികളെ നിശിതമായി വിമർശിച്ചു. ഫെബ്രുവരി 20 ന് സി പി ഐ (എം) ജില്ലാസെക്രട്ടറി പട്ടുവം സന്ദർശിക്കും മുമ്പ് എസ് പി യെ അറിയിച്ചിട്ടും ആവശ്യമായ പോലീസ് സേനയെ വിന്യസിക്കാത്തതും പി ജയരാജനെ പോലുള്ള ഒരു രാഷ്ട്രീയ നേതാവിനെ അറസ്റ്റ് ചെയ്താൽ ഉണ്ടാകാനിടയുള്ള ഭവിഷത്തുകൾ തിരിച്ചറിയാതതുമായ പോലീസിന്റെ കഴിവ് കേടാണ് ജില്ലയിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് പോലും ഭരണകക്ഷി നേതാവ് തുറന്നടിച്ചു.

കെ പി സി സി സെക്രട്ടറി സതീശൻ പാച്ചേനിയാവട്ടെ പോലീസിനെ പറ്റി കോൺഗ്രസിനും പരാതിയുണ്ടെന്ന് വെട്ടി തുറന്നു പറഞ്ഞു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പോലീസ് നടപടികളെ കുറിച്ച് ശക്തമായ ഭാഷയിൽ എല്ലാവരും വിമർശിക്കുകയുണ്ടായി. വിമർശനം വസ്തു നിഷ്ഠമായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ കൊടിമരവും, കൊടിയും, വിലക്കയറ്റ വിരുദ്ധ ജനകീയ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രചരണബോർഡുകൾ പോലും മോഷ്ടാക്കളെ പോലെ എടുത്ത് കൊണ്ട് പോകുകയും നശിപ്പിക്കുകയും ചെയ്യുന്ന പോലീസിനെ ആരാണ് ജനമൈത്രി പോലീസ് എന്ന് വിശേഷിപ്പിക്കുക. ജനാധിപത്യ വ്യവസ്ഥയിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാനും ആശയപ്രചരണം നടത്താനും സമരം ചെയ്യാനുമുള്ള  അവകാശം മൗലികമാണ്. സ്വന്തം ജില്ലയായ കോട്ടയത്ത് പ്രചരണബോർഡുകൾ ഗതാഗത തടസ്സമില്ലാതെ, മതവൈര്യം പ്രചരിപ്പിക്കാതെ സ്ഥാപിക്കാൻ അനുവദിക്കുന്നുണ്ടെന്ന തിരിച്ചറിവ് കൊണ്ടാണ് കണ്ണൂരിൽ ഫ്‌ളക്‌സ് ബോർഡുകൾ നീതികരണമില്ലാതെ എടുത്തുമാറ്റിയ പോലീസ് നടപടി തെറ്റാണെന്ന നിഗമനത്തിൽ ആഭ്യന്തരമന്ത്രി എത്തിചേർന്നതും പ്രചരണ ബോർഡുകൾ എടുത്തുകൊണ്ട് പോകരുതെന്ന് പോലീസിന് നിർദ്ദേശം നൽകിയതും.

ആഗസ്ത് 4 ന് കലക്ടർ വിളിച്ചു ചേർത്ത സമാധാന യോഗത്തിൽ ഞങ്ങൾ പങ്കെടുത്തിരുന്നില്ല. സർക്കാരും പോലീസുമാണ് ജില്ലയിലെ സംഘർഷങ്ങൾക്ക് ഉത്തരവാദികൾ. അതുകൊണ്ട് തന്നെ കലക്ടർ വിളിച്ചു ചേർത്ത ഒരു സമാധാനയോഗം പ്രയോജനകരമല്ല. മുഖ്യമന്ത്രിയോ, മന്ത്രിമാരോ പങ്കെടുത്ത് സമാധാനയോഗം വിളിച്ച് ചേർക്കുകയാണെങ്കിൽ പങ്കെടുക്കാമെന്ന് സി പി ഐ (എം) നിലപാട് വ്യക്തമാക്കുകയും ചെയ്തു.

പി ജയരാജനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച പോലീസ് പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണ്. ഗൂഢാലോചനയെ കുറിച്ച് അറിഞ്ഞിട്ടും പറഞ്ഞില്ല എന്നതാണ് കുറ്റമെങ്കിൽ കണ്ണൂർ ജില്ലാ പോലീസ് മേധാവിയാണ് പി ജയരാജൻ വധശ്രമത്തിന് ഉത്തരവാദി. അറിഞ്ഞിട്ടും പറയാത്തതിനേക്കാൾ ഗുരുതരമായ കുറ്റമാണ് വധശ്രമമെന്ന കുറ്റകൃത്യത്തിന് കൂട്ടൂനിൽക്കുന്നത്. ലീഗുകാരുടെ വധശ്രമത്തിൽ നിന്നും അദ്ഭുതകരമായി പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു എം എൽ എ രാജേഷും, പി ജയരാജനും. പി ജയരാജനും, എം എൽ എ ടി വി രാജേഷും പട്ടുവം സന്ദർശിക്കുന്ന വിവരം എസ് പിയും, പാർട്ടി നേതാക്കളും മാത്രമേ അറിയൂ. എങ്ങനെയാണ് ലീഗുക്രിമിനലുകൾ സന്ദർശന വിവരം അറിഞ്ഞത്. ഫോൺ ചോർത്തുന്ന പോലീസ് വിവരങ്ങളും ചോർത്തി നൽകാൻ തുടങ്ങിയോ.

ആർ എസ് എസ് അക്രമത്തെ തുടർന്ന് വൈകല്യം ബാധിച്ച ജയരാജന് സ്വന്തമായി ഷർട്ട് പോലും ധരിക്കാനാവില്ല. ആ ജയരാജനാണ് ഇപ്പോൾ കൊലക്കേസിലെ പ്രതി. പി ജയരാജനേയും, ടി വി രാജേഷ് എം എൽ എയേയും  ലീഗുകാർ വധിക്കാൻ  ശ്രമിച്ചതും ഏകപക്ഷീയമായ രണ്ട് വധശ്രമവും കടകൾക്കും വീടുനും നേരെ നടത്തിയ അക്രമവും പിന്നീടുണ്ടായ ദാരുണ സംഭവവും ഫെബ്രുവരിയിൽ സമാധാനയോഗം ചർച്ച ചെയ്തിരുന്നു. യശശരീരനായ ഡി സി സി ആക്ടിങ്ങ് പ്രസിഡന്റ് ഉൾപ്പെടെ എല്ലാ പാർട്ടി നേതാക്കളും ജയരാജന് നേരെ നടന്ന വധശ്രമത്തെ അപലപിച്ചു.   

നിയമവിരുദ്ധമായി പ്രവർത്തിക്കാൻ പോലീസിന് യാതൊരു അധികാരവും നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല. സി പി ഐ (എം)നും സി പി ഐ (എം) പ്രവർത്തകർക്കുമെതിരെ പോലീസ് നിയമവിരുദ്ധ നടപടികളാണ് ജില്ലയിൽ സ്വീകരിക്കുന്നത്. നിയമവിധേയമായി പ്രവർത്തിക്കുന്ന പോലീസിനെ മാത്രമേ ജനങ്ങൾ വിശ്വാസത്തിലും, ബഹുമാനത്തിലും പരിഗണിക്കുകയുള്ളൂ.

ലാത്തിചാർജ്ജ്, ടിയർഗ്യാസ് ഷെല്ലുകൾ, ഗ്രനേഡ്, റബ്ബർ ബുള്ളറ്റ്, ലോക്കപ്പ് മർദ്ദനം, ഇലക്ട്രിക്ക് ബാറ്റൺ എന്നിങ്ങനെ പോലീസിന്റെ കയ്യിലുള്ള മുഴുവൻ ആയുധങ്ങളും സി പി ഐ (എം) പ്രവർത്തകർക്ക് നേരെ പ്രയോഗിക്കുകയാണ്.

വീടുകൾ കയറി കാർഷിക വിളകളും, വീട്ടുപകരണങ്ങളും പോലീസ് തന്നെ നശിപ്പിക്കുന്ന പുതിയ രീതികളും സ്വീകരിച്ചു. ഷെൽട്ടറുകളും, കൊടിമരങ്ങളും, പ്രചരണ ബോർഡുകളും പോലീസ് തന്നെ തകർക്കുന്നു.

സി പി ഐ (എം)ന് യാതൊരു നീതിയും കിട്ടുന്നില്ല. ഭരണത്തിന്റെ യാതൊരു സൗജന്യങ്ങളും, പോലീസിന്റെ ഔദാര്യവും സി പി ഐ (എം) ന് വേണ്ട. എല്ലാവർക്കും നിയമം അനുവദിച്ച് നൽകുന്ന നീതി സി പി ഐ (എം)നും കിട്ടണം. അത് അവകാശമാണ്.

പോലീസ് മർദ്ദനത്തിൽ ഏറ്റവും ഭീകരം ആഗസ്ത് 6ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റംഗം വി കെ നിഷാദിനെ മർദ്ദിച്ച സംഭവമാണ്. 23 വയസ്സുള്ള ഒരു വിദ്യാർത്ഥി നേതാവിനെ പയ്യന്നൂർ എസ് ഐ ഷിജു, അനിൽകുമാർ എന്നിവർ എ എസ് പി യുടെ സാന്നിദ്ധ്യത്തിലാണ് ക്രൂരമായി മർദ്ദിച്ചത്. 5 മണിക്കൂറായിരുന്നു മർദ്ദനം.പയ്യന്നൂർ കോളേജിൽ നിന്നും പോലീസ് പിടികൂടിയ ഉടൻ മർദ്ദനം ആരംഭിച്ചു. പോലീസ് വാഹനത്തിൽ വെച്ചും മർദ്ദിച്ചു. തീവ്രവാദികളെ പിടിക്കുംപോലെ പിടിച്ചു. അദ്ധ്യാപകരുടെ കൺമുന്നിലായിരുന്നു പോലീസ് മർദ്ദനം. എതിർത്ത അദ്ധ്യാപകരെ തെറികൊണ്ടഭിഷേകം ചെയ്തു. എ എസ് പി ഓഫീസിൽ വെച്ച് അടിവസ്ത്രം ഉൾപ്പെടെ എല്ലാം ഊരി. വൃഷണം ഞെരിച്ചു പിടിച്ചു. റൂൾതടികൾ നിലത്ത് വിരിച്ചു അതിൽ കിടത്തി ഉരുട്ടി. ബൂട്ടിട്ട കാൽ കൊണ്ട് ചവിട്ടി. കമഴ്ത്തി കിടത്തി കാലിന്റെ അടിവെള്ളയിൽ ലാത്തികൊണ്ടടിച്ചു. ഇരുകവിളിലും ആഞ്ഞടിച്ചു. ചുമരിന് നേരെ തിരിച്ചു നിർത്തി നെറ്റി ചുമരിലടിച്ചു. മർദ്ദനത്തിനിടയിൽ പലതവണ ബോധം കെട്ടു. പോലീസ് വാഹനവും ലോക്കപ്പ് മുറിയായ അപൂർവ്വസംഭവം. വലത് ചെവിയുടെ കേൾവി ശക്തി നഷ്ടമായി. കണ്ണിനും, കാലിലും ഗുരുതരമായ പരുക്കുണ്ട്. കോടതിയിൽ പോലീസ് കൊണ്ടു വന്നപ്പോൾ പി കെ ശ്രീമതി ടീച്ചറുൾപ്പെടെയുള്ള നേതാക്കളുണ്ടായിരുന്നു. നിഷാദ് മുടന്തിയാണ് കോടതിമുറിയിലെത്തിയത്. നിഷാദിന്റെ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ് പോലീസ് മർദ്ദനത്തിൽ ആശങ്ക പ്രകടിപ്പിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടു. ചികിത്സ നൽകാൻ നിർദ്ദേശം നൽകി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നിഷാദ് ഇപ്പോൾ അകമ്പടി പോകാൻ പോലീസില്ലെന്ന് പറഞ്ഞ് ഇതുവരെ ആശുപത്രിയിലെത്തിച്ചിട്ടില്ല. ആഭ്യന്തരമന്ത്രിയും, കലക്ടറും, ഐ ജിയും റെയ്ഡിന്റെ പേരിലുള്ള ഭീകരതയും പോലീസ് മർദ്ദനവും ഉണ്ടാവില്ലെന്ന് സി പി ഐ (എം) നേതാക്കൾക്ക് ഉറപ്പ് നൽകിയതിന് ശേഷമാണ് ഈ ഭീകരവും ക്രൂരവുമായ മർദ്ദനം പോലീസ് നടത്തിയത്. ആഭ്യന്തരമന്ത്രിയുടെ വാക്കിന് ഒരു വിലയും ജില്ലയിലെ ചില പോലീസ് ഉദ്യോഗസ്ഥർ നൽകുന്നില്ല പിന്നെ എങ്ങനെ സമാധാനം ഉണ്ടാകും. സമാധാനം തകർക്കാൻ പോലീസിൽ ഒരു വിഭാഗവും  ചില ഭരണ നേതാക്കളും നടത്തുന്ന ഗൂഢാലോചനയാണ് നിഷാദിന്റെ മർദ്ദനത്തിന് കാരണം. അത്തരക്കാർ ജില്ലയിൽ സമാധാനം പുലർന്ന് കാണാൻ ആഗ്രഹിക്കാത്തവരാണ്.

സി പി ഐ (എം) ജില്ലാകമ്മിറ്റി അംഗമായ എൻ ചന്ദ്രനെ ആഗസ്ത് 1 ന് കണ്ണൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഭീകരമായ മർദ്ദനമേറ്റ് ചന്ദ്രന് ഒമ്പത് തുന്നുകളാണ് തലയിൽ വേണ്ടി വന്നത്. സി പി ഐ (എം) ലീഡറാണെന്നറിഞ്ഞ് കൊണ്ടുള്ള മർദ്ദനമായിരുന്ന് ഇത്. ചന്ദ്രനെ മർദ്ദിക്കുമ്പോൾ പ്രസ് ഫോട്ടാഗ്രാഫർ എടുത്ത ഫോട്ടോ പരിശോധിച്ചാൽ തന്നെ ചന്ദ്രനെ ഭീകരമായി തല്ലുകയായിരുന്നു എന്ന് മനസ്സിലാകും. 22 ഫോട്ടോയും മെഡിക്കൽ രേഖകളും ഹാജരാക്കി സി പി ഐ (എം) പ്രിതിനിധി സമാധാനയോഗത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഭീകരതയെ കുറിച്ച് അക്കമിട്ടു നിരത്തി. കേരളത്തിൽ തന്നെയാണോ ഇത്തരം നീചമായ സംഭവങ്ങൾ അരങ്ങേറുന്നത്.

പോലീസ് സ്റ്റേഷനുകളിൽ കൊണ്ടുപോയി 56 പോരെ ഭീകരമായി മർദ്ദിക്കുകയുണ്ടായി. അത്തരത്തിൽ മർദ്ദനമേറ്റ ചില സംഭവങ്ങൾ മാത്രമാണ് ഇവിടെ വിവരിക്കുന്നത്.

കണ്ണൂർ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ സുമേഷിന്റെ മലദ്വാരത്തിൽ കമ്പി കയറ്റുകയും ആ കമ്പി വായിൽ വെച്ചുകൊടുക്കുകയും ചെയ്ത കിരാതവും പ്രാകൃതവുമായ നടപടികൾ മലയാളിയുടെ മനസ്സിൽ ഞെട്ടലും അറപ്പും ഉളവാക്കിയിരുന്നതാണ്.  സുമേഷിന്റെ കൈകാലുകൾ കയർകൊണ്ട് കെട്ടിയതിനുശേഷമാണ് ഈ പ്രാകൃത നടപടികൾ പോലീസ് സ്വീകരിച്ചത്.  സുമേഷിന് ഇപ്പോഴും മലമൂത്ര വിസർജ്ജനം നടത്തുമ്പോൾ അസഹ്യമായ വേദന അനുഭവപ്പെടുന്നു.  സുമേഷിന് ആന്തരികമായ പരിക്ക് ഉണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി നിയമസഭയിൽ പറഞ്ഞത് മലദ്വാരത്തിൽ കമ്പി കയറ്റിയിട്ടില്ലെന്നായിരുന്നു വെന്നാണ്. സുമേഷ് ആദ്യം ആശുപത്രിയിൽ എത്തിയപ്പോൾ ലഭിച്ച ഒ.പി ചീട്ടാണ് ആഭ്യന്തരമന്ത്രിക്ക് നിയമസഭയിൽ മറുപടി നൽകാനായി പോലീസ് മേധാവികൾ നൽകിയത്. ജൂൺ 3 മുതൽ 8 വരെ സുമേഷ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ തടവുകാരുടെ ബ്ലോക്കിൽ ചികിത്സ നേടി സ്‌കാനിംഗ് ഉൾപ്പെടെയുള്ള ടെസ്റ്റുകളുടെ റിപ്പോർട്ടും മെഡിക്കൽ രേഖകളും ഹാജരാക്കി കൊണ്ട്  മൂന്നാംമുറകളെ കുറിച്ചും ലോക്കപ്പ് മർദ്ദനങ്ങളെ കുറിച്ചും യോഗത്തിൽ അവതരിപ്പിച്ചു. ഈ മൂന്നാംമുറയ്ക്ക് ഉത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ അന്ന് നടപടി എടുത്തിരുന്നുവെങ്കിൽ പിന്നീട് വ്യാപകമായ ലോക്കപ്പ് മർദ്ദനങ്ങൾ ഉണ്ടാകുമായിരുന്നില്ല.

03-08-2012ന് പോലീസ് സ്റ്റേഷൻ മാർച്ചിലോ മറ്റ് സമരങ്ങളിലോ പങ്കെടുക്കാത്ത കോളിക്കടവിലെ ആത്തോളി സുബീഷിനെ ഉച്ചക്ക് 2 മണിയോടെ നെല്ലൂന്നിയിൽ വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ലോറി തടഞ്ഞുനിർത്തി ഇരിട്ടി ഗ്രേഡ് എസ്.ഐ. സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.  എസ്.ഐ.യുടെയും കെ.എ.പി.ക്കാരുടെയും നേതൃത്വത്തിൽ സുബീഷിനെ ജീപ്പിലിട്ട് ക്രൂരമായി മർദ്ദിച്ചു.  തുടർന്ന് സ്റ്റേഷനിൽ എത്തിയപ്പോൾ എസ്.ഐ. വീണ്ടും മർദ്ദിച്ചു.  മർദ്ദനത്തിൽ പല്ലുകൊഴിഞ്ഞു.  കൊഴിഞ്ഞ പല്ല് പോലീസുകാർ സുബീഷിനെക്കൊണ്ട് എടുപ്പിച്ച് സ്റ്റേഷനിലെ ക്ലോസറ്റിൽ ഇടുവിച്ചു.

ആഗസ്ത് 2ന് മാവിലായി സ്വദേശി ഷിബിൻ പോലീസ് മർദ്ദനത്തിൽ കൈഎല്ല് പൊട്ടി, ഒരു വിരലിന്റെ ചലനം പൂർണ്ണമായും നഷ്ടപ്പെട്ട്, കണ്ണിനും പുറത്തും ഗുരുതരമായ പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.  റിമാന്റ് ചെയ്യുന്നസമയത്ത് മജിസ്‌ട്രേറ്റിനോട് പരാതിപറയാനുള്ള അവസരം നിഷേധിച്ചു.  എസ്‌കോർട്ട് പോകാൻ വാഹനം ഇല്ലെന്ന കാരണം പറഞ്ഞ് നാലാം ദിവസം വരെ ശരിയായ ചികിത്സ നിഷേധിച്ചു.  കണ്ണൂർ ടൗൺ എസ്.ഐ.യുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം.

ധർമ്മടം ബേങ്കിലെത്തിയ പോലീസ് ബാങ്കിന്റെ പൂട്ട് തുറന്ന് അകത്തുകയറി സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റു ചെയ്യാൻ ശ്രമിച്ചു.  തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ വിനോദന്റെ പഴ്‌സും മൊബൈലും പോലീസ് എടുത്തുകൊണ്ടു പോയി. സമാന രീതിയിൽ ചെറുതാഴം സർവ്വീസ് സഹകരണ ബേങ്കിലും, വെള്ളൂർ സർവ്വീസ് സഹകരണ ബേങ്കിലും, പാലിശ്ശേരി മത്സ്യസഹകരണ സംഘത്തിലും, കണ്ണൂർ കോ.ഓപ്പറേറ്റീവ് പ്രസിലും കയറി ഭീകരത സൃഷ്ടിച്ച് ചില ജീവനക്കാരെ അറസ്റ്റ് ചെയ്തു.

02-08-2012ന് പയ്യന്നൂർ കണ്ടോത്തെ മിഥുൻ, വിജേഷ് എന്നിവരെ ഹർത്താൽ ദിനത്തിൽ വീട്ടുപരിസരത്തുനിന്നും പോലീസ് അറസ്റ്റുചെയ്തു.  ഇവരെ സ്റ്റേഷനിൽ വെച്ച് സി.ഐ. ധനഞ്ജയബാബു  മൃഗീയമായി മർദ്ദിച്ചു.  ഇതിൽ മിഥുൻ രോഗബാധിതനാണ്.  മിഥുനെ മർദ്ദിച്ച വിവരം കോടതിയോട് പറയുകയും തുടർന്ന് മെഡിക്കൽ കോളേജിൽ കൂടുതൽ പരിശോധനയ്ക്കായി കൊണ്ടുപോകുകയും ചെയ്തു.

പോലീസ് അതിക്രമങ്ങൾ പുതിയ രൂപത്തിൽ അരങ്ങേറിയതിന്റെ ചില ഉദാഹരണങ്ങൾ പയ്യന്നൂരിൽ അരങ്ങേറി. ആദ്യമായി 'ജനമൈത്രി' പോലീസ് സംവിധാനം ജില്ലയിൽ ആരംഭിച്ച പയ്യന്നൂരിലെ പോലീസിന്സി.ഐ.യുടെ നേതൃത്വത്തിൽ കാർഷിക വിളകൾ നശിപ്പിക്കുന്ന പോലീസ് എന്ന ദുഷ്‌പേര് ചാർത്തിക്കൊടുത്തു ഈ സംഭവങ്ങൾ.

ഡി.വൈ.എഫ്.ഐ. പയ്യന്നൂർ നോർത്ത് വില്ലേജ് സെക്രട്ടറിയായ സി.വി. ദിലീപിന്റെ വീട്ടിൽ 28-7-2012ന് രാതി 12.30ന് ശേഷം പോലീസ് റെയ്ഡിന്റെ പേരിൽ അതിക്രമം നടത്തുകയുണ്ടായി.  നേന്ത്രവാഴ, കാട്ടുവാഴ, കപ്പ, പപ്പായ, ചേനതുടങ്ങിയ കാർഷികവിളകൾ പോലീസ് വാൾ ഉപയോഗിച്ച് വെട്ടി നശിപ്പിച്ചു.  ചെടികൾ, ചെടിച്ചട്ടികൾ, കേബിൾ കണക്ഷൻ, ടെലിഫോൺ കണക്ഷൻ എന്നിവ വിഛേദിച്ചു.  വാട്ടർടാപ്പ് അടിച്ചുപൊട്ടിച്ചു.  പമ്പ്‌സെറ്റിന്റെ കണക്ഷൻ വൈദ്യുതാഘാതമേൽക്കുന്ന രീതിയിൽ മാറ്റി വെച്ചു.  അടുക്കളഭാഗത്ത് കെട്ടിയ പ്ലാസ്റ്റിക് ഷീറ്റ് കത്തികൊണ്ട് മുഴുവനായി കീറി.

വെള്ളൂരിലെ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സി.പി.ഐ.(എം) വെള്ളൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറിയുമായ കെ. ബിജുവിന്റെ വീട്ടിൽ പോലീസ് ചെന്ന് അതിക്രമം കാട്ടുകയുണ്ടായി.  പൈപ്പ്‌ലൈൻ അടിച്ചുപൊട്ടിച്ചു.  പൂച്ചെട്ടികൾ നിലത്ത് ഇട്ട് പൊട്ടിച്ചു.  ചെരുപ്പ്, ചൂല് മുതലായവ എടുത്ത് കിണറ്റിലിട്ടു.

ഡി.വൈ.എഫ്.ഐ. വെള്ളൂർ സെൻട്രൽ വില്ലേജ് ഭാരവാഹിയായ ഗിരീഷിന്റെ വീട്ടിൽ 28-7-12ന് രാത്രി 2 മണിക്ക് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വാഴ, പച്ചക്കറികൾ, പൂച്ചട്ടികൾ, പൈപ്പ്‌ലൈൻ മുതലായവ നശിപ്പിച്ചു.

വെള്ളൂർ കാറമേലിലെ വി. ശശിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന 3 ബൈക്കുകൾ പാതിരാത്രിയിൽ പോലീസ് വന്ന് എടുത്തുകൊണ്ടുപോയി.

രാമന്തളി പുന്നക്കടവിൽ രാമന്തളി സർവ്വീസ് ബേങ്കിന്റെ നെയിംബോർഡ് പോലീസ്തകർത്തു.  പുന്നക്കടവിൽ സി.ഐ.ടി.യു. ഓട്ടോസ്റ്റാന്റ്, ഡി.വൈ.എഫ്.ഐ. പ്രചാരണ ബോർഡ് എന്നിവ തകർത്തു.  വെള്ളൂർ കാറമേൽ ഭാഗത്ത് പാർട്ടി പ്രചരണബോർഡുകൾ പോലീസ് നശിപ്പിച്ചു. എസ്.ഐ.യുടെ ചാർജ്ജുള്ള കെ.പി. രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസുകാരാണ് ഇവ ചെയ്തത്.

ആഗസ്ത് 1ന് മട്ടന്നൂരിൽ വെച്ച് സൂരജ് (18 വയസ്സ്), ദീപേഷ് എന്നിവരെ പിടിച്ചുകൊണ്ടു പോയി പോലീസ് ജീപ്പിൽ വെച്ചും സ്റ്റേഷനിൽ വെച്ചും ഭീകരമായി മർദ്ദിച്ചു.  രണ്ടു ദിവസം വിവസ്ത്രരാക്കി ലോക്കപ്പിലിട്ടു.  മധുവിനെ പാതിരാത്രി വീട്ടിൽ കയറി പിടിച്ചു കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചു.

ഹർത്താൽ ദിവസം മട്ടന്നൂർ കാരയിലെ വായനശാലയിൽ പത്രം വായിച്ചുകൊണ്ടിരിക്കെ 4 വണ്ടി പോലീസ് വരികയും അവിടെ പത്രം വായിച്ചുകൊണ്ടിരിക്കുന്നവരെ ലാത്തിവീശി ഓടിക്കുകയും ചെയ്തു.  ജിതേഷ് എന്ന ചെറുപ്പക്കാരന്റെ തുടയെല്ലുപൊട്ടിയതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ഓപ്പറേഷന് വിധേയനാവേണ്ടി വന്നു.

2-8-2012ന് കാര പേരാവൂരിലെ യു. രൂപേഷിനെ മട്ടന്നൂർ സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു.

ആഗസ്ത് 1ന് ഡി.വൈ.എഫ്.ഐ. പേരാവൂർ വില്ലേജ് പ്രസിഡന്റ് കെ.സി. പ്രസാദിനെ അർദ്ധരാത്രി വീട്ടിൽ കയറി അറസ്റ്റുചെയ്യുകയും എ.എസ്.ഐ. നാണുവും രണ്ട് കെ.എ.പി. പോലീസുകാരും ഭീകരമായി മർദ്ദിക്കുകയും ചെയ്തു.

ആഗസ്ത് 6ന് കേളകത്തെ ചുമട്ടുതൊഴിലാളി സുധീഷിനെ ബസ്സിൽ വലിച്ചിറക്കി കേളകം എസ്.ഐ. ഈസ അമേരി റോഡിൽ വെച്ച് ഭീകരമായി മർദ്ദിച്ചു.

01-08-2012ന് തലശ്ശേരി ഡി.വൈ.എസ്.പി. ഷൗക്കത്തലി, സി.ഐ. എം.പി. വിനോദ്, എസ്.ഐ. ബിജുജോൺ ലൂക്കോസ്, തലശ്ശേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും യു.ഡി.എഫ്. അനുകൂല സംഘടനയുടെ നേതാവുമായ ഷാജു എന്നിവരുടെ നേതൃത്വത്തിൽ വനിതകളെയടക്കം മർദ്ദിക്കുകയുണ്ടായി. 40ലേറെ പേർക്ക് ക്രൂരമർദ്ദനം അനുഭവിക്കേണ്ടിവന്നു.

സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രൻ, ഏരിയാ സെക്രട്ടറി എം.സി. പവിത്രൻ, ഏരിയാ കമ്മിറ്റി മെമ്പർമാരായ സി.പി. കുഞ്ഞിരാമൻ, കാരായി ബാലൻ, വാഴയിൽവാസു, സി.കെ. രമേശൻ, വി. സതി, എം. പ്രസന്ന, എൽ.സി. മെമ്പർമാരായ സി. ഹരീന്ദ്രൻ, ടി. കൃഷ്ണൻ തുടങ്ങിയവർക്കും പരിക്കേറ്റു.

ആഗസ്ത് 1 ന്റെ സമരം കഴിഞ്ഞതിനുശേഷം വൈകുന്നേരം ടൗണിൽ വെച്ച് പോലീസ് പിടിച്ച അശ്വിനെ (തിരുവങ്ങാട്, 18 വയസ്സ്), തലശ്ശേരി സി.ഐ., എസ്.ഐ. എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഭീകരമായി മർദ്ദിച്ചു.  കാലിന്റെ എല്ലിനു ക്ഷതമേറ്റു.  വടക്കുമ്പാട്ടെ സച്ചിനും സ്റ്റേഷനിൽ വെച്ച് മർദ്ദനമേറ്റു.

02-08-2012ന് തിരുവങ്ങാട് കുട്ടിമാക്കൂലിൽ ജിതേഷ്, സരീഷ്, ജിതീഷ്എന്നിവരെയും തലശ്ശേരി സ്റ്റേഷനിൽ വെച്ച് സി.ഐ.യുടെ സാന്നിദ്ധ്യത്തിൽ മർദ്ദിച്ചു.  സരീഷിന് ശ്വാസതടസ്സമുണ്ട്.

കോടിയേരി നോർത്ത് ലോക്കലിലെ സി.പി.ഐ.(എം) അംഗമായ സത്യനെ മുളിയിൽ നടയിൽ വെച്ച് പിടിച്ചുകൊണ്ടുപോയി തലശ്ശേരി സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചു.

03-08-2012ന് ഉച്ചക്ക് സി.പി.ഐ.(എം) തലശ്ശേരി ടൗൺ എൽ.സി. മെമ്പറും ഡി.വൈ.എഫ്.ഐ. വില്ലേജ് സെക്രട്ടറിയുമായ എൻ. രമേശനെ ടൗൺ എൽ.സി. ഓഫീസിനടുത്തുവെച്ച് കസ്റ്റഡിയിലെടുത്ത് സി.ഐ., എസ്.ഐ. എന്നിവരുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചു.

പാട്യം സ്വദേശിയായ എം. രാജേഷിനെ അറസ്റ്റുചെയ്ത് വാഹനത്തിൽ വെച്ചും സ്റ്റേഷനിൽ വെച്ചും ബൂട്ട്‌സിട്ട കാലുകൾ കൊണ്ട് മർദ്ദിച്ചു.

പാട്യത്തെ രാജീവന്റെയും, ജിത്തുവിന്റെയും ബൈക്ക് പോലീസ്സ് പുതിയതെരുവിനടുത്ത് വെച്ച് അടിച്ചുപൊളിച്ചു. 15000 രൂപയുടെ നഷ്ടം.

പാട്യം പുതിയതെരുവിൽ വീടുകളിൽ കയറി പോലീസ് ഭീകരത- കെസി കമല, കാളിയത്താൻ വിജയൻ, തുണ്ടിക്കണ്ടി വാസു, കേളോത്ത് പത്മിനി, ചിറ്റാരികണ്ടി ലക്ഷ്മി എന്നിവരുടെ വീടുകൾ തകർത്തു. ഇതെല്ലാം നടത്തിയത് ആഗസ്ത് 1നും 2നും ആണ്.

2-8-2012ന് പിണറായിയിലെ കെ. ബിജുവിനെ തലശ്ശേരി പോലീസ് സ്റ്റേഷനിൽ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു.

 പോലീസിന്റെ കിരാതമർദ്ദനങ്ങളും കള്ളക്കേസുകളും സി.പി.ഐ.(എം)നെതിരെ ഉണ്ടാകുമ്പോൾ ഭരണകക്ഷിക്കാരുടെ കേസുകൾ പിൻവലിക്കുന്ന അനുഭവവും ജില്ലയിലുണ്ട്. 

പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മാത്രം ലീഗുകാർക്കെതിരെ ചാർജ്ജ് ചെയ്ത 12 കേസുകൾ സർക്കാർ പിൻവലിക്കുകയാണ്.

1)       ക്രൈം നമ്പർ 54/2009

          സി.സി. 207/2010 സെക്ഷൻ : 143, 147, 148, 452, 323, 324, 506 (ൃ/ം 427, 436, 149 കജഇ)

2)       ക്രൈം നമ്പർ 116/10

          സെക്ഷൻ 143, 147, 148, 452, 324, 326, 308, (ൃ/ം  149 കജഇ)

3)       ക്രൈം നമ്പർ 201/10

          സെക്ഷൻ 143, 147, 148, 452, 427, 324, 326, 395 (ൃ/ം  149 കജഇ)

4)       ക്രൈം നമ്പർ 202/10

          സെക്ഷൻ 143, 147, 148, 452, 427, 428, 324, 395, 506 (1)  (ൃ/ം  149 കജഇ)

5)       ക്രൈം നമ്പർ 207/10  സി.സി.. 104/10

          സെക്ഷൻ 143, 147, 148, 452, 427   (ൃ/ം  149 കജഇ)

6)       ക്രൈം നമ്പർ 208/10  സി.സി. 589 /10

          സെക്ഷൻ 143, 147, 148, 447, 427,   (ൃ/ം  149 കജഇ)

7)       ക്രൈം നമ്പർ 209/10  സി.സി. 876/10

          സെക്ഷൻ 143, 147, 148, 452, 427, 379, 506  (ൃ/ം  149 കജഇ)

8)       ക്രൈം നമ്പർ 213/10  സി.സി. 651/10

          സെക്ഷൻ : 143, 147, 148, 448, 427,   (ൃ/ം  149 കജഇ)

9)       ക്രൈം നമ്പർ 214/10  സി.സി. 860/10

          സെക്ഷൻ 143, 147, 148, 448, 427, 380,   (ൃ/ം  149 കജഇ)

10)     ക്രൈം നമ്പർ 215/10

          സെക്ഷൻ 143, 147, 148, 452, 427   (ൃ/ം  149 കജഇ)

11)     ക്രൈം നമ്പർ 222/10  സി.സി. 133/11

          സെക്ഷൻ 143, 147, 148, 452, 427,   (ൃ/ം  149 കജഇ)

12)     ക്രൈം നമ്പർ 20/90  245/10

          സെക്ഷൻ 143, 147, 148, 341, 324, 427, 308,   (ൃ/ം  149 കജഇ)

സി.പി.ഐ.(എം) പ്രവർത്തകരുടെ പേരിൽ നിരവധി കള്ളക്കേസുകൾ ചാർജ്ജ്‌ചെയ്യുമ്പോൾ വീടുകവർച്ച, തീവെപ്പ് പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ലീഗ് ക്രിമിനലുകളെ കേസുകളിൽ നിന്നും രക്ഷപ്പെടുത്തുകയാണ് പോലീസ് ചെയ്യുന്നത്.  വിവേചനപരമായ ഇത്തരം നടപടികൾ സി.പി.ഐ.(എം)ന് അംഗീകരിക്കാനാവില്ല. 

02-08-2012ന് വൈകു: 6.30ന് ഗോൾഡൻ ന്യൂക്ക് ഹോട്ടൽ സ്റ്റാഫ് റൂമിൽ വെച്ച് ഷബീർ അലിയെ പോലീസ് പിടികൂടി.  03-08-2012ന് രാത്രി 8.30ന് മാത്രമാണ് കോടതിയിൽ ഹാജരാക്കിയത്.  കസ്റ്റഡിയിലുണ്ടായിരുന്ന രണ്ടു ദിവസങ്ങളിലും ക്രൂരമായി മർദ്ദിക്കുകയും ഡോക്ടറുടെ സേവനം പോലും ലഭ്യമാക്കാതെ കണ്ണൂർ സ്‌പെഷ്യൽ സബ്ജയിലിൽ അടക്കുകയും ചെയ്തു.

ഒരു കള്ളക്കേസിൽ പെടുത്തി ശ്രീജിത്ത് എന്ന യുവാവിനെ കണ്ണൂർ ടൗൺ പോലീസ്  ആഗസ്ത് 5ന് പിടിച്ചുകൊണ്ടുപോയി ഭീകരമായി മർദ്ദിച്ചു.  മർദ്ദിച്ച വിവരം മജിസ്‌ട്രേറ്റിനോട് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.  ആവശ്യമായ ചികിത്സ പോലും നൽകിയില്ല.

ഇരിട്ടി ദീപ്തി ബേക്കറിയിലെ തൊഴിലാളിയായ രാജനെ അനേ്വഷിച്ച് ബേക്കറിയിലെത്തിയ എസ്.ഐ. സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാജനെ കിട്ടാതെ വന്നപ്പോൾ അവിടുത്തെ മറ്റൊരു തൊഴിലാളിയായ പ്രമോദിനെ കസ്റ്റഡിയിലെടുത്തു.  മാനസിക അസ്വാസ്ഥ്യമുള്ള പ്രമോദിനെ, രോഗിയാണെന്ന്  അറിഞ്ഞിട്ടും പോലീസ് ക്രൂരമായി മർദ്ദിച്ചു.  കേസിൽ ഉൾപ്പെടുത്താതെ പ്രമോദിനെയും പോലീസ് വിട്ടയക്കുകയാണ് ചെയ്തത്.  രാത്രികാലങ്ങളിൽ സി.പി.ഐ.(എം) പ്രവർത്തകരെ തേടി വീടുകളിലെത്തുന്ന പോലീസ് സ്ത്രീകളേയും കുട്ടികളേയും അറപ്പുളവാക്കുന്ന രീതിയിൽ തെറിവിളിക്കുകയും അവരുടെ സൈ്വര്യ ജീവിതത്തിന് തടസ്സം നിൽക്കുകയും ചെയ്യുന്നു.

04-08-2012ന് സി.പി.ഐ.(എം) തലശ്ശേരി ടൗൺ എൽ.സി. മെമ്പറും മുനിസിപ്പൽ കൗൺസിലറുമായ സി.ഒ.ടി. നസീറിനെ ചെയർമാന്റെ ചേമ്പറിൽ കയറി തലശ്ശേരി എസ്.ഐ. അറസ്റ്റു ചെയ്തു.  അറസ്റ്റിനെ എതിർത്തവരോട് തട്ടിക്കയറി. വലിച്ചിഴച്ച് കൊണ്ടുപോയി.

സി.പി.ഐ.(എം) തിരുവങ്ങാട് തലായി ബ്രാഞ്ച് മെമ്പർ കെ. അജയനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത് ഭീകരമായി മർദ്ദിച്ചു.  സി.ഐ. നേരിട്ടാണ് സാങ്കല്പിക കസേരയിൽ ഇരുത്തിക്കൊണ്ട് അജയനെ മർദ്ദിച്ചത്. അജയന്റെ വാരിയെല്ലിനും കഴുത്തിന്റെ പുറംഭാഗത്തും ക്ഷതമേറ്റു.

കണ്ണൂരിൽ പെട്ടിക്കട നടത്തുന്ന ജാഫറിനെ ടൗൺ പോലീസ് സ്റ്റേഷനിൽ ഭീകരമായി മർദ്ദിച്ചു.  വൈകുന്നേരം നോമ്പ് തുറക്കേണ്ട സമയമായപ്പോൾ ഒരു ഗ്ലാസ് വെള്ളത്തിന് ചോദിച്ചപ്പോൾ ''നിനക്കൊക്കെ മൂത്രം തരാമെടാ'' എന്നാണ് പരിഹസിച്ചത്. മർദ്ദനങ്ങൾക്കും ക്രൂരതകൾക്കും ഉപരിയായി തന്നെ വേദനിപ്പിച്ചത് ഈ പരിഹാസമയിരുന്നെന്ന് ജയിലിൽ വെച്ച് കണ്ടപ്പോൾ ജാഫർ ജനപ്രതിനിധികളോട് പറയുകയുണ്ടായി.

ആഗസ്ത് 6 ന് പെരിങ്ങോം അരവഞ്ചാൽ സ്വദേശി ടി വി ശ്രീജിത്ത് എന്ന കരസേനാ ഹവിൽദാരെ പോലീസ് പിടികൂടി മർദ്ദിച്ച്  ജയിലിലടച്ചിരിക്കുകയാണ്. എൻ സി സി വിഭാഗത്തിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ശ്രീജിത്ത് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിൽ ഉഡുപ്പിയിൽ നിന്ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി നാട്ടിൽ നിന്ന് വരാൻ പറഞ്ഞ് കാർ ഡ്രൈവറെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുകയുണ്ടായി. പയ്യന്നൂർ പോലീസ് കാർ ഡ്രൈവറെ പിടികൂടിയതറിഞ്ഞ് സ്റ്റേഷനിൽ എത്തി കാര്യം അന്വേഷിക്കുകയായിരുന്നു. സൈനികനാണെന്നും നാട്ടിൽ നിന്ന് വന്ന കാറും ഡ്രൈവറെയും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട ശ്രീജിത്തിനെ ക്രൂരമായി മർദ്ദിച്ച് ക്രിമിനൽ കേസെടുത്ത് റിമാന്റ് ചെയ്യുകയായിരുന്നു.

മേൽവിവരിച്ച പോലീസ് മർദ്ദനങ്ങൾക്കും കള്ളക്കേസുകൾക്കും വീടുകൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾക്കും കാർഷിക വിളകൾ നശിപ്പിച്ചതിനും പുറമേ ജനാധിപത്യപരമായ പ്രവർത്തന സ്വാതന്ത്ര്യം പോലും സി.പി.എമ്മിന് പോലീസ് നിഷേധിക്കുന്നു.   വിലക്കയറ്റ വിരുദ്ധ പ്രചരണ ജാഥകൾക്ക് അനുമതി നൽകിയില്ല.  ഡി.വൈ.എഫ്.ഐ. നടത്തുന്ന ആഗസ്ത് 15ന്റെ ഫ്രീഡം റാലിയുടെ പ്രചരണ പരിപാടികൾക്കും അനുമതി നിഷേധിച്ചു.  ജനകീയ പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നയങ്ങൾക്കെതിരെയാണ്.  യാതൊരു ക്രമസമാധാന പ്രശ്‌നങ്ങളും ഇതുമൂലം നാട്ടിലുണ്ടാവില്ല.  എന്നാൽ വിലക്കയറ്റ വിരുദ്ധ പ്രചരണ ബോർഡുകൾ പോലും പോലീസ് എടുത്തുകൊണ്ട് പോകുന്നു.  കേരളത്തിലെ മറ്റു ജില്ലകളിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവരവരുടെ പരിപാടികളുടെ പ്രചരണ ബോർഡുകൾ സ്ഥാപിക്കാൻ കഴിയുന്നു.  കണ്ണൂരിൽ തന്നെ ഈയിടെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളന പ്രചരണ ബോർഡുകൾ റോഡരികിൽ സ്ഥാപിച്ചിരുന്നു.  ആ സമ്മേളനത്തിന്റെ പ്രചരണ ബോർഡുകൾ റോഡരികിൽ വെക്കാൻ നേതൃത്വം കൊടുത്ത പോലീസുദേ്യാഗസ്ഥർ തന്നെ സി.പി.ഐ.(എം)ന്റെ പ്രചരണ ബോർഡുകൾ എടുത്തുകൊണ്ടുപോകുന്നു.  സി.പി.ഐ.(എം) കൊടിമരവും കൊടിയും ജെ.സി.ബി. കൊണ്ടുവന്നാണ് പോലീസ് പിഴുതെടുത്തത്.  ജില്ലാ പോലീസ് മേധാവി സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ഫോൺ ചെയ്താൽ എടുക്കാറില്ല.  സി.പി.ഐ.(എം) നേതാക്കൾ എസ്.പി.യുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചാൽ എടുക്കുന്നില്ല.  ആഗസ്ത് 6ന് സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച വിവരം പോലീസിനെ അറിയിച്ചപ്പോൾ കണ്ണൂർ ടൗൺ എസ്.ഐ. ''അങ്ങോട്ടുവരാൻ ഇവിടെയാരുമില്ല, വല്ല പരാതിയുമുണ്ടെങ്കിൽ എഴുതിത്തന്നാൽ മതി'' എന്നാണ് മറുപടി പറഞ്ഞത്.  പോലീസിൽ വിവരമറിയിച്ച് ഒരു മണിക്കൂറിന് ശേഷമാണ് സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയുള്ള സി.ഐ.ടി.യു. ഓഫീസിൽ പോലീസെത്തിയത്.  സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ഗ്രനേഡെറിഞ്ഞു.  റബ്ബർ ബുള്ളറ്റ് കൊണ്ട് വെടിവെച്ചു.  ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടായിരുന്നവരെ വകവരുത്തുകയായിരുന്നു പോലീസിന്റെ ലക്ഷ്യം.  ചുരുക്കത്തിൽ നീതിപാലകരാവേണ്ട പോലീസുകാർ സി.പി.എമ്മിനെ തകർക്കാൻ ക്വട്ടേഷൻ ഏറ്റെടുത്തതുപോലെ ജില്ലയിലെ സ്ഥിതിഗതികൾ മാറി.  തലശ്ശേരി ഡി.വൈ.എസ്.പി. ഷൗക്കത്തലി, കണ്ണൂർ ഡി.വൈ.എസ്.പി. പി. സുകുമാരൻ, തലശ്ശേരി സി.ഐ. എം.വി. വിനോദ്, പയ്യന്നൂർ സി.ഐ. ധനഞ്ജയ ബാബു, കേളകം എസ്.ഐ. ഈസ അമേരി, തലശ്ശേരി എസ്.ഐ. ബിജു ജോൺ ലൂക്കോസ്, പയ്യന്നൂർ എസ്.ഐ. ഷിജു, കണ്ണൂർ ടൗൺ എസ്.ഐ. സനൽ, ചക്കരക്കൽ എസ്.ഐ. രാജീവ്, പേരാവൂർ എ.എസ്.ഐ. നാണു, മട്ടന്നൂർ എസ്.ഐ സിജു, ഇരിട്ടി എസ് ഐ സദാനന്ദൻ എന്നീ ഉയർന്ന ഉദേ്യാഗസ്ഥന്മാരുടെ നേതൃത്വത്തിലാണ് ഇത്തരത്തിലുള്ള സി.പി.ഐ.(എം) വേട്ടയും കിരാതമർദ്ദന നടപടികളും നടത്തിയത്.  സി.പി.ഐ.(എം) പ്രവർത്തകരെ പിടിച്ചാൽ ഏത് സ്റ്റേഷനിലാണോ ക്രൈം രജിസ്റ്റർ ചെയ്തത്, അവിടെ കൊണ്ടുപോകുന്നില്ല.  പയ്യന്നൂരിൽ നിന്നും ഒരാളെ പിടിച്ചാൽ തളിപ്പറമ്പിൽ കൊണ്ടുപോയി മർദ്ദിക്കുന്നു.  വളപട്ടണം പോലീസ് കേസ് രജിസ്റ്റർ ചെയ്താൽ പിടിച്ചയാളെ കണ്ണൂരിൽ കൊണ്ടുപോയി മർദ്ദിക്കുന്നു.  ഇത്തരം അനുഭവങ്ങൾ നിരവധിയാണ്.  മർദ്ദനം പുറംലോകം അറിയാതിരിക്കാൻ കോടതിയിൽ ഹാജരാക്കുന്നതാകട്ടെ, രാത്രി വൈകി മജിസ്‌ട്രേട്ടിന്റെ വീട്ടിലാണു താനും.  എല്ലാം നിയമവിരുദ്ധമായ രീതിയിലാണ്.  ഇവരുടെ പേരിൽ കർശനമായ നടപടി സ്വീകരിക്കുക തന്നെ വേണം.  വീടുകളിൽ അർദ്ധരാത്രിയിൽ കയറിയുള്ള റെയ്ഡും ഭീകരതയും അവസാനിപ്പിക്കണം.  അങ്ങയുടെ നിർദ്ദേശത്തിനു പോലും യാതൊരു വിലയും കല്പിക്കാതെ ആഗസ്ത് 6ന് എ.എസ്.പി.യുടെ സാന്നിദ്ധ്യത്തിൽ ഭീകരമർദ്ദനത്തിന് നേതൃത്വം കൊടുത്ത പയ്യന്നൂർ എസ്.ഐ. ഷിജുവിന്റെ പേരിൽ കർശന നടപടി സ്വീകരിച്ചാൽ തന്നെ ജില്ലയിൽ സമാധാനം ഉണ്ടാക്കാൻ കഴിയും.  ആയിരക്കണക്കിന് സി.പി.ഐ.(എം) പ്രവർത്തകരുടെ പേരിൽ പോലീസ് കള്ളക്കേസ് എടുത്തിട്ടുണ്ട്.  എന്നാൽ നിയമവിരുദ്ധ ലാത്തിച്ചാർജ്ജിനും ലോക്കപ്പ് മർദ്ദനങ്ങൾക്കും നേതൃത്വം കൊടുത്ത ഒരൊറ്റ പോലീസുകാരുടെ പേരിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.  സർക്കാർ ആദ്യം ചെയ്യേണ്ടത് നിയമപാലകരുടെ നിയമവിരുദ്ധ നടപടികൾ അവസാനിപ്പിക്കുകയാണ്.  എങ്കിൽ പൂർണമായ സമാധാനം ജില്ലയിലുണ്ടാകും.  അത്തരം ഫലപ്രദമായ നടപടികളിലൂടെ സമാധാനമുണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് സി പി ഐ (എം) പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്യുന്നു.

ആഗസ്ത് 7 ന് സമാധാനയോഗം പിരിയുകയും ആഭ്യന്തരമന്ത്രി സമാധാനയോഗ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിവരിക്കുകയും ചെയ്തപ്പോൾ കേരളമാകെ വലിയ ആശ്വാസത്തിലായിരുന്നു. എല്ലാ അക്രമങ്ങളെ അപലപിക്കുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കുമെന്നും ഉറപ്പാക്കിയശേഷം മണിക്കൂറുകൾക്കകം ലീഗു ക്രിമിനലുകൾ പരിയാരം-അമ്മാനപ്പാറയിൽ ഇ കെ നായനാർ സ്മാരക മന്ദിരം തീവെച്ച് നശിപ്പിക്കുകയുണ്ടായി. സമാധാനയോഗ തീരുമാനങ്ങൾക്ക് യാതൊരു വിലയും കൽപിക്കാതെ ഭരണകക്ഷി തന്നെ രംഗത്തിറങ്ങിയാൽ പിന്നെ എങ്ങനെ ശാന്തിയും, സമാധാനവും ഉണ്ടാകും. പോലീസാവട്ടെ ആഗസ്ത് 8 ന് 4 പേരെ പിടിക്കുകയും അടിക്കുകയും ചെയ്തു കൊണ്ട് ആഭ്യന്തരമന്ത്രിക്ക് തന്നെ മറുപടി നൽകി. പയ്യന്നൂർ കോറോം സ്വദേശി സന്തോഷിനെയും, എളയാവൂർ സ്വദേശി പി രാജേഷിനേയും, എരുവട്ടിയിലെ സുബീഷിനെയും, പാറപ്രത്തെ സതീശനെയുമാണ് പോലീസ് കിരാതമായ പോലീസ് മർദ്ദനത്തോടെ സ്വീകരിച്ച് പോലീസ് വാഹനത്തിൽ കയറ്റിയത്. ലോക്കപ്പ് മർദ്ദനം സർക്കാർ നയമല്ലെന്നും ലോക്കപ്പ് മർദ്ദനം സർക്കാർ ഒരിക്കലും വെച്ചു പൊറിപ്പിക്കില്ലെന്നും സമാധാനയോഗത്തിൽ ആഭ്യന്തരമന്ത്രി പറഞ്ഞ വാക്കുകൾക്ക് എന്തെങ്കിലും വില കൽപിക്കുന്നുണ്ടെങ്കിൽ ഈ 4 ചെറുപ്പക്കാരുടെ മർദ്ദനത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥൻമാരുടെ പേരിൽ കർശന നടപടി സർക്കാർ സ്വീകരിക്കണം. യുഡിഎഫ് സർക്കാരിൽ നിന്നും അത്തരമൊരു ധീരമായ നടപടി പ്രതീക്ഷിക്കാമോ.

മേൽ വിവരിച്ചതെല്ലാം പോലീസിൽ നിന്ന് സി പി ഐ (എം) നും അതിന്റെ പ്രവർത്തകർക്കും നേരിടേണ്ടി വന്ന ഭീകരതയാണെങ്കിൽ കോൺഗ്രസ്, ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ എതിരാളികളും സി പി ഐ (എം) നെ വേട്ടയാടുകയുണ്ടായി. സിഐടിയു ജില്ലാകമ്മിറ്റി ഓഫീസ്, തളിപ്പറമ്പ് സഹകരണാശുപത്രി, സി പി ഐ (എം) പള്ളിക്കുന്ന് ലോക്കൽകമ്മിറ്റി ഓഫീസ് ഉൾപ്പെടെയുള്ള നിരവധി ഓഫീസുകളും, സ്ഥാപനങ്ങളും ലീഗുകാരും, കോൺഗ്രസുകാരും അക്രമിച്ച് തകർക്കുകയുണ്ടായി. സർക്കാരും പോലീസും ഭരണരാഷ്ട്രീയക്കാരും സി പി ഐ (എം)നെ തകർക്കാൻ ലക്ഷ്യമാക്കി നടത്തിയ ഹീനശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കാനാണ് സി പി ഐ (എം) പരിശ്രമിച്ചത്. പി ജയരാജനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിനെതിരെ സ്വാഭാവിക പ്രതിഷേധമായാണ് അന്നുതന്നെ 14 പോലീസ് ആസ്ഥാനങ്ങളിലേക്ക് മാർച്ച് നടന്നപ്പോൾ അരലക്ഷത്തോളം ജനങ്ങൾ ഒഴുകിയെത്തിയത്. കള്ളക്കേസ്സും, ജയിലറയും ആയുധമാക്കി കൊണ്ട് തകർക്കാവുന്നതല്ല സി പി ഐ (എം) എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. വളരുന്ന ദർശനമാണ് സി പി ഐ (എം)ന്റെ കരുത്ത് .

അഭിവാദ്യങ്ങളോടെ

എം.വി. ജയരാജൻ

 

ആക്ടിങ്ങ് സെക്രട്ടറി