കണ്ണൂർ : നാടിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഒന്നായി പഴശ്ശി ഡാം മാറി. പഴശ്ശി ഡാമിന്റെ ഷട്ടർ തുറക്കാത്തത് മൂലമുണ്ടായ കെടുതിയിൽ നാശനഷ്ടം സംഭവിച്ചവർക്ക് പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്ന് സി പി ഐ (എം) ജില്ലാസെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 1961 ൽ കേവലം 6 കോടി രൂപയായിരുന്നു പഴശ്ശി പദ്ധതിയുടെ ചെലവ് കണക്കാക്കിയത്. പൂർത്തിയാക്കിയപ്പോഴേക്കും 300 കോടി രൂപയായി മാറി. അഴിമതിയാണ് ഈ പദ്ധതി നിർമ്മാണ വേളയിൽ നടന്നത്. അത് തന്നെ ഇപ്പോഴത്തെ ദുരന്തത്തിന് കാരണം. ഷട്ടർ തുറക്കാനാവാത്ത ഈ ഡാം കാലവർഷത്തിലെ കാലനായി ഇരിട്ടി മട്ടന്നൂർ മേഖലയിലെ ജനജീവിതത്തിന് മേൽ കനത്ത വെല്ലുവിളി ഉയർത്തുന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ അയ്യക്കുന്ന് ഉരുൾ പൊട്ടലിൽ ഉണ്ടായ വെള്ളപ്പാച്ചലിൽ തടഞ്ഞു നിർത്തുന്ന മട്ടിലുള്ള കൊടും പാതകമാണ് ഷട്ടർ തുറക്കാതെ ജലസേചന വകുപ്പും, സർക്കാരും, ജില്ലാഭരണകൂടവും നടത്തിയത്. പ്രളയവെള്ളവും, കാലവർഷപേമാരിയിലും അണകെട്ടി തടയുന്ന വിഡ്ഡിത്തം പഴശ്ശി പദ്ധതിയിലെല്ലാതെ ലോകത്ത് മറ്റൊരിടത്തും ഉണ്ടായിട്ടില്ല ഉണ്ടാവുകയുമില്ല. ഷട്ടർ തുറക്കാനാകാത്തതാണ് തടസമെന്ന് സർക്കാർ മനസിലാക്കുന്നത് ആദ്യ ഉരുൾപൊട്ടൽ നടന്ന തിങ്കാളാഴ്ച്ച രാത്രിയോടെയാണ്. രാവിലെ 10 മണിക്കാണ് അന്ന് വാണിയപ്പാറ തട്ടിൽ ഉരുൾപൊട്ടിയത്. പ്രളയ പ്രവാഹ ഗതി മനസ്സിലാക്കി ഷട്ടർ യുദ്ധകാലാടിസ്ഥാനത്തിൽ തുറക്കാനാവുമോ എന്ന്  നോക്കുന്നതിന് പകരം ജലസേചന വകുപ്പധികൃതർ തന്നെ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്ന് ബഹുമാന്യനായ സ്ഥലം എം എൽ എ അഡ്വ: സണ്ണി ജോസഫ് മന്ത്രിയോട് പരാതി പറയുന്നു. എന്ത് ഉത്തരവാദിത്വമാണ് ആപൽഘട്ടത്തിൽ ഈ ജനപ്രതിനിധിയും സ്ഥലത്ത് ഇതേവരെ സാന്നിധ്യത്തിലില്ലാത്ത കണ്ണൂർ എം പി യും, സർക്കാരും, അധികൃതരും നിർവഹിച്ചത് ?. ഇതെല്ലാം ഒത്തുകളിയാണ് ഷട്ടർ തുറക്കാതെ ജില്ലയുടെ 28 ശതമാനം വരുന്ന പഴശ്ശി പദ്ധതി പ്രദേശത്ത്  കൃത്രിമ വെള്ളപ്പൊക്കമുണ്ടാക്കി ജനങ്ങൾക്ക് 50 കോടിയുടെ നാശനഷ്ടമാണ് ഭരണ നിർവഹണ സംവിധാനം ബോധപൂർവ്വം വരുത്തി വെച്ചത്. 26 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കലക്ടർ സർക്കാറിന് നൽകിയ പ്രാഥമിക റിപ്പോർട്ട്. എന്നാൽ അത് ഓരോ മേഖലയിലെയും നാശനഷ്ടങ്ങൾ കൃത്യമായി കണക്കാക്കിയ റിപ്പോർട്ടല്ല. പ്രളയത്തെകുറിച്ചും ഉത്തരവാദികളായവരെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച പകൽ 11 മണി മുതൽ ചൊവ്വാഴ്ച്ച വൈകിട്ട് 4 മണി വരെ ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടിയ പ്രളയത്തിന്റെ ആപത്ഘട്ടത്തിൽ ആദ്യം മുതൽ പോലീസ്, നാവികസേന, ഫയർഫോഴ്‌സ് സംവിധാനങ്ങൾ ഒരുക്കണമായിരുന്നു. എന്നാൽ ഈ നിലയിൽ ഔദ്യോഗിക സാന്നിധ്യമൊന്നും പ്രളയബാധിത മേഖലയിൽ ഉണ്ടായില്ല. ഇരിട്ടി, കോളിക്കടവ്പടിയൂർ, പെരുമ്പറമ്പ്, പയഞ്ചേരി മുക്ക് , പയഞ്ചേരി മാടത്തിൽ ഭാഗങ്ങളിൽ 32 മണിക്കൂർ നേരത്തെ പ്രളയത്തിൽ 200 കടകളിൽ വെള്ളം കയറിയിരുന്നു. ശ്രീകണ്ഠപുരത്തും, ഉളിക്കലും വെള്ളം കയറി കടകളിലും വീടുകളിലും നാശനഷ്ടമുണ്ടായി. സിമന്റ്, ഹാർഡ് വെയർ, ജീവൻ രക്ഷാമരുന്നുകൾ, ചെരുപ്പ്, ഫാൻസി, വയറിംഗ്, സാനിറ്ററി, പാത്രങ്ങൾ, ചിക്കൻ സ്റ്റാൾ, ഹോട്ടലുകൾ, ബേക്കറി, തുണിക്കടകൾ, ടി വി, ഇലക്‌ട്രോണിക്ക് കടകൾ, ബുക്ക് സ്റ്റാളുകൾ, കണ്ണട കടകൾ, പഴം-പച്ചക്കറി എന്നീ സ്ഥാപനങ്ങൾ വെള്ളം കയറി നശിച്ചു. ഇരിട്ടി വ്യാപാര മേഖലയിൽ അഞ്ച് വർഷം മുമ്പും ഇതേ മട്ടിൽ പഴശ്ശി വെള്ളപ്പൊക്കത്തിൽ  കോടികൾ കുതിർന്നിരുന്നു. ചില്ലറ വ്യാപാര മേഖലയിൽ വിദേശ നിക്ഷപം അനുവദിച്ചത് മൂലം ചെറുകിട വ്യാപാരികൾ ആത്മഹത്യാമുനമ്പിലാണ്. അയ്യംകുന്നിൽ അടക്കം മേഖലയിൽ 47 റോഡുകൾ തകർന്നു. മേഖലയിൽ 1000 വീടുകൾക്ക് കേട് പറ്റി. 300 വീടുകൾ നിശ്ശേഷം തകർന്നു. സാമൂഹ്യക്ഷേമ രംഗത്തും, പശ്ചാത്തല മേഖലയിലും നേരിട്ട നഷ്ടം ഭീകരമാണ്. ആദിവാസി കോളനികളിൽ ചിലത് വെള്ളപ്പൊക്കത്തിൽ കുതിർന്നു. സർക്കാർ 6 ദുരിതാശ്വാസ ക്യാമ്പ് തുറന്നെങ്കിലും ജനക്ഷേമത്തിനും ആശ്വാസത്തിനും പര്യാപ്തമായില്ല. പ്രളയക്കെടുതി വിശദമായി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കാൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിക്കണം. അതത് മേഖലയിലെ നാശനഷ്ടം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് തയ്യാറാക്കണം. ത്രിതല പഞ്ചായത്ത്, എം എൽ എ, എം പി, കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങൾ കൂട്ടായി ആലോചിച്ച് നാശബാധിത മേഖല പുനരുജീവിപ്പിക്കാൻ മതിയായ നഷ്ടപരിഹാരം ഉടൻ നൽകാൻ പ്രത്യേക പാക്കേജുകൾ ഉണ്ടാക്കി നടപ്പാക്കണം. പ്രളയക്കെടുതിയോടൊപ്പം പകർച്ച വ്യാധി ഭീഷണി യുമുണ്ട്. ജലാശയങ്ങൾ, കിണറുകൾ എന്നിവ അണുവിമുക്തമാക്കാൻ സ്‌പെഷ്യൽ ടീമിനെ നിയോഗിച്ച് പ്രതിരോധ നടപടികൾ ഊർജിതമാക്കിയില്ലെങ്കിൽ പ്രളയബാധിത മേഖലയിൽ രോഗങ്ങൽ വ്യാപിക്കാൻ ഇടയുണ്ടാകും. പല കിണറുകളിലും വെളളം മലിനമായിട്ടുണ്ട്. കടൽ തീരത്തെ ദു:ർഗന്ധം പലയിടത്തും അനുഭവപ്പെടുന്നു.

ഇതേവരെ അനുഭവപ്പെട്ട അനാസ്ഥ ഒഴിവാക്കി സർക്കാർ ഉണർന്ന് പ്രവർത്തിക്കണം. വീടുകൾ തകർന്നവർക്ക് ഉടൻ പുതിയ വീടുനിർമ്മാണ പദ്ധതി നടപ്പിലാക്കണം. വ്യവസായമേഖലയ്ക്കും നഷ്ടപരിഹാരം നൽകണം. മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങളുടെ പരാതി കേൾക്കാൻ അദാലത്ത് നടത്തി വസ്തുതകൾ ബോധ്യപ്പെടണമെന്നും സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.