കണ്ണൂർ : സമാധാനയോഗത്തിന് ശേഷവും സി പി ഐ (എം) പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. പയ്യന്നൂരിൽ കോറാം-മണിയറയിലെ സന്തോഷ്, എളയാവൂരിലെ പി രാജേഷ്, എരുവട്ടിയിലെ എം കെ സബീഷ്, പാറപ്രത്ത് പി സതീശൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ചത്. ജില്ലയിൽ നടന്ന ഭീകരമായ പോലീസ് മർദ്ദനത്തെകുറിച്ച് സമാധാന യോഗത്തിന്റെ ഫോട്ടോസഹിതമുള്ള തെളിവുകളോടെ സി പി ഐ (എം) നേതാക്കൾ വിശദീകരിച്ചപ്പോൾ മിക്ക രാഷ്ട്രീയ പാർട്ടികളും ലോക്കപ്പ് മർദ്ദനം സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടതാണ്. ആഭ്യന്തരമന്ത്രി ലോക്കപ്പ് മർദ്ദനം സർക്കാർ നയമല്ലെന്നും, പൊറുക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടും ലോക്കപ്പ് മർദ്ദനം തുടരുകയാണ്. സി പി ഐ (എം) നെ വേട്ടയാടൽ ക്രൂരവിനോദമായി സ്വീകരിക്കുന്ന 12 പോലീസുദ്യോഗസ്ഥൻമാരുടെ നേതൃത്വത്തിലാണ് സി പി ഐ (എം) പ്രവർത്തകർക്കെതിരായ ഭീകരവും, കിരാതവുമായ മർദ്ദനം നടത്തുന്നത്. എല്ലാ പോലീസ് ഉദ്യോഗസ്ഥരും ലോക്കപ്പ് മർദ്ദനത്തിന് കൂട്ടുനിൽക്കുന്നില്ല. ലോക്കപ്പ് മർദ്ദനം തൊഴിലാക്കിയ ചില പോലീസുകാർക്ക് ആഭ്യന്തരമന്ത്രിയുടെയോ സമാധാനയോഗത്തിന്റെയോ തീരുമാനം ബാധകമാകാതെ വരുന്നത് അപമാനകരമാണ്.     

 

സമാധാനയോഗത്തിന് ശേഷവും മർദ്ദനത്തിന് നേതൃത്വം കൊടുത്ത പോലീസുകാരുടെ പേരിൽ കർശന നടപടി സ്വീകരിക്കണം. പരിയാരത്ത് അമ്മാനപ്പാറയിൽ  നായനാർ സ്മാരക മന്ദിരം ലീഗുകാർ ജനൽ ജില്ലുകൾ തകർത്തും, തീവെച്ചും തകർക്കുകയുണ്ടായി. സമാധാനയോഗത്തിന് ശേഷം നടന്ന ഇത്തരം അക്രമങ്ങൾ നിസ്സാരമായി കണ്ടുകൂട. ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ബോർഡുകളും, കൊടിമരങ്ങളും, കാരംസ് ബോർഡും കത്തി നശിച്ചു. അയൽപക്കത്തുള്ളവർ ബഹളം കേട്ട് എത്തിയത് കൊണ്ടാണ് കെട്ടിടം കത്തി നശിക്കാതിരുന്നത്. ജില്ലയിൽ സമാധാനം തകർക്കാൻ ചില പോലീസ് ഉദ്യോഗസ്ഥരും, ചില ഭരണകക്ഷി നേതാക്കളും ഗൂഢാലോചനയിൽ ഏർപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാൻ. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രിക്കും, കലക്ടർക്കും, എസ് പി ക്കും സി പി ഐ (എം) ജില്ലാ ആക്ടിംങ്ങ് സെക്രട്ടറി പരാതി നൽകിയിട്ടുണ്ട്.