കണ്ണൂർ: ഇരിട്ടിയിലും പരിസരപ്രദേശങ്ങളിലും ഉരുൾ പൊട്ടലിലും, കാലവർഷക്കെടുതിയിലും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായം സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

കാലവർഷത്തെ തുടർന്ന് ഇരിട്ടി, ശ്രീകണ്ഠപുരം, ഉളിക്കൽ, പടിയൂർ ടൗണുകളിൽ വെള്ളം പൊങ്ങിയിരിക്കുകയാണ്. ചില പ്രദേശങ്ങൾ ഒറ്റപ്പെട്ട് കിടക്കുകയാണ്. പഴശ്ശി ഡാമിന്റെ ഷട്ടറുകൾ യഥാസമയം തുറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇരിട്ടി, ശ്രീകണ്ഠപുരം, ഉളിക്കൽ, പടിയൂർ ടൗണുകൾ വെള്ളത്തിനടിയിലാകുമായിരുന്നില്ല. ഇതിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണം. ഉരുൾപൊട്ടൽ മൂലവും, കാലവർഷക്കെടുതിയിലും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായം എത്തിക്കുന്നതിലും, ദുരിതാശ്വാസ പ്രവർത്തനങ്ങളിലും വേണ്ടത്ര ജാഗ്രത അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

 

ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണം. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സി പി ഐ (എം) പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.