കണ്ണൂർ : സി ഐ ടി യു കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ സെന്ററിന് നേരെ ലീഗുകാർ നടത്തിയ അക്രമത്തിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു.

ഇന്നലെ രാത്രി ഒരുപറ്റം ലീഗ് ക്രിമിനലുകൾ സി ഐ ടി യു ജില്ലാകമ്മിറ്റി ഓഫീസായ ട്രേഡ് യൂണിയൻ സെന്ററിനും, സി കണ്ണൻ സ്മാരക ഹാളിനും കല്ലെറിഞ്ഞ് തകർത്തിരിക്കുകയാണ്. ആഫീസിനുനേരെ അക്രമം നടന്നതറിഞ്ഞ് എത്തിയ കെ പി സഹദേവൻ കണ്ണൂർ ടൗൺ സ്റ്റേഷനിൽ വിളിച്ച് അക്രമ വിവരം അറിയിച്ചപ്പോൾ ഇവിടെ ആളില്ലെന്നും പരാതി എഴുതി തന്നാൽ പരിശോധിക്കാമെന്നുമാണ് അറിയിച്ചത്. പോലീസ് ഈ അതിക്രമത്തെ നിസ്സാരമായി കാണുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞാണ് പോലീസ് എത്തിയത്. പോലീസിന്റെ ഈ നടപടി ലീഗ് ക്രിമിനലുകളുടെ അക്രമണത്തിന് പ്രോത്സാഹനം നൽകുകയാണ്. ജില്ല സമാധാന അന്തരീക്ഷത്തിൽ നീങ്ങുമ്പോഴാണ് ലീഗ് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമുണ്ടായത്. ഇത്തരം സംഭവങ്ങളെ ഗൗരവമായി കാണുന്നതിന് പകരം നിസ്സാരമായി കണ്ട കണ്ണൂർ ടൗൺ പോലീസ് എസ് ഐയുടെ പേരിൽ കർശന നടപടി സ്വീകരിക്കണം.

 

ഇതിന് മുൻപും മൂന്നു തവണ സി ഐ ടി യു ഓഫീസിന് നേരെ അക്രമണം നടത്തിയിട്ടുണ്ട്. ലീഗ് ക്രിമിനലുകൾ നടത്തിയ സി ഐ ടി യു ഓഫീസ് അക്രമണത്തിലും, പോലീസിന്റെ നിരുത്തരവാദ നടപടിയിലും മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.