കണ്ണൂർ : ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടും രൂക്ഷമായ വിലക്കയറ്റം തടയണമെന്നും കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായും സി പി ഐ (എം) വിരുദ്ധ ഗൂഢാലോചനയ്‌ക്കെതിരായും സി പി ഐ (എം) ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ആഗസ്ത് 22 ന് കലക്‌ട്രേറ്റ് ഉപരോധം സംഘടിപ്പിക്കും. ഉപരോധ സമരത്തിന്റെ മുന്നോടിയായി സമരമുദ്രാവാക്യങ്ങൾ ജനങ്ങളിൽ വിശദീകരിക്കുന്നതിന് ആഗസ്ത് 6 മുതൽ ജില്ലയിൽ 2 പ്രചരണ വാഹന ജാഥകൾ പര്യടനം നടത്തും.

വടക്കൻ മേഖലാജാഥ കരിവെള്ളൂരിൽ വെച്ചും, തെക്കൻ മേഖലാജാഥ തലശ്ശേരിയിൽ വെച്ചും ഉദ്ഘാടനം ചെയ്യപ്പെടും. ആഗസ്ത് 7 മുതൽ പര്യടനം നടത്തുന്ന ജാഥകൾ ആഗസ്ത് 14 ന് മയ്യിലും, ഇരിട്ടിയിലും സമാപിക്കും. വടക്കൻ മേഖലാജാഥക്ക് ജയിംസ് മാത്യൂ എം എൽ എ യും, തെക്കൻ മേഖലാജാഥക്ക് കെ കെ രാഗേഷും നേതൃത്വം നൽകും. എം പ്രകാശൻ മാസ്റ്റർ, പി ഹരീന്ദ്രൻ, എം വി സരള എന്നിവർ വടക്കൻ മേഖലാജാഥയിൽ അംഗങ്ങളായിരിക്കും. എം സുരേന്ദ്രൻ , വി നാരായണൻ, കെ ലീല എന്നിവർ തെക്കൻ ജാഥയിലും അംഗങ്ങളാണ്.

 

ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളുയർത്തി നടത്തുന്ന പ്രചരണ ജാഥയും, ആഗസ്ത് 22ന്റെ കലക്‌ട്രേറ്റ് ഉപരോധ സമരവും വമ്പിച്ച വിജയമാക്കണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.