കണ്ണൂർ : യു ഡി എഫ് സർക്കാരിന്റെ പോലീസ് ഭീകരതക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം പോലും നിരോധനാജ്ഞയിലൂടെ നിഷേധിച്ച സർക്കാർ നടപടി ഫാസിസമാണെന്ന് സി പി ഐ (എം) ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

ജില്ലയിലെ സി പി ഐ (എം)നെ തകർക്കാൻ യു ഡി എഫ് സർക്കാർ നിയമ വ്യവസ്ഥയും ജനാധിപത്യ അവകാശങ്ങളും അട്ടിമറിക്കുകയാണ്. യു ഡി എഫ് സർക്കാരിന്റെ നീതി നിഷേധത്തിനെതിരായി നടന്ന പോലീസ് സ്റ്റേഷൻ മാർച്ചും ഹർത്താലും വമ്പിച്ച വിജയമായിരുന്നു. പോലീസ് സ്റ്റേഷൻ മാർച്ചുകളിൽ ജില്ലയിൽ 75,000-ൽ പരം ആളുകളാണ് അണിനിരന്നത്. ജനാധിപത്യ വാഴ്ചക്ക് വേണ്ടിയുള്ള ജനകീയ ചെറുത്ത് നിൽപ്പാണ് ജില്ലയിലെമ്പാടും നടന്നത്. കേന്ദ്ര സേനയെ  കൊണ്ടുവന്നത് തന്നെ അഭ്യന്തര വകുപ്പിന്റെ പരാജയമാണ്. നിയമവാഴ്ച സംരക്ഷിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു. സി പി ഐ (എം) പ്രവർത്തകരെ ഭീകരമായി പോലീസ് മർദ്ദിച്ചു. പോലീസ് മർനത്തിൽ ഗുരുതരമായ  പരിക്കേറ്റ പിണറായി സ്വദേശിയായ ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർടി ജില്ലാ കമ്മിറ്റി അംഗം എൻ ചന്ദ്രൻ ഉൾപ്പെടെ 120 പേർക്ക് മാരകമായി പരിക്കേറ്റു. വിവിധ ആശുപത്രികളിലായി ഇവർ ചികിത്സയിലാണ്. 40 കേസുകളിലായി പതിനായിരത്തോളം ആളുകളുടെ പേരിൽ കള്ള കേസ് എടുത്തു. ഇവരെയൊക്കെ ജയിലിലടക്കാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കേരളത്തിലെ മുഴുവൻ ജയിലുകളും മതിയാവില്ല.

കെ പി സി സി അംഗമായ അഡ്വ. സി കെ ശ്രീധരനെ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ച നടപടി അസാധാരണമാണ്. കള്ള കേസിൽ കുടുക്കി ജയിലിലടച്ച പി ജയരാജൻ ഒരിക്കലും ജാമ്യത്തിലിറങ്ങികൂട എന്ന ദുഷ്ട ചിന്തയാണ് ഇതിന് പിന്നിൽ. സാധാരണഗതിയിൽ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കേസിന്റെ വിചാരണ വേളയിലാണ് നിയമിക്കപ്പെടാറ്. ഈ കേസിൽ ഇതിനകം 37 പ്രതികളെ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് ഹാജരാക്കുകയും ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്. അവർക്ക് വേണ്ടി ജാമ്യ ഹർജി സമർപ്പിച്ചപ്പോൾ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി സി കെ ശ്രീധരന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. പി ജയരാജനോട് തുടർച്ചയായി നീതി നിഷേധമാണ് കാട്ടുന്നത്. ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി പ്രതിയാക്കുന്നു. അറസ്റ്റ് ചെയ്യുന്നു. അറസ്റ്റ് എന്തിനാണെന്ന് ചോദിച്ചാൽ പോലും രഹസ്യമാക്കി വെക്കുന്നു. റിമാന്റ് റിപ്പോർട്ടിന്റെ കോപ്പിയും സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട നിയമനവും ജയരാജന്റെ അഭിഭാഷകന് നൽകുന്നില്ല. ജമിസ്‌ട്രേറ്റിന് പോലും നീതി നിഷേധത്തെ കുറിച്ച് ഓപ്പൺ കോടതിയിൽ പറയേണ്ടി വന്നു.

 

സി പി ഐ (എം)നു നേരെ നടത്തുന്ന ജനാധിപത്യ അവകാശ നിഷേധത്തിനും പോലീസ് ഭീകരതക്കുമെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ട്  വരണമെന്നും സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.