കണ്ണൂർ : യു ഡി എഫ് സർക്കാരിന്റെ ഗൂഡാലോചനയുടെ ഭാഗമായി രാഷ്ട്രീയ പ്രേരിതമായി കൊലകേസിൽ പ്രതിചേർത്ത് സി പി ഐ (എം) ജില്ല സെക്രട്ടറി സ: പി ജയരാജനെ ജയിലിലടച്ച നടപടിയിൽ സി പി ഐ (എം) ജില്ല കമ്മിറ്റി ശക്തമായ അമർഷവും പ്രതിഷേധവും രേഖപ്പെടുത്തി.

 

ജില്ലയിൽ സി പി ഐ (എം) നെ തകർക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഈ സംഭവം. യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആഭ്യന്തര വകുപ്പിനെ ഉപയോഗിച്ച് സി പി ഐ (എം) നെ കൊലപാതകികളുടെ പാർടിയായി ചിത്രീകരിക്കാനും സി പി ഐ (എം) പ്രവർത്തകരെ കള്ളകേസിൽ കുടുക്കാനുമുള്ള ഹീനമായ ശ്രമങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. ടി പി ചന്ദ്രശേഖരൻ വധം, ഫസൽ വധം എന്നീ കേസുകളിൽ സി പി ഐ (എം)  നേതാക്കളെയുൾപ്പെടെ പ്രതിചേർത്തനിനു ശേഷം അതേ നിലപാടിൽ തന്നെ കൊലകേസിലും സി പി ഐ (എം) നേതാക്കളെ പ്രതിചേർക്കാൻ നാളിതുവരെ കേട്ടുകേൾവിയില്ലാത്ത വൃത്തികെട്ട അടവുകളാണ് ജില്ലയിലെ പോലീസ് മേധാവികളുടെ മുൻകൈയോടെ അരങ്ങേറിയത്. ഡി വൈ എസ് പി സുകുമാരന്റെ നേതൃത്വത്തിൽ നടന്ന നിഷ്ഠൂരമായ ലോക്കപ്പ് മർദ്ദനവും പാർടി നേതാക്കളെ പലവട്ടം ചോദ്യം ചെയ്യുന്നതിനാണെന്ന നിലയിൽ അപമാനിച്ച സന്ദർഭങ്ങളുമെല്ലാം പോലീസ് വകുപ്പ് യു ഡി എഫിന്റെ താളത്തിന് തുള്ളുന്ന ഏറാൻമൂളികളുടെ നിലയിലേക്ക് തരം താണതിന്റെ ദൃഷ്ടാന്തങ്ങളാണ്. എം എൽ എയുടെ പോലും ഫോൺ ചോർത്തിയും എസ് പി തന്നെ നിയമവിരുദ്ധമായി പത്രക്കാർക്ക് വിവരം ചോർത്തി നൽകിയതുമെല്ലാം കേരളത്തിലെ പോലീസ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഈ പൊറാട്ട് നാടകത്തിന്റെ അവസാന ഇനമായാണ് യാതൊരു തെളിവുമില്ലാതെ ലീഗ് ക്രിമിനലുകളുടെ വധ ശ്രമത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട സ: പി ജയരാജനെ വധശ്രമ കേസിൽ പ്രതിയാക്കിയ സംഭവം. തികച്ചും തെറ്റായ ഈ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് പോലീസിനെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കുന്ന നടപടിക്കെതിരെയും സ: പി ജയരാജനെ കള്ളകേസിൽ കുടുക്കിയതിൽ പ്രതിഷേധിച്ചും സംസ്ഥാന വ്യാപകമായി നാളെ നടക്കുന്ന ഹർത്താൽ ജില്ലയിൽ വിജയിപ്പിക്കാൻ സി പി ഐ (എം) മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ. ഇരുചക്ര വാഹനമടക്കമുള്ള എല്ലാ വാഹനങ്ങളും റോഡിലിറക്കാതെയും കട-കമ്പോളങ്ങൾ അടച്ചും തൊഴിലാളികൾ പണിമുടക്കിയും ഹർത്താലുമായി സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.