കണ്ണൂർ: കണ്ണൂർ ജില്ലയിൽ പോലീസ് കാണിച്ചു കൊണ്ടിരിക്കുന്ന കാടത്തം അവസാനിപ്പിക്കണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സാമാന്യ മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് സമീപകാലത്തായി പോലീസ് പെരുമാറിക്കൊണ്ടിരിക്കുന്നത്. ജനകീയ പ്രശ്‌നങ്ങൾ ഉന്നയിച്ച് പ്രക്ഷോഭങ്ങൾ അനുവദിക്കില്ലെന്നും, പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെ പോലീസിനെ കയറൂരി വിട്ട് അടിച്ചമർത്താമെന്നുമുള്ള പരസ്യപ്രഖ്യാപനമാണ് ജില്ലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പോലീസ് വേട്ട. ഭ്രാന്തിളകിയ ആഭ്യന്തരവകുപ്പിന്റെ കടികൊണ്ട നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ പ്രവർത്തകരായ ബ്ലോക്ക് സെക്രട്ടറി സി വി ദീപ്, വെള്ളൂർ സെൻട്രൽ വില്ലേജ് കമ്മിറ്റി അംഗം പി ഗിരീഷ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ ബിജു എന്നിവരുടെ വീടുകളിൽ കയറി പോലീസ് അഴിച്ചുവിട്ട ഭീകരതാണ്ഡവം. കാർഷികവിളകളാകെ വെട്ടിനശിപ്പിക്കുകയും, കുടിവെള്ള പൈപ്പുകൾ തകർത്തും, കിണറുകൾ മലിനമാക്കിയും പോലീസ് നടത്തി.യ നടപടികൾ പരിഷ്‌കൃതസമൂഹത്തെയാകെ ലജ്ജിപ്പിക്കുന്നതാണ്. നി.യമപാലകരായ പോലീസ് തനിഗുണ്ടകളെ പോലെയാണ് ഇവിടെ പെരുമാറിയത്. കൃഷി വെട്ടിനശിപ്പിക്കുവാൻ വാളുകളുമായാണ് പോലീസ് അർദ്ധരാത്രി റെയിഡിനിറങ്ങുന്നത്. പോലീസിന് എന്നു മുതലാണ് വാളുകൾ ആയുധമാക്കി നൽകിയത് എന്ന് അധികൃതർ വ്യക്തമാക്കണം. രാഷ്ട്രീയ സംഘർഷത്തിന്റെ സന്ദർഭത്തിൽ എതിരാളികൾ പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാണ് അർദ്ധരാത്രിയിൽ തനിക്രിമനലുകളെ പോലെ പോലീസ് നടത്തയിട്ടുള്ളത്. ഇത് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതാണ്. ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകാൻ സ്വയം സംഘടിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇത് വഴി സംജാതമാകുന്നത്. ഈ പരിതസ്ഥിതിയിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഗുണ്ടാപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ജനങ്ങളുടെ നേരെ പോലീസ് നടത്തുന്ന കയ്യേറ്റങ്ങൾ അവസാനിപ്പിക്കണമെന്നും സി പി ഐ (എം) ആവശ്യപ്പെടുന്നു.