കണ്ണൂർ :ജില്ലയിൽ ഇപ്പോഴുണ്ടായിട്ടുള്ള ക്രമസമാധാന പ്രശ്‌നങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനും പോലീസിനുമാണ്. സി പി ഐ (എം) നേതാക്കളെ കള്ളക്കേസുകളിൽ പെടുത്തുന്നതിന് ബോധപൂർവ്വവും ആസൂത്രിതവും വഴിവിട്ടതുമായ നീക്കങ്ങളാണ് ജില്ലയിലെ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ജില്ലയിലുടനീളം പോലീസ് ഭീകരതയാണ് നടമാടുന്നത്. അർദ്ധരാത്രി വീടുകളിൽ കയറിച്ചെന്ന് കൃഷി നശിപ്പിക്കാനും കിണറുകൾ മലിനപ്പെടുത്താനും കടകൾ തകർക്കാനും, ഷെൽട്ടറുകൾ പൊളിക്കുന്നതടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പോലീസിന് മടിയില്ല. പോലീസ് അറസ്റ്റ് ചെയ്യുന്നവരുടെ നേരെ ഹീനമായ മർദ്ദനമുറകളാണ് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. കസ്റ്റഡിയിൽ എടുക്കുന്നവരെയെല്ലാം മർദ്ദിക്കുകയും മർദ്ദനമേറ്റ് അവശരായവരെപ്പോലും ചികിത്സിക്കാതിരിക്കുകയുമാണ് പോലീസ് ചെയ്യുന്നത്. മർദ്ദനം നടന്ന വിവരം കോടതിയിൽ വെളിപ്പെടുത്താതിരിക്കാൻ രാത്രി വളരെ വൈകിയാണ് കസ്റ്റഡിയിൽ എടുത്തവരെ മജിസ്റ്റ്രേട്ടിന്റെ വീട്ടിൽ കൊണ്ടുപോയി ഹാജരാക്കുന്നത്. ബേങ്കിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് വികലാംഗനെപ്പോലും കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നു. കോ: ഓപ്പറേറ്റീവ് പ്രസ്സിന്റെ സ്റ്റോറിൽ കയറി സ്റ്റോർ പൂട്ടിച്ച് ജീവനക്കാരനെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള  പോലീസ് ഭീകരതയാണ് ജില്ലയിൽ അരങ്ങേറുന്നത്. കണ്ണൂർ ജില്ലയിൽ നിരോധനാജ്ഞയുടെ മറവിൽ രക്തസാക്ഷി ദിനാചരണങ്ങളും, നേതാക്കളുടെ അനുസ്മരണ പരിപാടികളും സംഘടിപ്പിക്കുന്നതിന് പോലും പോലീസ് അനുമതി നിഷേധിക്കുകയാണ്. സി പി ഐ (എം) ന്റെയും, ഡിവൈഎഫ് യുടെയും ജനകീയ പ്രശ്‌നങ്ങൾ ഉയർത്തിയുള്ള പ്രചരണ ജാഥകൾക്ക് അനുമതി നിഷേധിക്കാനുള്ള നീക്കവും നടക്കുന്നു.

സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ, ടി വി രാജേഷ് എം എൽ എ യേയും ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അരിയിൽ വെച്ച് അക്രമിച്ചതിനെ തുടർന്ന് ജില്ലയിൽ ഉണ്ടായ അതീവ ഗുരുതരമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പങ്കെടുത്തുകൊണ്ട് സമാധാന യോഗം വിളിച്ച് ചേർക്കണമെന്ന് സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടതാണ്. ജില്ലയിലെ എം എൽ എ മാർ ഇതേ ആവശ്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. 6 മാസമായിട്ടും അത്തരം ഒരു സമാധാനയോഗം വിളിക്കാൻ മുഖ്യമന്ത്രി ഇനിയും തയ്യാറായിട്ടില്ല. സർക്കാരിന് ജില്ലയിൽ സമാധാനം ഉണ്ടാക്കാൻ താൽപര്യമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഈ സാഹചര്യത്തിൽ പതിവുപോലെ യോഗം ചേർന്ന് തീരുമാനമെടുത്ത് യാതൊരു ഫലവും ചെയ്യാത്ത അവസ്ഥാവിശേഷം സൃഷ്ടിക്കുന്നതിന് സി പി ഐ (എം) തയ്യാറല്ല. ജില്ലയിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും പോലീസിനെ നിലയ്ക്ക് നിർത്തുന്നതിനും ഗവൺമെന്റ് തയ്യാറാവണമെന്ന് സി പി  ഐ (എം) ആവശ്യപ്പെടുന്നു.

 

ഇത്തരം ഒരു സാഹചര്യത്തിൽ നടത്തുന്ന സമാധാനയോഗം തികച്ചും പ്രഹസനമാണ്. പോലീസിനെ ഉപയോഗിച്ച് സി പി ഐ (എം) നെ തകർക്കാനുള്ള ആസൂത്രിതനീക്കമാണ് യുഡിഎഫ് നടത്തികൊണ്ടിരിക്കുന്നത്. അതുകൊണ്ട് സമാധാനയോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് സി പി ഐ (എം) തീരുമാനിക്കുന്നു.