ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി അവർകൾക്ക് ജെയിംസ് മാത്യു എം.എൽ.എ, കെ.കെ.നാരായണൻ എം.എൽ.എ, ടി.വി.രാജേഷ്.എം.എൽ.എ, സി.കൃഷ്ണൻ എം.എൽ. എ, എന്നിവർ സമർപ്പിക്കുന്ന നിവേദനം :

സർ,

          അങ്ങയുടെ  നേത്യത്വത്തിലുള്ള  ഗവൺമെന്റ് അധിക്കാരത്തിൽ വന്നതിനു ശേഷം സി.പി.ഐ(എം) നുഏറെ സ്വാധീനമുള്ള പട്ടുവം,പരിയാരം പഞ്ചായത്തുകളിൽ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ആക്രമസംഭവങ്ങളാണ് ഈ നിവേദത്തി നു  ആധാരമായിട്ടുള്ളത്. ഇക്കാലയളവിൽ  സി.പി.ഐ (എം) അനുഭാവികൾക്കും, പ്രവർ ത്തകർക്കും, അവരുടെ കുടുംബാഗങ്ങൾക്കും, സ്ഥാപര ജംഗമവസ്തുക്കൾക്കു മെതിരെ കടുത്ത രുപത്തിലുള്ള ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ സി പി എം സഹയാത്രികർക്ക്  സ്വന്തം വീടുകളിൽ പ്രവേശിക്കുവാനോ  അന്തിയുറങ്ങാനോ കഴിയാതെ ജനിച്ച മണ്ണ്  ഉപേക്ഷിച്ചിട്ട് പോകേണ്ട ഗതികേടിലാണ്. എന്നാൽ  ഇത്തരം കാര്യങ്ങൾ  ഒന്നും തന്നെ നിഷ്പക്ഷമായി മനസ്സിലാക്കുന്നതിനോ, പ്രചരിപ്പിക്കുന്നതിനോ നമ്മുടെ  മാദ്ധ്യമങ്ങൾ ശ്രമിക്കാത്തതിന്റെ  ഫലമായി അങ്ങുപോലും  യഥാർത്ഥ വസ്തുതകൾ  മനസ്സിലാക്കിയിട്ടുണ്ടാക്കില്ലെന്ന  ഉത്തമ ബോധ്യത്തിലാണ് ഞങ്ങൾ  ജനപ്രതിനിധികൾ ഇക്കാര്യം അങ്ങയുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിനു ഉദ്ദേശിച്ചിട്ടുള്ളത്.

പട്ടുവം:

          പട്ടുവത്തെ  അരിയിൽ  ലീഗ് ഭൂരിപക്ഷപ്രദേശമാണ്. സി പി എം നേത്യത്വം കൊടുക്കുന്ന മുന്നണിയാണ്  പഞ്ചായത്ത്  ഭരിക്കുന്നത്. നല്ല  മതസൗഹാർദ്ദത്തോടുക്കൂടി  സഹവർത്തിച്ചുവരുന്ന ജനങ്ങൾ  ആയിരുന്നു ഈ  പ്രദേശത്ത്  ഉണ്ടായിരുന്നത്.  അങ്ങയുടെ  ഗവൺമെന്റെ ്  അധികാരം ഏറ്റെടുത്തതിന്റെ   ആഹ്ലാദ   പ്രകടനത്തിന്റെ   ഭാഗമായിട്ടാണ്  ഈ  പ്രദേശത്ത്   പ്രശ്‌നങ്ങൾ ആരംഭിക്കുന്നത ്. ആഹ്ലാദ  പ്രകടനത്തിന്റെ  മറവിൽ വ്യാപകമായി  സി പി എം  കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടു. പുറത്തുനിന്നുവന്ന പ്രവർത്തകരാണ് ഈ ആക്രമണത്തിനു നേത്യത്വം കൊടുത്തത്. ഇവിടെ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കുക എന്ന ഗൂഢ ലക്ഷ്യമാണ് ഈ ആക്രമത്തിനു പിന്നിൽ ഉണ്ടായിരുന്നത്. പട്ടിക ജാതിക്കാർ മത്സ്യ വിപണനം നടത്തുന്ന ബങ്ക് കൊണ്ടുപോയി പുഴയിൽ  എറിഞ്ഞു, സി പി  എം  പ്രവർത്തകരെ ആക്രമിച്ചു. പാർട്ടി  ലോക്കൽ കമ്മറ്റി അംഗമായ രാജന്റെതടകം മൂന്ന് വീടുകൾ തകർത്തു. രാജന്റെ ഭാര്യ ജയശ്രീയെ മർദ്ദിച്ചു. തൊഴിലാളിയായ സുനിൽകുമാറിനും മർദ്ദനമേറ്റു. പട്ടുവം മുൻ പഞ്ചായത്തു വൈസ് പ്രസിഡണ്ടും അരിയിൽ ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ ചന്ദ്രൻ മാസ്റ്ററെ ചിറവക്കിൽ ബസ്സിൽ കയറി ആക്രമിച്ചു. രജിത് എന്ന പട്ടിക സമുദായ അംഗത്തെ അരിയിൽ യു പി സ്‌കൂളിനു സമീപം വച്ചു മാരകമായി വെട്ടി പരിക്കേൽപ്പിച്ചു. ഇതോടപ്പം നിരവധി വീടുകൾ ആക്രമിക്കപ്പെട്ടു. തുടർച്ചയായ ആക്രമണ പരമ്പരകളാണ് പിന്നിട് അരങ്ങേറിയത്. കാവുങ്കൽ ദേശപ്രീയ വായനശാല, പട്ടുവം സഹകരണ ബാങ്ക്, ചായക്കടകൾ, കള്ള് ഷാപ്പ് എന്നിവ അടിച്ചു തകർത്തു.

          പട്ടുവത്തിനു വെളിയിലും ഇതിന്റെ ഭാഗമായി അക്രമം നടന്നു. തളിപ്പറമ്പ് വീവേഴ്‌സ് സൊസൈറ്റി, മാന്തംക്കുണ്ടിലെ വായനശാല എന്നിവ ഇങ്ങനെ തകർക്കപ്പെട്ടവയാണ്. കല്ലുവള്ളപ്പിൽ കണ്ണൻ,നാരായണി എന്നിവരുടെ വീടുകൾ മാരകമായ ബോംബ് എറിഞ്ഞു തകർത്തു

     അരിയിൽ വായനശാല മൂനു തവണയാണ് ആക്രമിക്കപ്പെട്ടത്. 2011 നവംബർ 17 ന് ലോക്കൽ കമ്മറ്റി അംഗമായിരുന്ന ശ്രീ വി വി ചന്ദ്രനെ അരിയിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു  പോകവെ വെട്ടി പരിക്കേൽപ്പിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായ അംഗീകാരമുള്ള ആളായിരുന്നു ശ്രീ ചന്ദ്രൻ. ഈ വിധ ആക്രമണങ്ങൾക്കിരയായവരും, പാർട്ടീ ഘടകങ്ങളും ഒരോ പ്രശ്‌നത്തിനും പരാതി നൽകിയെങ്കിലും പോലിസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകാത്തത് തുടർന്നുള്ള അക്രമണങ്ങൾക്ക് പ്രചോദനമാവുകയായിരുന്നു. നേതാക്കന്മാരുടെയോ പ്രസ്ഥാനത്തിന്റെയോ നിയന്ത്രണങ്ങൾക്ക് പോലും വിധേയമാവാത്ത ക്രിമിനൽ സംഘമാണ് പലപ്പോഴും ഈ വിധ ആക്രമത്തിന ്‌നേത്യത്വം കൊടുക്കുന്നത്. ഇവരുടെ സംരക്ഷണം മുസ്ലീം ലീഗ് നേത്യത്വം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.

          2012 ജനവരി 1 മുതൽ മാത്രം തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ഈ പ്രദേശത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസ്സുകളുടെ എണ്ണവും ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടിയുടെയും താഴെ കൊടുത്ത വിവരം പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകുന്നതാണ.്

1. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിനെതിരെ റജിസ്റ്റർ ചെയ്ത കേസ്സ് 28 എണ്ണം

2.ഈ കേസ്സുകളിൽ ഉൾപ്പെട്ട ലീഗ് പ്രവർത്തകരുടെ എണ്ണം 531

3.ഇതിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ 57

4.ജാമ്യം അനുവദിക്കാവുന്ന കുറ്റം ചുമത്തിയത് 16

5.ജാമ്യം അനുവദിക്കാത്ത കുറ്റം ചുമത്തിയത് 13

6.രാഷ്ട്രീയ സംഘട്ടനത്തിന് ഇരയായ മുസ്ലീംലീഗ് പ്രവർത്തകർ 12

 

1. സി.പി.എം ന് എതിരെ റജിസ്റ്റർ ചെയ്ത കേസ്സ് 10 എണ്ണം

2.ഈ കേസ്സുകളിൽ ഉൾപ്പെട്ട സി.പി.എം പ്രവർത്തകരുടെ എണ്ണം 204

3.ഇതിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ 19

4.ജാമ്യം അനുവദിക്കാവുന്ന കുറ്റം ചുമത്തിയത് 7

5.ജാമ്യം അനുവദിക്കാത്ത കുറ്റം ചുമത്തിയത് 4

6.രാഷ്ട്രീയ സംഘട്ടനത്തിന് ഇരയായ സി.പി.എം പ്രവർത്തകർ 31

          ലീഗിന്റെതല്ലാത്ത ഒരു പതാക പോലും അരിയിൽ പ്രദേശത്ത് ഉയർന്നു പറക്കുന്നില്ല. സി. പി.എം പാർട്ടി ഓഫീസുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. സി.പി.എം പാർട്ടികോൺഗ്രസ്സിന്റെ ഭാഗമായി നടന്ന വിവിധ സമ്മേളനങ്ങളുടെ പതാകദിനങ്ങൾ അരിയിൽ, മുള്ളൂൽ,പറപ്പുൽ എന്നി പ്രദേശങ്ങളിൽ ആചരിക്കുവാൻ അനുവദിച്ചിട്ടില്ല. എന്തിനധികം കോൺഗ്രസ് പതാക ഉയർത്താൻ അനുവദിക്കാത്തതിനാൽ മുൻ ഡി സി സി പ്രസിഡണ്ട് ശ്രീ പി രാമക്യഷ്ണൻ വന്ന് പതാക ഉയർത്തേണ്ട അവസ്ഥ പോലും ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്.

          ഏറ്റവും അവസാനം പ്രശ്‌നം അതിരൂക്ഷമായി മാറുന്നത് 2012 ഫ്രെബ്രവരി 19 ന് മുതലപ്പാറ ബ്രാഞ്ച് സെക്രട്ടറി ശ്രീ കൂന്നൂൽ രാജൻ ആക്രമിക്കപ്പെട്ടതു മുതലാണ്. ദേശാഭിമാനി ഏജന്റുകൂടിയായ രാജനെ രാവിലെ 5.30 മണിക്ക് ലീഗ് ക്രിമിനൽ സംഘം അതിക്രൂരമായി ആക്രമിച്ചത് മരണത്തിൽനിന്നും ഭാഗ്യത്തിനു രക്ഷപ്പെട്ട രാജൻ അതിഗുരുതരാവസ്ഥയിൽ ചികിൽത്സയിൽ തുടരുകയാണ്. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത ഉൾപ്പെടെ പങ്കെടുത്തുകൊണ്ട് വൈകീട്ട് നടന്ന പ്രതിഷേധപ്രകടനത്തിനു നേരെ അതിരൂക്ഷമായ കല്ലേറ് നടന്നു ശ്രീ സരിത്ത് എന്നയാളിനു മാരകമായി പരിക്കേറ്റു. ഗോപാലൻ എന്നയാളിന്റെ ചായക്കട, മകൻ ഉമേഷിന്റെ വീട് എന്നിവയടക്കം അന്നേദിവസം നാലു തുടർ അക്രമങ്ങൾ നടന്നു. ഈ അക്രമസംഭവങ്ങൾ അരങ്ങേറിയ പ്രദേശം സന്ദർശിക്കുന്നതിനാണ് സി.പി.എം ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയുമായ ശ്രീ പി.ജയരാജനും, ടി.വി.രാജേഷ് എം.എൽ.എ എന്നിവർ ഫ്രെബവരി 20ന് അരിയിൽ പ്രദേശത്ത് എത്തിയത് ലീഗ് അക്രമണത്തെക്കുറിച്ച് 19ന് രാത്രി തന്നെ ശ്രീ ജയരാജൻ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കൂടാതെ ലീഗ് ജില്ലാ പ്രസിഡണ്ട് ശ്രീ അബ്ദുൾ ഖാദർ മൗലവിയെ ബന്ധപ്പെട്ട് പ്രദേശത്തെ അക്രമത്തിനു നേത്യത്വം കൊടുക്കുന്ന പ്രവർത്തകരെ നിയന്ത്രിക്കണമെന്നും സമാധാനം സ്ഥാപിക്കാൻ ഇടപെടണമെന്നും അഭ്യർത്ഥിക്കുകയും  ചെയ്തിരുന്നു. എന്നാൽ അക്രമം ആവർത്തിക്കാതിരിക്കാൻ യാതൊരു നടപടിയും സ്വീകരിക്കപ്പെട്ടില്ല. ഇവർ യാത്രചെയ്ത വാഹനങ്ങൾ നൂറോളം ലീഗ് പ്രവർത്തകർ ആയുധങ്ങളുമായി ആക്രമിച്ചു. അത്ഭുതകരമായിട്ടാണ് ശ്രീ ജയരാജനും, രാജേഷും രക്ഷപ്പെട്ടത്. ഇവർക്ക് പുറമെ പാർട്ടി ഏരിയകമ്മറ്റി അംഗം കെ.ബാലക്യഷ്ണനും, എ. രാജേഷ്, ദേശാഭിമാനി റിപ്പോർട്ടർ രാജീവൻ എന്നിവർക്കും പരിക്കേറ്റു. തികച്ചും ഏകപക്ഷീയമായിട്ടായിരുന്നു ഈ അക്രമം. സംഭവ സ്ഥലം സന്ദർശിക്കാൻ എത്തിയപ്പോൾ ആ പ്രദേശത്ത് ഒരു പോലീസുകാരൻ പോലൂം ഉണ്ടായിരുന്നില്ല തളിപ്പറമ്പ പോലീസ് പോലും അരിയിൽ എന്ന ലീഗ് താവളത്തിൽ പോകാൻ ഭയപ്പെടുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. അരിയിൽ, പട്ടുവം എന്നിവിടങ്ങളിൽ കിരാതമായ അക്രമസംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്. അരിയിൽ തില്ലേരി മോഹനൻ എന്നയാൾ പ്രതേകിച്ച് രാഷ്ട്രീയ പ്രവർത്തനമൊന്നുമില്ലാത്ത കാർപെന്ററി തൊഴിലാളിയാണ്.  ഇയാളുടെ വീട് തകർക്കുകയും, ഭാര്യ, മകൻ എന്നിവരെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. മോഹനനെ വീട്ടിൽനിന്നും ദൂരെ എടുത്തുകൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചു 40 ദിവസം പരിയാരം മെഡിക്കൽ കോളേജിൽ കഇഡൽ കിടന്നു. ടിയാന് ഇപ്പോഴും ഓർമ്മ ശക്തി വീണ്ടെടുക്കാനായില്ല     

          പാർട്ടി അനുഭാവിയായ രാജീവന്റെ വീട് തകർത്തു. അനുജന്റെ വീട് നിർമ്മാണത്തിനായി ബാങ്കിൽനിന്നും കടമെടുത്ത് വച്ചിരുന്ന 60000 രൂപ ഈ അക്രമികൾ കൊള്ളയടിച്ചു അന്നേദിവസം 9 വീടുകൾ അക്രമത്തിനിരയായി. പട്ടുവത്ത് മാത്രമല്ല ജില്ലയിലെ ലീഗ് ഭൂരിപക്ഷ പ്രദേശങ്ങളിലാകെ അക്രമം നടന്നു. തളിപ്പറമ്പിൽ മന്നക്കും, ഹരിഹർ ടാക്കീസിനടുത്തുമ്മുള്ള കള്ള്ഷാപ്പുകൾ തകർത്തു. ചിറവക്കിൽ അക്രമി സംഘം തമ്പടിച്ചു തങ്ങൾക്കിഷ്ടമില്ലാത്തതെല്ലാം നശിപ്പിച്ചു. മക്തബ് ദിനപത്രത്തിന്റെ ആഫീസും, പ്രസ്സും, കോഫീഹൗസ്, ക്യഷ്ണഹോട്ടൽ, ടൈലറിംഗ് ഷോപ്പ് എന്നിവയും അക്രമത്തിനിരയായി നശിച്ചു.

          പറപ്പൂലിൽ ഘകഇ ഏജന്റിന്റെ വീട്ടിൽ കയറി 2.5 പവൻ മാല മോഷ്ടിച്ചെടുത്തു. കമ്പിൽ, ഇടയന്നൂർ എന്നിവിടങ്ങളിലും അക്രമം നടന്നു. ഈ വിധ അക്രമങ്ങൾ ഒരു ഭാഗത്ത് നടന്നുകൊണ്ടിരിക്കെ കണ്ണപുരത്ത് ഒരു മുസ്ലീംലീഗ് പ്രവർത്തകൻ കൊല്ലപ്പെടുകയുണ്ടായി. ലീഗ് തീവ്രവാദമാണ് ഒരാളുടെ മരണത്തിനിടയാക്കിയതെന്ന വസ്തുത നിലനിൽക്കെ ഈ കൊലപാതകത്തിന്റെ പേരിലും അക്രമം വ്യാപിക്കാൻ പിന്നീട് ശ്രമം ഉണ്ടായത്.

          ഫെബ്രവരി 23ന് കണ്ണൂർ കലക്‌ട്രേറ്റിൽ നടന്ന സമാധാന യോഗത്തിൽ പൊതുവിൽ ഉയർന്നുവന്ന വികാരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയോ, മറ്റുമന്ത്രിമാരോ പങ്കെടുത്തുകൊണ്ട് സമാധാനയോഗം ചേരണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ഈ യോഗത്തിനുശേഷം ഒന്നര മാസം കഴിഞ്ഞിട്ടും ആ നിലയിൽ ഒരു യോഗവും ചേരുകയുണ്ടായില്ലെന്ന് മാത്രമല്ല, ഇക്കാലയളവിൽ നിരവധി തവണ മന്ത്രിസഭയിലെ മിക്കവാറും എല്ലാ അംഗങ്ങളും തന്നെ വിവിധ പരിപാടികൾക്കായി കണ്ണൂരിൽ വന്നു പോയിട്ടുണ്ട്. ഇപ്പോൾ ഏപ്രിൽ 9ന് കണ്ണൂരിൽ സമാധാനയോഗം വിളിച്ചതായി വിവരം ലഭിച്ചപ്പോൾ സ്വാഭാവികമായും ഞങ്ങൾ പ്രതീക്ഷിച്ചത് അങ്ങ് ഉൾപ്പെടെ പങ്കെടുത്തുകൊണ്ട് യോഗം ചേരുമെന്നാണ്. എന്നാൽ എല്ലാ മാസവും ചേരുന്നയോഗം മാത്രമാണിതെന്ന് പിന്നീടാണ് മനസ്സിലായത്. കണ്ണൂരിലെ സമാധാനപരമായ രാഷ്ട്രിയ അന്തീക്ഷത്തിനു ജില്ലാ ഭരണകൂടത്തെ ഫലപ്രതമായി സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ടത്. എന്നാൽ അത്തരം ഒരു നിലപാട് നിർഭാഗ്യകരമെന്ന്പറയട്ടെ അങ്ങയുടെ സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.

        സമാധാന യോഗ തീരുമാനത്തിന് ശേഷവും ലീഗ് നേത്യത്വത്തിൽ നിരവധി അക്രമസംഭവങ്ങൾ ഉണ്ടായി. അതിന് മേൽപറഞ്ഞ മക്തബ് പ്രസ്സ്, ടൈലറിഗ് ഷോപ്പിന് നേരെയും നടന്ന തീവെപ്പ് സംഭവത്തിൽ പോലീസിന്റെ പിടിയിലായ രണ്ട് ലീഗ് പ്രവർത്തകൻമാരിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭ്യമായത്. മുസ്ലീങ്ങൾ നടത്തുന്ന തളിപ്പറമ്പിലെ വസ്ത്ര വ്യാപാര കടകൾ കത്തിക്കാനായിരുന്നു അവർ ആസൂത്രണം ചെയ്തത്, രാഷ്ട്രീയ സംഘർഷത്തെ മത കലാപമാക്കി മാറ്റാൻ നടത്തിയ ആസുത്രണമാണ് ഇവിടെ വെളിപ്പെട്ടത്. പട്ടുവം, ജില്ലയിലെ മറ്റ് മേഖലകളിലും ബസ്സുകൾക്ക് നേരെ കടുത്ത അക്രമണമാണ് നടത്തിയത് അതിന്റെ ഭാഗമായി ബസ്സ് മുതലാളിമാർ അക്രമത്തിനെതിരെ ബസ്സോട്ടം നിർത്തി ഹർത്താൽ ആചരിക്കുകയും ചെയ്യുകയുണ്ടായി.

          സി.പി.എം അനുഭാവികൾകാർക്കും വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്താസ്ഥിതിയാണ്. താഴെ പേരെഴുതിയിരിക്കുന്ന 5 കുടുംബങ്ങൾക്ക് തങ്ങൾ ജനിച്ചു വളർന്ന വീട്ടിൽ താമസിക്കാൻ കഴിയുന്നില്ല. അവരോട് സ്ഥലവും, വീടും വിറ്റ് മാറിപോകാനാണ് ലീഗ് തീവ്രവാദിസംഘം ആജ്ഞാപിച്ചിരിക്കുന്നത്. ഇത് ഒരു നിലയിലും അംഗീകരിക്കാൻ കഴിയുന്നതല്ല.

1. പി. ദമയന്തിയും കുടുംബവും

2. എം.വി ചിയ്യയിക്കുട്ടിയും കുടുംബവും

3. പി. ജാനകിയും കുടുംബവും

4. വി. മോഹനനും കുടുംബവും

5. തോട്ടത്തിൽ നാരായണനും കുടുംബവും

          അരിയിൽ പ്രദേശത്ത് വെളിയിൽനിന്നും ഒരാൾക്ക് ബന്ധുക്കളെ സന്ദർശിക്കാൻ പോലും അനുവദിക്കുന്നില്ല. എന്നാൽ ലീഗ് പ്രവർത്തകർക്കോ, അനുഭാവികൾക്കോ ഈ വിധ പ്രയാസങ്ങളൊന്നും അനുഭവിക്കേണ്ടിവന്നിട്ടില്ല.. സി.പി.എം പ്രകടിപ്പിച്ച സംയമനമാണ് ഇതിനു ആധാരം. എന്നാൽ ദിനം പ്രതി എന്നോണം വ്യാപകമായ കള്ളപ്രചാരവേലയാണ് ഒരുകൂട്ടം മാദ്ധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്നത്. കൂടാതെ മതവർഗ്ഗീയത ഇളക്കിവിടുന്നതിനു ആരാധനാലയങ്ങളെപ്പോലും ഇതിന്റെ വേദിയാക്കുന്നതിനു നേത്യത്വം ശ്രമിക്കുന്നു. രാഷ്ട്രീയസംഘർഷത്തിൽപ്പെട്ടവരെ സഹായിക്കാൻ എന്ന പേരിൽ പള്ളികിളിൽ നിയമ വിരുദ്ധമായി പണപ്പിരിവ് നടത്തുന്നു. നാടിനെയാകെ വർഗ്ഗിയവത്ക്കരിക്കാനാണ് ഇതിലൂടെ ഒരുവിഭാഗം ലീഗ് തീവ്രവാദികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് 

          ഈയൊരു സ്ഥിതിവിശേഷം തളിപ്പറമ്പ് താലൂക്കിൽ വിശേഷിച്ചും, ജില്ലയിൽ പൊതുവായും നിലനിൽക്കുന്നു. ഈ വിഷയത്തിൽ അങ്ങ് അടിയന്തിരമായി ഇടപെട്ട് ഉത്തരവാദപ്പെട്ട എല്ലാവരേയും അങ്ങയുടെ സാന്നിദ്ധ്യത്തിൽ വിളിച്ചു ചേർത്ത് ജില്ലയിൽ ശാശ്വത സമാധാനം നിലനിർത്താൻ ആവശ്യമായ തീരുമാനം കൈക്കൊള്ളുന്നതോടൊപ്പം സ്വന്തം സ്ഥലത്ത് താമസിക്കാനനുവദിക്കാതെ ലിഗ് തീവ്രവാദികൾ ആട്ടിയോടിച്ച 5 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും, ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുന്ന രാജനെയും, മോഹനനെയും സന്ദർശിക്കാനും സൻമനസ്സ് കാണിക്കണമെന്ന്  അഭ്യർത്ഥിക്കുന്നു.

                                     

                                                വിശ്വസ്തതയോടെ,

                                                1.  ജെയിംസ് മാത്യു എം.എൽ.എ

                                                2.  കെ.കെ.നാരായണൻ എം.എൽ.എ

                                                3.  ടി.വി.രാജേഷ്.എം.എൽ.എ

 

                                                4.  സി.കൃഷ്ണൻ എം.എൽ. എ