കണ്ണൂർ: വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ സി പി ഐ (എം) നും പാർട്ടി നേതാക്കൾക്കുമെതിരെ യക്ഷികഥകൾ മെനയുന്ന ക്രിമിനലുകളെ ഒറ്റപ്പെടുത്താൻ ജനാധിപത്യ വിശ്വാസികൾ മുന്നോട്ട് വരണമെന്ന് സി പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. ആത്മഹത്യകളെയും, അപകടമരണങ്ങളെയും പോലും സി പി ഐ (എം) നെതിരെ പ്രചരണായുധമാക്കുന്നത് അങ്ങേയറ്റം അപകടകരമായ നീക്കമാണ്. ഉന്നതതലങ്ങളിൽ ഗൂഢാലോചന നടത്തി കള്ളപ്പരാതികൾ തയ്യാറാക്കി പാർട്ടിയെയും പാർട്ടി നേതൃത്വത്തെയും കടന്നാക്രമിക്കുന്ന നീക്കങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതത്തിനിടയാക്കും.

2003 ആഗസ്ത് 11 ന് റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ട സജീവന്റെ മരണം ആത്മഹത്യയാണെന്ന് അന്നേ വ്യക്തമായതാണ്. അടുത്ത ബന്ധുക്കളുടെയും, നാട്ടുകാരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കി ആത്മഹത്യയെന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച സംഭവം പാർട്ടിയുടെ ചുമലിൽ കെട്ടിവെക്കാനുള്ള നീക്കമാണ് കഴിഞ്ഞ ദിവസം നടന്നത്. ജയകൃഷ്ണൻ വധകേസിൽ ആർ എസ് എസുകാർ കോടതിയിൽ പറഞ്ഞ കള്ളസാക്ഷി മൊഴിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സജീവനെ പ്രതിചേർത്തതും ആർ എസ് എസ് നിർദ്ദേശപ്രകാരം ആയിരുന്നു. എൻ ഡി എഫ് ക്രിമിനലുകൾ കൊലപ്പെടുത്തിയ യു കെ സലീമിന്റെ രക്തസാക്ഷിത്വത്തെപോലും കളങ്കപ്പെടുത്താനുള്ള ഗൂഢപദ്ധതിയും ഇതേ ഘട്ടത്തിലാണ് നടന്നത്. ഉറച്ച കോൺഗ്രസ് അനുഭാവിയായ സലീമിന്റെ ഉപ്പയെ കൊണ്ട് കള്ളപ്പരാതി കൊടുപ്പിക്കുക വഴി കൊലക്കുത്തരവാദികളായ എൻ ഡി എഫ് ക്രിമിനലുകൾക്ക് രക്ഷപ്പെടാനുള്ള അവസരമാണ് ഒരുക്കിക്കൊടുക്കുന്നത്.

ലീഗും, ബി ജെ പി യും, കോൺഗ്രസ്സുമെല്ലാം സി പി ഐ (എം) ന് എതിരായി നടത്തുന്ന ഗൂഢാലോചനയുടെ തുടർച്ചയാണ് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം എം പ്രകാശൻ മാസ്റ്ററുടെ മകളുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന പ്രചരണങ്ങൾ. 6 വർഷങ്ങൾക്ക് മുമ്പ് നടന്ന അതിദാരുണമായ മരണത്തെപ്പോലും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ഹീനവും, നികൃഷ്ടവുമായ നീക്കമാണ്.

പ്രകാശൻ മാസ്റ്ററുടെ മകൾ വന്ദന ജീവിതത്തിലൊരിക്കലും കണ്ടിരിക്കാനിടയില്ലാത്ത ഒരാളുമായി ബന്ധപ്പെടുത്തി ഇപ്പോൾ വാർത്ത പ്രചരിപ്പിക്കുന്നവർ അധമബോധത്തിന് അടിപ്പെട്ടവരാണ്. ദാരുണമായി മരണപ്പെട്ട് 6 വർഷം കഴിഞ്ഞതിന് ശേഷം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതിന്റെ പിന്നിലെ ഗൂഢലക്ഷ്യം വ്യക്തമാണ്. ആർ എസ് എസ് ക്രിമിനലുകൾ വെട്ടിക്കൊലപ്പെടുത്തിയ ധനേഷിന്റെ കൊലയാളികളെ രക്ഷപ്പെടുത്തുക എന്ന ഗൂഢലക്ഷ്യവും ഇപ്പോൾ പ്രചരിപ്പിക്കുന്ന കഥയ്ക്ക് പിന്നിലുണ്ട്.

ചാലാട്ടെ സജീർ മരിച്ചത് ബൈക്ക് അപകടത്തിലാണ് എന്ന് ഉമ്മൻചാണ്ടിയുടെ തന്നെ പോലീസ് അന്വേഷിച്ച് കണ്ടെത്തിയതാണ്. അതിനെ കൊലപാതകമാക്കാനും ഉത്തരവാദിത്വം സി പി ഐ (എം) ന്റെ ചുമലിൽ കെട്ടിവെക്കാനും അന്നേ നീക്കം നടന്നിരുന്നു. അപകട മരണവും ആത്മഹത്യയും, ആർ എസ് എസ് കൊലപാതകം ഉൾപ്പെടെയുള്ള സംഭവങ്ങളാകെ ബന്ധപ്പെടുത്തി കള്ളപ്പരാതി നൽകിയതിന്റെ പിന്നിലും അത് മാധ്യമ വാർത്തയാക്കിയതിന്റെ പിന്നിലും ലീഗിന്റെ ക്രിമിനൽ മനസ്സുള്ള സ്ഥലം എം എൽ എ ആണ്. ജില്ലയിൽ ലീഗ് അണികളിൽ തീവ്രവാദം വിളമ്പുന്ന ഇയാളുടെ താലിബാൻ ക്രിമിനൽ ബുദ്ധിയിൽ രൂപ്പപെട്ട ഹീനതന്ത്രമാണ് കഴിഞ്ഞ ദിവസം നടന്ന ക്രൂരമായ വ്യാജ പ്രചരണം. അഴീക്കോട് മണ്ഡലത്തെ പച്ച പുതപ്പിക്കുമെന്ന് പ്രഖ്യാപിച്ച് അധമനീക്കം നടത്തുന്ന ലീഗ് എം എൽ എ ഇക്കാര്യത്തിന് കോൺഗ്രസിനെയും, ബി ജെപിയെയും തന്ത്രപൂർവ്വം ഉപയോഗിക്കുകയാണ്.

 

ലീഗ്-എൻ ഡി എഫ്- ആർ എസ് എസ് - കോൺഗ്രസ് കൂട്ടുകെട്ട് സി പി ഐ (എം) നെതിരെ നടത്തുന്ന ഹീനമായ ഗൂഢാലോചനയ്‌ക്കെതിരെ ജുലായ് 23 ന് ലോക്കൽ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കും. പാർട്ടിക്കെതിരായ ഗൂഢാലോചനയ്‌ക്കെതിരെ  എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് അഭ്യർത്ഥിക്കുന്നു.