കണ്ണൂർ: കണ്ണൂർ ജില്ലയിൽ തുടർച്ചയായുണ്ടായികൊണ്ടിരിക്കുന്ന മതഭ്രാന്തന്മാരുടെ അക്രമത്തിനെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം തലശ്ശേരി മത്സ്യമാർക്കറ്റിൽ യാത്രക്കാരുമായെത്തിയ ഓട്ടോ ഡ്രൈവറെ മതഭ്രാന്തന്മാർ അക്രമിക്കുകയുണ്ടായി. അർബുദരോഗം ബാധിച്ച പതിനഞ്ചുകാരിയെ ഉമ്മയോടൊപ്പം മലബാർ കാൻസർ സെന്ററിൽ കൊണ്ടുപോയി മടങ്ങുമ്പോഴാണ് ഓട്ടോ ഡ്രൈവറായ പ്രജീഷിനെ മതഭ്രാന്തന്മാരായ റൗഡികൾ അക്രമിച്ചത്.

കമ്പിൽ ടൗണിൽ ലീഗ് തീവ്രവാദികൾ ദമ്പതികളെ അക്രമിച്ച അതിക്രൂരമായ സംഭവമുണ്ടായത് ഈയിടെയാണ്. ഗർഭിണിയായ ഭാര്യയെ ഡോക്ടറെ കാണിക്കാൻ പോകുന്നിതിനിടെയാണ് അക്രമണമുണ്ടായത്.

തളിപ്പറമ്പിലെ മന്നയിലും അടുത്ത കാലത്താണ് മതഭ്രാന്തന്മാരുടെ അക്രമണമുണ്ടായത്. സഹപ്രവർത്തകയായ സ്ത്രീയോട് സംസാരിച്ചതിന്റെ പേരിലായിരുന്നു മന്നയിൽ അക്രമം നടത്തിയത്. വ്യാപകമായി നടക്കുന്ന ഇത്തരം അക്രമത്തിന്റെ പിന്നിൽ നിരോധിക്കപ്പെട്ട സിമി പ്രവർത്തകരാണ് എന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞിട്ടുള്ളത്. മുൻ സിമി പ്രവർത്തകർ കേരളത്തിലെ നാല് സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ വ്യക്തമാക്കിയത്. തുടർച്ചയായുണ്ടാകുന്ന മതപോലീസ് അക്രമങ്ങൾ യാദൃശ്ചിക സംഭവമല്ല. മതഭ്രാന്തന്മാരും തീവ്രവാദികളും നടത്തുന്ന  ആസൂത്രണനീക്കത്തിന്റെ ഭാഗമാണ് ഇത്തരം ഗുണ്ടാവിളയാട്ടങ്ങൾ.

വ്യത്യസ്ഥ മതവിഭാഗങ്ങളിലുള്ള സ്ത്രീ പുരുഷന്മാർ സംസാരിക്കുന്നതും സൗഹൃദം പങ്കിടുന്നതും വിലക്കികൊണ്ട് മത സ്പർദ്ധവളർത്തുന്നതിനുള്ള ഗൂഢലക്ഷ്യമാണ് ഇത്തരം അക്രമത്തിന് പിന്നിലുള്ളത്. കേരളത്തിൽ നിലനിൽക്കുന്ന മതേതര, മതസാഹോദര്യ പരിസരം തകർത്ത് മതഭ്രന്തിന്റെയും മതതീവ്രവാദത്തിന്റെയും മണ്ണൊരുക്കുന്നതിനുള്ള ആസൂത്രിത പദ്ധതി ഇതിന്റെ പിന്നിലുണ്ട്.

ഇത്തരം അക്രമങ്ങളെ തടയാനാവാത്തത് ആഭ്യന്തരവകുപ്പിന്റെ പരാജയമാണ്. മത പോലീസിന് മുമ്പിൽ താണുവണങ്ങേണ്ട ഗതികേടിലാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് .

 

മതപോലീസ് വിളയാട്ടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഇതിന്റെ പിന്നിലുള്ള തീവ്രവാദ ബന്ധം പുറത്തുകൊണ്ടു വരണം. മത ഭ്രാന്തന്മാർ നടത്തുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ മുസ്ലീം സമുദായത്തിലെ ഉൽപ്പതിഷ്ണുക്കളും എല്ലാ സമുദായങ്ങളിലേയും മത നിരപേക്ഷ വിശ്വാസികളും പ്രതികരിക്കണമെന്ന് സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.