കണ്ണൂർ: യുദ്ധസമാന സന്നാഹങ്ങൾ ഒരുക്കി ഭീകരത സൃഷ്ടിച്ച പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് സി പി ഐ (എം) ജില്ലാസെക്രട്ടറിയേറ്റ് വ്യക്തമാക്കി. സി പി ഐ (എം) ജില്ലാസെക്രട്ടറി  പി ജയരാജനെ രണ്ടാം തവണ പോലീസ് ചോദ്യം ചെയ്യുന്ന സമയത്ത് ഗസ്റ്റ് ഹൗസ് പരിസരമാകെ നൂറ് കണക്കിന് സായുധരായ പോലീസ് സേനയെ ഒരുക്കി നിർത്തി. ജലപീരങ്കി, ഗ്രനേഡ്, തോക്ക് ഉൾപ്പെടെയുള്ള മർദ്ദനോപകരണങ്ങളും കൊണ്ടു വന്നു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്ക്  പുറമെ എ ആർ ക്യാമ്പിലും മറ്റുമുള്ള നിരവധി പോലീസുദ്യോഗസ്ഥരും, റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ഉണ്ടായിരുന്നു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനേയും കൊണ്ടു വന്നു. ഇത് ദുരൂഹമാണ്. ഗസ്റ്റ് ഹൗസിൽ പി ജയരാജനോടൊപ്പം  ഒരു വാഹനത്തിൽ പോയ മൂന്ന് പേർ മാത്രമാണ് ഉണ്ടായത്. സി പി ഐ (എം) നിയമവിധേയമായി പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ്. ചോദ്യം ചെയ്യാൻ രണ്ടാം തവണ എത്തിച്ചേരണമെന്ന് പി  ജയരാജനോട് ആവശ്യപ്പെട്ടപ്പോൾ എത്തി ചേരുമെന്ന് രേഖാമൂലം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. ജൂൺ 12 ന് നേരത്തെ ഹാജരായിരുന്നു. ചോദ്യം ചെയ്യുമ്പോൾ എന്തിന് ഇത്രയും വലിയ യുദ്ധ സമാന സജ്ജീകരണങ്ങൾ പോലീസ് ഒരുക്കി.

ഗസ്റ്റ് ഹൗസിൽ മാത്രമല്ല, കണ്ണൂർ ടൗണിലും, തളിപ്പറമ്പിലും, മാങ്ങാട്ടും, പുതിയതെരുവിലും  ദ്രുതകർമ്മ സേനയടക്കമുള്ള പോലീസ് സേനയും ജലപീരങ്കിയും ഒരുക്കിയിരുന്നു. ജില്ലയിലാകെ അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ഭീകരതയാണ് സർക്കാർ അഴിച്ചുവിട്ടത്. പോലീസിനെ കയറൂരിവിട്ടിരിക്കുകയാണ്. ഇതിനകം നിരവധി വിദ്യാർത്ഥികളെയും, യുവാക്കളെയും പോലീസ് ഭീകരമായി മർദ്ദിച്ചു. കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു. എൽ ഡി എഫ് കൺവീനർ അടക്കമുള്ള നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തി ഭീകരത സൃഷ്ടിച്ചു. ആശുപത്രികളിൽ ചികിത്സതേടിയെത്തിയവരെയും, രോഗികളെ കാണാൻ പോയവരെയും, ജയിലിൽ റിമാന്റ് ചെയ്യപ്പെട്ടവരെ സന്ദർശിക്കാൻ പോയവരെയും പോലീസ് പിടിച്ചു കൊണ്ടുപോകുന്നു. എല്ലാ നിയമവ്യവസ്ഥയെയും കാറ്റിൽ പറത്തി ഭരിക്കാമെന്നാണ് യു ഡി എഫ് വ്യാമോഹിക്കുന്നത്. കൊലക്കേസുകളിൽ പ്രതികളായ യു ഡി എഫ് നേതാക്കളെ സംരക്ഷിക്കുമ്പോൾ സി പി ഐ (എം) നെ വേട്ടയാടുകയാണ് ഉമ്മൻചാണ്ടി സർക്കാർ ചെയ്യുന്നത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധം ഉയർത്തികൊണ്ടുവരണമെന്ന്  സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.