കണ്ണൂർ: സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷിനെതിരെ ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് കേസെടുത്ത പോലീസ് നടപടിയിൽ സി പി ഐ (എം) ജില്ല സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു.

ഈ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് കെ കെ രാഗേഷിന് നോട്ടീസ് ലഭിച്ചിരുന്നു. കാൽ മുട്ടിനുള്ള അസുഖത്തിന് ചികിത്സയിലായതിനാൽ സമയം നീട്ടി കിട്ടണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലം കെ കെ രാഗേഷ് അപേക്ഷ നൽകിയിരുന്നതുമാണ്. എന്നാൽ അതിന് എപ്പോൾ ഹാജരാകണമെന്ന് യാതൊരു അറിയിപ്പും നൽകാതെയും യാതൊരു തെളിവും ഇല്ലാതെയും കെ കെ രാഗേഷിനെ കേസിൽ പ്രതിയാക്കിയിരിക്കുകയാണ്.

ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമായ ഒരു നടപടിയാണ്. ഉമ്മൻചാണ്ടി സർക്കാൻ പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ പൊതുജനമധ്യത്തിൽ അവഹേളിക്കാനുള്ള നീക്കമായി മാത്രമെ ഇതിനെ കാണാൻ കഴിയൂ. ഇത്തരം നടപടി ദൂരവ്യാപകമായ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന് സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകുന്നു.           

 

ചന്ദ്രശേഖരൻ കേസ് അന്വേഷണ സംഘം വലതുപക്ഷ മാധ്യമങ്ങളോടൊപ്പം സി പി ഐ (എം) നെതിരായി ഒരിക്കൽ കൂടി കൂട്ട് നിന്നിരിക്കുകയാണ്. അന്വേഷണ സംഘം പൂർണ്ണമായും യു ഡി എഫിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരായി ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്ന് സെക്രട്ടറിയേറ്റ്  പ്രസ്താവിച്ചു.