കണ്ണൂർ: കെ പി സി സി ജനറൽ സെക്രട്ടറിയും കണ്ണൂർ എം പിയുമായ കെ സുധാകരനെ സംബന്ധിച്ച് സുധാകരന്റെ സന്തത സഹചാരിയും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കോൺഗ്രസിന്റെ മുൻസിപ്പൽ കൗൺസിലറും ഡ്രൈവറുമായിരുന്ന പ്രശാന്ത് ബാബു നടത്തിയ വെളിപ്പെടുത്തൽ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി ഐ (എം) ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 

സി പി ഐ (എം) സംസ്ഥാന നേതാക്കളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ എന്നിവരെ കൊലപ്പെടുത്തുന്നതിന് സുധാകരന്റെ വീട്ടിൽ വെച്ച് ഗൂഡാലോചന നടത്തി എന്ന് വെളിപ്പെടുത്തിയ സാഹചര്യത്തിൽ സുധാകരനെ പ്രതി ചേർത്ത് കസ് എടുക്കണം. സുധാകരന്റെ നേതൃത്വത്തിൽ നടത്തിയ നിരവധി അക്രമ സംഭവങ്ങളെ സംബന്ധിച്ചും പ്രശാന്ത് ബാബു വെളിപ്പെടുത്തിയിരിക്കുകയാണ്.

 

സേവറി ഹോട്ടലിൽ നാണുവിനെ കൊലപ്പെടുത്തുകയും ചൊവ്വ കോ-ഓപ്പ്. ബേങ്കിലും കണ്ണൂർ കോ-ഓപ്പ്. പ്രസിലും നടന്ന അക്രമണങ്ങളും സൂധാകരൻ ആസൂത്രണം ചെയ്തതാണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. നാണുവിന്റെ കൊലപാതകത്തിൽ സുധാകരൻ നൽകിയ പേരുകളാണ് പ്രതിപട്ടികയിൽ ചേർത്തിരുന്നതെന്ന വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ നാണു കൊലക്കേസ് പുനരന്വേഷണം നടത്തണം. ഈ കേസ് സംബന്ധിച്ച് സുധാകരന്റെ പേരിൽ ഗൂഡാലോചന കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം നടത്തണം. ഡി സി സി അംഗമായ പുഷ്പരാജിനുണ്ടായ അനുഭവം ആവർത്തിക്കാതിരിക്കാൻ പ്രശാന്ത് ബാബുവിന്റെ ജീവന് സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാവണം. കെ പി സി സി നേതാവായ സുധാരനെകുറിച്ചുണ്ടായ വെളിപ്പെടുത്തലിനെകുറിച്ച് കെ പി സി സി അദ്ധ്യക്ഷനടക്കമുള്ള കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.