കണ്ണൂർ: എന്റെ എറണാകുളം സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി രാഹുൽ ആർ നായർ നടത്തിയ പ്രസ്താവന അതിരുവിടുന്നതാണ്.

വർഷങ്ങളായി എറണാകുളം അമൃത ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സക്ക് വിധേയനാണ് ഞാൻ. പ്രമുഖ കാർഡിയോളജി ഡോക്ടർ ഹരിദാസിന്റെ നേതൃത്വത്തിൽ 3 തവണ ആൻജിയോ പ്ലാസ്റ്റി നടത്തിയതും ഇവിടെയാണ്. അതിന്റെ തുടർച്ചയായിട്ടുള്ള പരിശോധനക്കാണ് ഞാൻ എറണാകുളത്ത് പോയത്. ഡോ: ഹരിദാസിന്റെ അഭാവത്തിൽ ഡോ: രാജീവ് ആണ് എന്നെ പരിശോധിച്ചത്. ഇങ്ങനെ ചികിത്സയുടെ ഭാഗമായി ഏറണാകുളത്ത് എത്തിയപ്പോൾ എന്റെ സഹപ്രവർത്തകനായ കാരായി രാജനെയും മറ്റും ജയിലിൽ സന്ദർശിക്കുകയുണ്ടായി. വസ്തുത ഇതായിരിക്കെ അന്വേഷണത്തിൽ നിന്നും ഒളിച്ചോടുന്നുവെന്ന പ്രസ്താവന ജില്ലാ പോലീസ് മേധാവിയിൽ നിന്നും ഉണ്ടായത് അങ്ങേയറ്റം നിർഭാഗ്യകരമാണ്.

 

എനിക്ക് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഒരു തവണ ഹാജരായതാണ്. രണ്ടര മണിക്കൂറിലേറെ മൊഴിയെടുത്തു.വീണ്ടും ഹാജരാവണമെന്ന് ആവശ്യപ്പെട്ടപ്പോൾ എന്റെ ശാരീരിക അസുഖം ചൂണ്ടിക്കാണിച്ചുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥന് സമയം നീട്ടികിട്ടണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ആർ എസ് എസുകാർ വെട്ടി പരിക്കേൽപ്പിച്ചതിനെ തുടർന്ന് നട്ടെല്ലിന് ഏറ്റ പരുക്കിന്റെ ഭാഗമായി അനുഭവപ്പെടുന്ന നടുവേദനക്ക് ഹൃദ്രോഗത്തിന് പുറമെ ഞാൻ ചികിത്സ നടത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് രണ്ടാമത്തെ മൊഴിയെടുക്കൽ 2 ആഴ്ച കഴിഞ്ഞാവണമെന്ന് ഞാൻ ആവശ്യപ്പെട്ടത്. ഒന്നാമത്തെ മൊഴിയെടുത്തതിനെ തുടർന്ന് അന്വേഷണം സംബന്ധിച്ച് നിർണ്ണായക വിവരം കിട്ടിയെന്ന് ഇതേ പോലീസ് മേധാവിയാണ് മാധ്യമങ്ങളോട് പറഞ്ഞത്. യു ഡി എഫ് രാഷ്ട്രീയ പ്രചാരകനായി ജില്ലാ പോലീസ് മേധാവി അധപതിക്കരുത്. തനിക്ക് അധികാരമുണ്ടെന്ന് കരുതി എന്തുമാകാമെന്ന  ജില്ലാ പോലീസ് മേധാവിയുടെ ഔദ്ധത്യം അവസാനിപ്പിക്കുക തന്നെ വേണം. 

പി. ജയരാജന്‍ (സെക്രട്ടറി, സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി)