കണ്ണൂർ:  ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് എസ് എഫ് ഐ നേതൃത്വത്തിൽ കലക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ചതിൽ സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർദ്ധനവിനെതിരെ നടത്തിയ സമരത്തെയാണ് പോലീസ് അതിക്രൂരമായി നേരിട്ടത്. സമരം ആരംഭിക്കുന്നതിന് മുന്നെ തന്നെ ജലപീരങ്കിയും ഗ്രനേഡും ലാത്തിചാർജും നടത്തി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് വിദ്യാർത്ഥികളെ പ്രകോപനമില്ലാതെ അക്രമിച്ചത്. വിദ്യാർത്ഥികളെ നാഭിക്ക് പോലും ചവിട്ടുന്ന നിലയുണ്ടായി. 25 ഓളം വിദ്യാർത്ഥികൾ പരിക്കേറ്റ് ആശുപത്രിയിലായി.

സമരം ഉൽഘാടനം ചെയ്യാൻ എത്തിയ ജില്ലാ പഞ്ചായത്ത് അംഗവും ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ പി പി ദിവ്യയെ പോലും പുരുഷ പോലീസ് അതിഭീകരമായി മർദ്ദിക്കുന്ന നിലയുണ്ടായി.

 

സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികളെ പ്രകോപനമില്ലാതെ ഭീകരമായി വേട്ടയാടുന്ന നടപടിയാണ് തിരുവഞ്ചൂരിന്റെ പോലീസ് തുടരുന്നതെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന് സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകി. പോലീസിന്റെ ഇത്തരം കിരാത നടപടിയിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.