കണ്ണൂർ:  കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസിനെ കയറൂരി വിടുന്നത് ആപൽക്കരമാണെന്ന് സിപിഐ (എം) ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. പൊലീസിന് എവിടേയും കയറിച്ചെല്ലാമെന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രഖ്യാപനം പൗരാവകാശത്തിൻമേലുള്ള കടന്നാക്രമണമാണ്.

 ജനങ്ങൾക്ക് നേരെയുള്ള ഭീഷണിയാണ് ആഭ്യന്തര മന്ത്രിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. കേസ് അന്വേഷണം എന്ന പേരിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പോലും പുരുഷ പൊലീസ് റെയ്ഡ് ചെയ്യുന്നത് വ്യാപകമാണ്. പൊലീസിന്റെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരുമെന്നാണ് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചത്. ഇത്തരം അമിതാധികാര പ്രവണതകളെ എന്തുവിലകൊടുത്തും എതിർത്ത് പരാജയപ്പെടുത്തും.

പോലീസിന്റെ അന്വേഷണ നടപടികളുമായി സഹകരിക്കുന്ന പാർടിയാണ് സിപിഐ (എം)ഇപ്പോൾ അന്വേഷിക്കുന്ന കേസുകളിൽ പൊലീസ് ആവശ്യപ്പെട്ടപ്പോൾ മൊഴികൊടുക്കാൻ സന്നദ്ധമായിട്ടുണ്ട്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമ്പോഴും പാർടി ഓഫീസുകളും വീടുകളും റെയ്ഡ് ചെയ്ത് സിപിഐ എമ്മിനോടൊപ്പമുള്ള ജനങ്ങളെ ഭീഷണിപ്പെടുത്തകയാണ് പൊലീസ് ജനങ്ങളെ അണിനിരത്തി ഇത്തരം നീക്കങ്ങളെ ചെറുക്കും.

 

പരിഷ്‌കരിച്ച പൊലീസ് നിയമ പ്രകാരം മൂന്നാംമുറ നിയമവിരുദ്ധമാണ്. അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന മർദ്ദന മുറകളാണ് തിരുവഞ്ചൂരിന്റെ ഭരണത്തിൽ പൊലീസ് നടപ്പിലാക്കുന്നത്. അടിയന്തിരാവസ്ഥയിലെ ഉരുട്ടൽ അടക്കമുള്ള മർദ്ദനമുറകൾ പുനസ്ഥാപിച്ചിരിക്കുന്നു. അത്തരം മർദന മുറകളും  പൊലീസ് അതിക്രമങ്ങളും തുടരുമെന്ന തിരുവഞ്ചുരിന്റെ പരസ്യ പ്രഖ്യാപനത്തെ എതിർത്തു പരാജയപ്പെടുത്താൻ മഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.