കണ്ണൂർ: ജില്ലയിൽ വ്യാപകമായ തോതിൽ പകർച്ചവ്യാധികൾ പടന്നു പിടിക്കുകയാണ്. ഇതിനെതിരെ ബന്ധപ്പെട്ട അധികൃതർ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മുണ്ടേരിയിലും ഇരിട്ടിയിലും കേളകത്തുമായി എച്ച് 1 എൻ 1, എലിപ്പനി, മഞ്ഞപ്പിത്തം, മലമ്പനി എന്നിവ കണ്ടെത്തിയതായി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധയെ തുടർന്ന് നിരവധി പേർ ദൈനംദിനം ആശുപത്രികളിൽ എത്തികൊണ്ടിരിക്കുകയാണ്.

മലയോര മേഖലയിൽ പ്രത്യേകിച്ച് കേളകം പോലുള്ള പ്രദേശങ്ങളിൽ വ്യാപകമായ തോതിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട് വന്നുകൊണ്ടിരിക്കുന്നു.

മാരകമായ തോതിൽ പനിയും മഞ്ഞപിത്തവും പടർന്ന് പിടിക്കുമ്പോഴും സർക്കാർ ആശുപത്രികളിൽ മിക്കയിടത്തും ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത സ്ഥിതിയാണുള്ളത്. ജില്ലാ ആശുപത്രിയിൽ പോലും വേണ്ടത്ര ഡോക്ടർമാരില്ലാത്തതിനാൽ പാവപ്പെട്ട രോഗികൾക്ക് പോലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.

നൂറിലധികം ഡോക്ടർമാരുടെ ഒഴിവ് ജില്ലയിലെ സർക്കാർ ആശുപത്രികളിലുണ്ട്. ഇത്തരം ആശുപത്രികളിൽ ഡോക്ടർമാരെ അടിയന്തിരമായി നിയമിക്കാനും മലയോര മേഖലയിൽ മഞ്ഞപിത്തമടക്കം പടരുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ വിദഗ്ദ സംഘത്തെ അയക്കാനും സർക്കാർ തയ്യാറാവണം.

 

ശുചീകരണ പ്രവർത്തനങ്ങൾക്കും ബോധവൽക്കരണത്തിനും സർക്കാർ മുൻകൈയെടുക്കാത്തിന്റെ ഫലമായാണ് ഇത്തരം രോഗങ്ങൾ വ്യാപകമാവുന്നത്. ഇക്കാര്യത്തിൽ സർക്കാരും ആരോഗ്യ മന്ത്രിയും ജില്ലാ ഭരണകൂടവും അടിയന്തിര നടപടി സ്വീകരിക്കണമെന്നും പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.